സഞ്ജുവിനെയും ബി.സി.സി.ഐ ഭാരവാഹിയെയും വേദിയിലിരുത്തി ബോര്‍ഡിനെതിരെ ആഞ്ഞടിച്ച് പന്ന്യന്‍; മറുപടിയുമായി സഞ്ജു
Sports News
സഞ്ജുവിനെയും ബി.സി.സി.ഐ ഭാരവാഹിയെയും വേദിയിലിരുത്തി ബോര്‍ഡിനെതിരെ ആഞ്ഞടിച്ച് പന്ന്യന്‍; മറുപടിയുമായി സഞ്ജു
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 20th September 2022, 12:28 pm

ഇന്ത്യ – ദക്ഷിണാഫ്രിക്ക മത്സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കെ സഞ്ജുവിനെ ആദരിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍. മത്സരത്തിന്റെ ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നിരുന്നു.

ഏറെ വികാര നിര്‍ഭരനായാണ് സഞ്ജു ചടങ്ങില്‍ സംസാരിച്ചത്. ഐ.പി.എല്ലിന്റെ ഫൈനല്‍ കളിക്കുമ്പോള്‍ പോലും ഇത്രയും നെഞ്ചിടിപ്പ് ഉണ്ടായിട്ടില്ലെന്നും താന്‍ കരഞ്ഞുപോകുമെന്നും സഞ്ജു പറഞ്ഞു.

‘ഐ.പി.എല്‍ ഫൈനലില്‍ കളി കാണാന്‍ ഒന്നര ലക്ഷത്തോളം പേരുണ്ടായിരുന്നു. അപ്പോള്‍ ഇത്രയും നെഞ്ചിടിച്ചിട്ടില്ല. സംസാരിക്കാന്‍ നിന്നാല്‍ ചിലപ്പോള്‍ കുഴഞ്ഞുപോകും. ഇമോഷണലായിപ്പോകും. ഏറ്റവും ഇഷ്ടമുള്ള ആളുകള്‍ എന്നെക്കുറിച്ച് ഇത്രയും പൊക്കിപ്പൊക്കി സംസാരിച്ചപ്പോള്‍ കരയാനൊക്കെ തോന്നിപ്പോയി’ സഞ്ജു പറഞ്ഞു.

‘ക്രിക്കറ്റ് താരങ്ങളടക്കം കായികരംഗത്തുള്ളവര്‍ കുറെ അധ്വാനങ്ങള്‍ ചെയ്യുന്നുണ്ട്. അത്തരം അധ്വാനങ്ങള്‍ക്ക് സ്വന്തം നാട്ടില്‍ ഇത്രയും വലിയ ആളുകള്‍ അഭിനന്ദിക്കുമ്പോള്‍ കൂടുതല്‍ പ്രയത്നിക്കാന്‍ തോന്നും,’ സഞ്ജു കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ചില നാടകീയ സംഭവങ്ങളും ചടങ്ങില്‍ അരങ്ങേറിയിരുന്നു. സഞ്ജുവിനെ തഴയുന്ന ബി.സി.സി.ഐ സെലക്ടര്‍മാരുടെ നടപടിക്കെതിരെ സി.പി.ഐ നേതാവും മുന്‍ എം.പിയുമായ പന്ന്യന്‍ രവീന്ദ്രന്‍ രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു.

ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറിയായ ജയേഷ് ജോര്‍ജിനെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു പന്ന്യന്‍ സഞ്ജുവിന് വേണ്ടി രംഗത്തെത്തിയത്.

എന്നാല്‍ അതേവേദിയില്‍ വെച്ചുതന്നെ സഞ്ജു ഇതിന്റെ വിശദീകരണവും നല്‍കിയിരുന്നു. ഇന്ത്യന്‍ ടീം ഓരോ തവണ അവസരം നിഷേധിക്കുമ്പോഴും തന്റെ പ്രകടനം മെച്ചപ്പെടുത്താനുള്ള അവസരമായിട്ടാണ് താന്‍ അതിനെ കാണുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

തന്നെ ടീമില്‍ ഉള്‍പ്പെടുത്താത്തതിന്റെ പേരില്‍ കഴിഞ്ഞ തവണ ഉണ്ടായ തരത്തിലുള്ള ഒരു പ്രതിഷേധവും ഇത്തവണ ഉണ്ടാവരുതെന്നും സഞ്ജു പറഞ്ഞു. കാര്യവട്ടത്ത് വെച്ച് നടക്കുന്ന മത്സരം കാണാന്‍ താനുമുണ്ടാകുമെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ തവണ തിരുവനന്തപുരത്ത് വെച്ച് മത്സരം നടക്കുമ്പോള്‍ കാണികള്‍ സഞ്ജുവിന് വേണ്ടിയായിരുന്നു ആര്‍പ്പുവിളിച്ചുകൊണ്ടിരുന്നത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഇന്ത്യക്ക് വേണ്ടി ചാന്റ് ചെയ്യാന്‍ ജേഴ്‌സി ഉയര്‍ത്തി കാണിച്ചിട്ടും അവര്‍ സഞ്ജുവിന് വേണ്ടി ആര്‍പ്പുവിളിച്ചുകൊണ്ടിരുന്നു.

എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ കുറച്ചുകൂടി കടുപ്പിക്കാനാണ് ആരാധകരുടെ തീരുമാനം. സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താതിന് ഇന്ത്യന്‍ ടീമിനെതിരെ കൂവി വിളിച്ച് പ്രതിഷേധിക്കാനായിരുന്നു ആരാധകര്‍ ഒരുങ്ങിയത്.

ഇതിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ ഒരു ക്യാമ്പെയ്ന്‍ പോലും ഇവര്‍ ആരംഭിച്ചിരുന്നു. ഇതുകൂടാതെ മത്സരം നടക്കുമ്പോള്‍ സഞ്ജുവിന്റെ ചിത്രമുള്ള ടീ ഷര്‍ട്ട് ധരിച്ച് പ്രതിഷേധിക്കാനും ആളുകള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്.

ഇപ്പോള്‍ തനിക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളെ കുറിച്ചുള്ള തന്റെ അഭിപ്രായം സഞ്ജു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. താന്റെ സഹതാരങ്ങളോട് മത്സരിക്കാന്‍ ഒരുങ്ങുകയാണെങ്കില്‍ സ്വന്തം ടീമിനെ തോല്‍പിക്കുന്നതിന് തുല്യമാണെന്നായിരുന്നു സഞ്ജു പറഞ്ഞത്.

 

Content Highlight: CPI leader Pannyan Raveendran slams BCCI for excluding Sanju Samson from team