അഗര്‍ത്തല: ത്രിപുര പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക ഓണ്‍ലൈനായി നല്‍കാന്‍ അനുവദിക്കണമെന്ന് സി.പി.ഐ.എമ്മും കോണ്‍ഗ്രസും. ഇരു പാര്‍ട്ടികളുടെയും പ്രതിനിധി സംഘമാണ് ആവശ്യം ഉന്നയിച്ചത്.
തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധ്യതയുള്ള പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ എന്‍.ഡി.എ അനുകൂല ഗ്രൂപ്പുകളുടെ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ഇരു പാര്‍ട്ടികളും പ്രസ്തുത ആവശ്യവുമായി മുന്നോട്ട് വന്നത്.
മുതിര്‍ന്ന സി.പി.ഐ.എം നേതാവ് പബിത്ര കര്‍, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ആശിഷ് കുമാര്‍ സാഹ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
‘സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരം മൂലം ഭരണകക്ഷി അരക്ഷിതാവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അനുവദിക്കുന്നതിനായി ഞങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഒരു മെമ്മോറാണ്ടം സമര്‍പ്പിച്ചു,’ പ്രതിനിധി സംഘത്തിലെ ഒരു നേതാവ് പ്രതികരിച്ചു.
ഇതിനുപുറമെ സംസ്ഥാനത്തെ തദ്ദേശീയ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുമായുള്ള സഖ്യം സംബന്ധിച്ച് കോണ്‍ഗ്രസിന്റെ താഴേത്തട്ടിലുള്ള നേതാക്കള്‍ തീരുമാനമെടുക്കുമെന്ന് സി.ഡബ്ല്യു.സി (കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി) വ്യക്തമാക്കി.
സി.ഡബ്ല്യു.സി അംഗവും മുന്‍ മന്ത്രിയുമായ സുദീപ് റോയ് ബര്‍മന്‍ ഇക്കാര്യം അറിയിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ നാമനിര്‍ദേശ പത്രികയുമായി ബന്ധപ്പെട്ട ആവശ്യമറിയിച്ചത്.
ത്രിപുരയിലെ ത്രിതല പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യാവസരത്തിലോ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്. ചൗധരി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 6,370 ഗ്രാമപഞ്ചായത്തുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.
Content Highlight: CPI(M) and Congress to seek online submission of nominations for Tripura Panchayat Elections