തൃക്കാക്കര: തൃക്കാക്കരയില്‍ സി.പി.ഐ.എം പ്രവര്‍ത്തകയുടെ വീടിന് തീയിട്ടു. പന്ത്രണ്ടാം വാര്‍ഡിലെ ആശാ വര്‍ക്കര്‍ കൂടിയായ മഞ്ജുവിന്റെ വീടാണ് അര്‍ധ രാത്രിയില്‍ തീയിട്ട് നശിപ്പിച്ചത്. സംഭവത്തില്‍ മഞ്ജുവിന്റെ അയല്‍വാസിയായ ബന്ധുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
തന്നെയും കുടുംബത്തെയും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തതെന്ന് മഞ്ജു പറഞ്ഞു. എന്നാല്‍ സംഭവം രാഷ്ട്രീയ പ്രേരിതമല്ലെന്ന് പൊലീസ് അറിയിച്ചു. ആക്രമണം ആസൂത്രിതമാണെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ ആരോപിച്ചു. മഞ്ജുവിന് പുതിയ വീട് നിര്‍മിച്ച് നല്‍കുമെന്നും മോഹനന്‍ വ്യക്തമാക്കി.
മഞ്ജുവും കുടുംബവും പള്ളി പെരുന്നാളിന് പോയപ്പോഴാണ് വീടിന് തീവെച്ചത്. സംഭവത്തില്‍ വീട് പൂര്‍ണമായും കത്തി നശിച്ചു. ഒരു മണിയോടെയാണ് വീടിന് തീയിട്ടത്. ഗൃഹോപകരണങ്ങളും ആധാരവുമുള്‍പ്പെടെ കത്തിനശിച്ചു. വീട്ടില്‍ വളര്‍ത്തിയിരുന്ന അഞ്ച് മുയലുകളും ചത്തു.
അടുക്കളയിലെ ഗ്യാസ് സിലണ്ടറിലേക്ക് തീ പടരുന്നതിന് മുമ്പ് അഗ്‌നി ശമനസേനയെത്തി തീയണച്ചു. വീട്ടില്‍ ആരും ഇല്ലാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മഞ്ജു സജീവ സാന്നിധ്യമായിരുന്നു. മഞ്ജുവിന്റെ വീട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് സന്ദര്‍ശിച്ചു.
Content Highlights: CPI M activist’s house set on fire in Thrikkakara