| Friday, 2nd July 2021, 6:31 pm

നഷ്ടം മനോഹരനും ഭൂപതിക്കും മാത്രമായിരുന്നില്ല; അഭിമന്യു കേരളത്തിന്റെ മതേതര ജനാധിപത്യ മനസാക്ഷിക്ക് മുന്നില്‍ നീറുന്ന നോവാണെന്ന് എ. വിജയരാഘവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മഹാരാജസ് കോളേജിലെ കൊല്ലപ്പെട്ട എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ അഭിമന്യുവിനെ ഓര്‍ത്തെടുത്ത് സി.പി.ഐ.എം. സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്‍. കേരളത്തെയാകെ നടുക്കിയ ഒരു രാഷ്ട്രീയ കൊലപാതകമായിരുന്നു അഭിമന്യുവിന്റേതെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ മതേതര ജനാധിപത്യ മനസാക്ഷിക്കുമുന്നില്‍ എന്നും നീറുന്ന നോവാണ് അഭിമന്യു. ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയ പൈശാചികതകള്‍ക്കെതിരായ മതേതര കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് അഭിമന്യുവിന്റെ സ്മരണ ആവേശം പകരുമെന്നും വിജയരാഘവന്‍ പറഞ്ഞു.

രക്തസാക്ഷിയുടെ വേര്‍പാടില്‍ സദാ സങ്കടപ്പെടാനല്ല, അവരുടെ ബലികുടീരത്തിനു മുന്നില്‍നിന്ന് ആ ഓര്‍മയുടെ ചൂടില്‍നിന്നാണ് നമ്മള്‍ പുതിയ പേരാട്ടങ്ങള്‍ക്കുള്ള ദീപശിഖയിലേക്ക് തീപകരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘തന്റെ നാട്ടില്‍ ഒരു ലൈബ്രറി ഉണ്ടാക്കണമെന്നും ആദിവാസി സമൂഹത്തില്‍ നിന്നുള്ള യുവാക്കളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കണമെന്നുമെല്ലാമായിരുന്നു അഭിമന്യുവിന്റെ ആഗ്രഹം.

ലൈബ്രറി എന്ന ആഗ്രഹം കഴിഞ്ഞ വര്‍ഷം തന്നെ സഹസഖാക്കള്‍ പൂര്‍ത്തീകരിച്ചിരുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള സുമനസുകള്‍ തീവ്രവാദശക്തികള്‍ക്കെതിരെ പുസ്തകങ്ങളയച്ച് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചപ്പോള്‍ ചുരുങ്ങിയ സമയം കൊണ്ട് ബൃഹത്തായ പുസ്തക ശേഖരം
വട്ടവടയിലെ ലൈബ്രറിയില്‍ സജ്ജമായി.

പിന്നോക്കവിഭാഗത്തിലെ കുട്ടികള്‍ക്ക് താമസിച്ച് പഠിക്കാന്‍ സൗകര്യമൊരുക്കുന്ന വിധത്തില്‍ അഭിമന്യുവിന്റെ പേരില്‍ സ്മാരകവും പണിതീര്‍ന്നിരിക്കുന്നു. പത്താം ക്ലാസ് കഴിഞ്ഞ 30 കുട്ടികള്‍ക്ക് ഇവിടെ താമസിച്ച് പഠിക്കാനാകുംവിധം സഖാവിന് ഉചിതമായൊരു സ്മാരകം തന്നെ ഉയര്‍ന്നിരിക്കുന്നു,’ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

2018 ജൂലായ് രണ്ടിന് പുലര്‍ച്ചെയാണ് മഹാരാജാസ് ക്യാമ്പസില്‍ വെച്ച് അഭിമന്യു കൊല്ലപ്പെട്ടത്. കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുമായി ചുവരെഴുത്തിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

സുഹൃത്തായ അര്‍ജുനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. പോപ്പുലര്‍ഫ്രണ്ട്-കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ 16 പേരാണ് ആക്രമണത്തില്‍ നേരിട്ട് പങ്കാളികളായത്. അഭിമന്യു കൊലപാതക കേസ് നിലവില്‍ വിചാരണ ഘട്ടത്തിലാണ്.

എ. വിജയരാഘവന്റെ കുറിപ്പിന്റെ പൂര്‍ണം രൂപം

കേരളത്തെയാകെ നടുക്കിയ ഒരു രാഷ്ട്രീയ കൊലപാതകമായിരുന്നു സ. അഭിമന്യുവിന്റേത്. ന്യൂനപക്ഷ ഭീകരവാദ സംഘടനയായ ക്യാംപസ് ഫണ്ട് അക്രമികള്‍ സഖാവിനെ കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം പൂര്‍ത്തിയാവുകയാണ്. എസ്.എഫ്.ഐ. ഇടുക്കി ജില്ലാക്കമ്മിറ്റി അംഗമായിരുന്ന സഖാവ് വട്ടവടയില്‍ നിന്നുള്ള ആദ്യ ബിരുദ വിദ്യാര്‍ഥിയായിരുന്നു.

ശാസ്ത്രജ്ഞനാകണമെന്ന ആഗ്രഹവുമായി വന്ന് വിദ്യാര്‍ഥികളുടെയാകെ പ്രിയങ്കരനായി വളര്‍ന്നുവന്ന അഭിമന്യുവിന്റെ നെഞ്ചില്‍ കത്തി കയറ്റിയപ്പോള്‍ നഷ്ടം സംഭവിച്ചത് തോട്ടം തൊഴിലാളികളായ മനോഹരനും ഭൂപതിക്കും മാത്രമായിരുന്നില്ല.

ഇന്ന് കേരളമാകെ അവന്റെ ശൂന്യതയോര്‍ത്ത് ദുഃഖിക്കുകയാണ്. അഭിമന്യു കണ്ട സ്വപ്നങ്ങള്‍ ഒന്നും തന്നെ സ്വജീവിതം മാത്രം കൂടുതല്‍ ഉയരത്തിലെത്തിക്കുക എന്നതായിരുന്നില്ല. തന്റെ നാട്ടില്‍ ഒരു ലൈബ്രറി ഉണ്ടാക്കണമെന്നും ആദിവാസി സമൂഹത്തില്‍ നിന്നുള്ള യുവാക്കളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കണമെന്നുമെല്ലാമായിരുന്നു.

ലൈബ്രറി എന്ന ആഗ്രഹം കഴിഞ്ഞ വര്‍ഷം തന്നെ സഹസഖാക്കള്‍ പൂര്‍ത്തീകരിച്ചിരുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള സുമനസുകള്‍ തീവ്രവാദശക്തികള്‍ക്കെതിരെ പുസ്തകങ്ങളയച്ച് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചപ്പോള്‍ ചുരുങ്ങിയ സമയം കൊണ്ട് ബൃഹത്തായ പുസ്തക ശേഖരം

വട്ടവടയിലെ ലൈബ്രറിയില്‍ സജ്ജമായി. ഇപ്പോഴിതാ പിന്നോക്കവിഭാഗത്തിലെ കുട്ടികള്‍ക്ക് താമസിച്ച് പഠിക്കാന്‍ സൗകര്യമൊരുക്കുന്ന വിധത്തില്‍ അഭിമന്യുവിന്റെ പേരില്‍ സ്മാരകവും പണിതീര്‍ന്നിരിക്കുന്നു. പത്താംക്ലാസ് കഴിഞ്ഞ 30 കുട്ടികള്‍ക്ക് ഇവിടെ താമസിച്ച് പഠിക്കാനാകുംവിധം സഖാവിന് ഉചിതമായൊരു സ്മാരകം തന്നെ ഉയര്‍ന്നിരിക്കുന്നു. അഭിമന്യു സ്വപ്നം കണ്ടതുപോലെ അരികുവല്‍ക്കരിക്കപ്പെട്ട ഒട്ടനവധി പേര്‍ക്ക് ഈ സ്മാരകം താങ്ങായിമാറും.

രക്തസാക്ഷിയുടെ വേര്‍പാടില്‍ സദാ സങ്കടപ്പെടാനല്ല, അവരുടെ ബലികുടീരത്തിനു മുന്നില്‍നിന്ന് ആ ഓര്‍മയുടെ ചൂടില്‍നിന്നാണ് നമ്മള്‍ പുതിയ പേരാട്ടങ്ങള്‍ക്കുള്ള ദീപശിഖയിലേക്ക് തീപകരേണ്ടത്. കേരളത്തിന്റെ മതേതര ജനാധിപത്യ മനസാക്ഷിക്കുമുന്നില്‍ എന്നും നീറുന്ന നോവാണ് അഭിമന്യു. ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയ പൈശാചികതകള്‍ക്കെതിരായ മതേതര കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് അഭിമന്യുവിന്റെ സ്മരണ ആവേശം പകരും. ധീരരക്തസാക്ഷി സ. അഭിമന്യുവിന്റെ ഉജ്ജ്വല സ്മരയ്ക്കുമുന്നില്‍ ഒരായിരം രക്തപുഷ്പങ്ങള്‍.

CONTENT HIGHLIGHTS : CPI (M) Acting Secretary A. Vijayaraghavan remembers  Abhimanyu

We use cookies to give you the best possible experience. Learn more