| Thursday, 30th January 2020, 6:26 pm

രാജ്ഘട്ട് മനുഷ്യചങ്ങല: ഡി.രാജയേയും ബിനോയ് വിശ്വത്തേയും ദല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, രാജ്യസഭാ എം.പി ബിനോയ് വിശ്വം എന്നിവരെ ദല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ദല്‍ഹി രാജ്ഘട്ടില്‍ പൗരത്വഭേദഗതി നിയമത്തിനെതിരേയും ദേശീയ ജനസംഖ്യ പട്ടികക്കെതിരേയും നടത്തിയ പ്രതിഷേധത്തിനിടെയാണ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്. മനുഷ്യചങ്ങലയില്‍ പങ്കെടുക്കവെയാണ് അറസ്റ്റ്.

‘പൗരത്വഭേദഗതി നിയമത്തിനെതിരേയും ദേശീയ ജനസംഖ്യ പട്ടികക്കെതിരേയും രാജ്ഘട്ടില്‍ സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഞങ്ങള്‍. മറ്റു നേതാക്കളേയും എന്നേയും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. എന്തിനാണ് അവര്‍ ഞങ്ങളെ കസ്റ്റഡിയിലെടുത്തതെന്ന് അറിയില്ല.’ ഡി.രാജ എ.എന്‍.ഐയോട് പറഞ്ഞു.

‘ഇതേദിവസം 1948 ല്‍ ആര്‍.എസ്.എസ് നേതാവായ നാഥുറാം വിനായക് ഗോഡ്‌സെയാല്‍ മഹാത്മാഗാന്ധി കൊല്ലപ്പെട്ടു. ഇന്ന് 72 വര്‍ഷങ്ങള്‍ക്കിപ്പുറം ജാമിയ മിലിയയില്‍ സമാധാനപരമായി പ്രതിഷേധം നടത്തിയവര്‍ക്കെതിരെ ഒരാള്‍ വെടിയുതിര്‍ത്തിരിക്കുന്നു. ഇത് ബി.ജെ.പി ആര്‍.എസ്.എസ് സര്‍ക്കാര്‍ പ്രചരിപ്പിക്കുന്ന സാമുദായിക വിദ്വേഷത്തിന്റെ ഫലമാണെന്നും’ ഡി.രാജ പ്രതികരിച്ചു.

ജാമിഅ കോ.ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജാമിഅ മുതല്‍ രാജ്ഘട്ട് വരെ പൗരത്വ നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും സംഘടിപ്പിച്ച മാര്‍ച്ചിനു നേരെയായിരുന്നു വെടിവെപ്പുണ്ടായത്. മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിക്കു വെടിവെപ്പില്‍ പരിക്കേറ്റിരുന്നു .ഷാദത്ത് ആലത്ത് എന്ന വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്.

പൊലീസ് മാര്‍ച്ച് തടയുന്നതിനിടെ അപ്രതീക്ഷിതമായി ഒരാള്‍ മാര്‍ച്ചിനു നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് അക്രമി വെടിവെച്ചത്. അക്രമി പൊലീസ് പിടിയിലായി. രാംപഥ് ഗോപാല്‍ എന്നയാളാണ് വെടിവെപ്പ് നടത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more