| Wednesday, 20th November 2024, 8:08 am

സന്ദീപ് വാര്യർക്കെതിരായ സി.പി.ഐ.എമ്മിന്റെ സുപ്രഭാതം, സിറാജ് പരസ്യം തെറ്റുമല്ല, വർഗീയവുമല്ല: നിഷാദ് റാവുത്തർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സന്ദീപ് വാര്യർക്കെതിരായ സി.പി.ഐഎമ്മിന്റെ പത്രപരസ്യം തെറ്റോ വർഗീയപരമോ അല്ലെന്ന് മീഡിയ വൺ വാർത്ത അവതാരകൻ നിഷാദ് റാവുത്തർ. അടുത്തിടെ കോൺഗ്രസിൽ ചേർന്ന മുൻ ആർ.എസ്.എസ് നേതാവായ സന്ദീപ് വാര്യരുടെ വർഗീയ പ്രസ്താവനകൾ ഉൾപ്പെടുത്തിയുള്ള പത്രപരസ്യമായിരുന്നു സി.പി.ഐ.എം കൊടുത്തത്.

എന്നാൽ സമൂഹത്തിൽ വർഗീയ വേർതിരിവും സ്പർധയും വളർത്തുന്നതാണ് പരസ്യമെന്നും അതിനെതിരെ നിയമവിദഗ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നുമാണ് കോൺഗ്രസ് പക്ഷം പറയുന്നത്.

ഇതൊരു വർഗീയ പരസ്യമെന്ന നിലയിൽ കോൺഗ്രസ് പ്രചാരണം നടത്തുന്നുണ്ടെന്നും എന്നാൽ അത് വർഗീയമായി തനിക്ക് തോന്നിയിട്ടില്ലെന്നും നിഷാദ് റാവുത്തർ മീഡിയ വണ്ണിന്റെ ഔട്ട് ഓഫ് ഫോക്കസിൽ പറഞ്ഞു. ആ പരസ്യത്തിൽ ഏതെങ്കിലും സമുദായത്തെ തമ്മിൽ തെറ്റിക്കുന്ന കാര്യങ്ങൾ പറയുന്നില്ലെന്നും ഏതെങ്കിലും വിഭാഗത്തിനെതിരെ വർഗീയ പരാമർശങ്ങൾ നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇതൊരു വർഗീയ പരസ്യമാണെന്ന ധ്വനി ഉണ്ടാക്കാൻ ചില ആളുകൾ ശ്രമിക്കുന്നുണ്ട്. അതിൽ യാതൊരു വിധ വർഗീയതയും ഇല്ല. മറിച്ച് ഒരു പ്രത്യേക സമുദായം കൂടുതൽ വായിക്കുമെന്ന് കരുതപ്പെടുന്ന പത്രങ്ങളിൽ പരസ്യം നൽകുന്നു. നിങ്ങൾക്കെതിരായി നിരന്തരം വംശഹത്യ ആഹ്വാനം നടത്തിയിരുന്ന ഒരാൾ ഇന്ന് കോൺഗ്രസ്സിന്റെ പാളയത്തിലുണ്ട് എന്ന സന്ദേശം നൽകുകയാണ് ഈ പരസ്യം, അതിൽ എന്താണ് തെറ്റ്? അവർ പറയുന്ന കാര്യത്തിൽ എന്താണ് തെറ്റ് ഉള്ളത്. സന്ദീപ് വാര്യരുമായി ബന്ധപ്പെട്ട് അവർ നൽകിയ പരാമർശത്തിൽ ഏതെങ്കിലും ഒന്ന് വസ്തുത വിരുദ്ധമാണെന്ന് പറയാൻ സാധിക്കുമോ ?

ഇത്രമേൽ വംശീയമായി വിദ്വേഷം വമിപ്പിക്കുന്ന ഒരാൾ സി.പി.ഐ.എമ്മിലേക്ക് വന്നാലും കോൺഗ്രസിലേക്ക് വന്നാലും അയാളെ എങ്ങനെ ആ പാർട്ടിയിൽ പ്രവേശിപ്പിക്കും എന്ന് ജനങ്ങൾക്ക് വിശദമാക്കി കൊടുക്കാൻ ഓരോ പാർട്ടിയും ബാധ്യസ്ഥരാണ്. കോൺഗ്രസ് ഇപ്പോഴും ആ ബാധ്യത പൂർണമായി നിറവേറ്റിയിട്ടില്ല. ആർ.എസ്.എസ് ഈ രാജ്യത്തിന്റെ മത നിരപേക്ഷതയെ തള്ളി പറയുന്ന ഒരു വിഭജന സംവിധാനമാണെന്ന് സന്ദീപ് വാര്യരെക്കൊണ്ട് പറയിപ്പിക്കാൻ കോൺഗ്രസിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. ആർ.എസ്.എസ് എന്ന പ്രത്യയ ശാസ്ത്രം തെറ്റാണെന്ന് സന്ദീപ് വാര്യരെക്കൊണ്ട് പറയിപ്പിക്കാനും കോൺഗ്രസിന് ഇപ്പോഴും സാധിച്ചിട്ടില്ല. കശ്മീരിലെ ജനങ്ങളെ കൂട്ടക്കൊല നടത്തണം എന്ന പരാമർശം അദ്ദേഹം പിൻവലിച്ചിട്ടുണ്ടോ?

ഏഷ്യാനെറ്റ് ന്യൂസിൽ വാർത്താവായിക്കുന്ന ഒരു മുസ്‌ലിം നാമധാരിയായ യുവാവ് നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ചതിന് പിന്നാലെ അദ്ദേഹത്തെ തീവ്രവാദിയാക്കാൻ ശ്രമിച്ച വ്യക്തിയാണ് സന്ദീപ് വാര്യർ. അതിന് മാപ്പ് പറയാൻ അദ്ദേഹം തയാറാണോ?

സന്ദീപ് വാര്യരും സുധീഷ് മിന്നിയും ഒകെ വാസുവും വ്യത്യസ്തരാണ്. സുധീഷ് മിന്നിയും ഒകെ വാസുവും ആർ.എസ്.എസ് തെറ്റാണ്, വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണെന്ന് മനസിലാക്കി പുറത്തേക്ക് ഇറങ്ങിയ വ്യക്തികളാണ്. എന്നാൽ സന്ദീപ് വാര്യർ സംഘടനാ അക്കമഡേഷനുവേണ്ടി ദിവസങ്ങളോളം കെ.സുരേന്ദ്രനോട് വിലപേശി നോക്കി. എന്നാൽ അത് ലഭിക്കാത്തതിനെ തുടർന്നാണ് അദ്ദേഹം ആർ.എസ്.എസിൽ നിന്നും പുറത്ത് ഇറങ്ങിയത്. ആർ.എസ്.എസ് പ്രത്യയശാസ്ത്രം ഇപ്പോഴും സന്ദീപ് വാര്യരുടെ ഉള്ളിൽ ഉണ്ട്, അതിനൊരു മാറ്റവും സംഭവിച്ചിട്ടില്ല,’ നിഷാദ് റാവുത്തർ പറഞ്ഞു.

ഇടതുമുന്നണി രണ്ട് ദിനപത്രങ്ങളിൽ നൽകിയ പരസ്യത്തിനെതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു. യു.ഡി.എഫ് പാലക്കാട് മണ്ഡലം കമ്മിറ്റി കൺവീനർ കൂടിയായ മുസ്‌ലിം ലീഗ് നേതാവ് മരയ്ക്കാർ മാരായമംഗലമാണ് രേഖാമൂലം പരാതി നൽകിയത്.

സുപ്രഭാതം, സിറാജ് എന്നീ ദിനപ്പത്രങ്ങളിൽ ചൊവ്വാഴ്ച്ച (നവംബര്‍ 19) നൽകിയ മുൻ പേജ് പരസ്യം തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും നാട്ടിൽ മതവിദ്വേഷവും വിഭാഗീയതയും ഉണ്ടാക്കാൻ ലക്ഷ്യം വെയ്ക്കുന്നുവെന്നാണ് കോൺഗ്രസിന്റെ വാദം.

Content Highlight: CPI(M) ad against Sandeep Warrier is neither wrong nor communal: Nishad Rauthar

We use cookies to give you the best possible experience. Learn more