രാഷ്ട്രീയ നിരീക്ഷനും സി.പി.ഐ അംഗവുമായ അഡ്വ:ജയശങ്കറിനെതിരെ പാര്‍ട്ടി തലത്തില്‍ നടപടിയെടുക്കണമെന്ന് നേതൃതലത്തില്‍ ആവശ്യമുയര്‍ന്നു. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യം ഏതെങ്കിലും കമ്മറ്റിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് വിവരം.
പാര്‍ട്ടിയംഗമായിരിക്കെ സ്വന്തം പാര്‍ട്ടിയും മുന്നണിയും പരാജയപ്പെടുമെന്ന് പ്രവചിക്കുകയും അതിനായി അഭിപ്രായ രൂപീകരണം നടത്തുകയും ചെയ്തുവെന്നാണ് ജയശങ്കറിനെതിരെയുള്ള ആരോപണം. ചാലക്കുടിയില്‍ മുന്നണി സ്ഥാനാര്‍ത്ഥി ഇന്നസെന്റ് തോല്‍ക്കുമെന്നുള്ള ജയശങ്കറിന്റെ നീരീക്ഷണം യു.ഡി.എഫ് പ്രചരണത്തിന് ഉപയോഗിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ സംസാരിച്ചുവെന്ന് സി.പി.ഐ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആരോപിച്ചിരുന്നു.
മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ ഇടതുപക്ഷത്തിന്റെ ഐക്യത്തെ തകര്‍ക്കുന്നുവെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.
സി.പി.ഐയുടെ അഭിഭാഷക സംഘടനയായ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് ദേശീയ സെക്രട്ടറിയാണ് ജയശങ്കര്‍. കൊച്ചിയിലെ അഭിഭാഷകര്‍ ഉള്‍പ്പെട്ട സി.പി.ഐ ബ്രാഞ്ചിലാണ് ജയശങ്കര്‍ അംഗമായിട്ടുള്ളത്.
രാഷ്ട്രീയ നിരീക്ഷകന്‍ എന്ന നിലയില്‍ ജയശങ്കര്‍ പറയുന്നത് പാര്‍ട്ടിയുടെ അഭിപ്രായമല്ല. അദ്ദേഹത്തെ പുറത്താക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് അദ്ദേഹം ഉള്‍പ്പെട്ട ബ്രാഞ്ച് ആണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാതൃഭൂമിയോട് പറഞ്ഞു.
1986 മുതല്‍ സി.പി.ഐ അംഗമാണ്.സിപി.ഐയുടെ നിലപാടിന് വിരുദ്ധമായ നിലപാടെടുത്തിട്ടില്ല. മണ്ഡലങ്ങളിലെ ജയസാധ്യതകളാണ് പ്രവചിച്ചത്. അത് സത്യമാവുകയും ചെയ്തു. എന്റെ വീട് ഉള്‍പ്പെടുന്ന ചാലക്കുടി മണ്ഡലത്തില്‍ ഇന്നസെന്റിനെതിരെയുള്ള വീഡിയോ ക്ലിപ്പിംഗ് യു.ഡി.എഫ്പ്രയോജനപ്പെടുത്തിയെന്നത് സത്യമാണ്. പരാതിയെ കുറിച്ച് തന്നോടാരും ഇത് വരെ ചോദിച്ചിട്ടില്ലെന്നാണ് ജയശങ്കറിന്റെ പ്രതികരണം.