| Wednesday, 23rd November 2016, 5:30 pm

മിസ്റ്റര്‍ പുലിമുരുകന്‍, പാവങ്ങളെ അവഹേളിക്കുന്നത് നല്ലതല്ല; മോഹന്‍ലാലിനെതിരെ പന്ന്യന്‍ രവീന്ദ്രനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മദ്യക്കടകളില്‍ വരിനില്‍ക്കാമെങ്കില്‍ ബാങ്കുകളിലും അതാകാം എന്ന പരാമര്‍ശത്തിലൂടെ ലാല്‍ മലയാളികളെ അപമാനിച്ചെന്ന് അദ്ദേഹം പറഞ്ഞു. 


തിരുവനന്തപുരം: നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര നടപടിയെ പിന്തുണച്ച ത്തെ ന്യായീകരിച്ച നടന്‍ മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുന്‍സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും.

മദ്യക്കടകളില്‍ വരിനില്‍ക്കാമെങ്കില്‍ ബാങ്കുകളിലും അതാകാം എന്ന പരാമര്‍ശത്തിലൂടെ ലാല്‍ മലയാളികളെ അപമാനിച്ചെന്ന് അദ്ദേഹം പറഞ്ഞു. ആര്‍.ബി.ഐ മേഖലാ ആസ്ഥാനത്തിനു മുന്നില്‍ ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ സംയുക്ത സമരത്തില്‍ പങ്കെടുക്കുകയായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍.

“മിസ്റ്റര്‍ പുലിമുരുകന്‍, ഒരു കാര്യം പറഞ്ഞേക്കാം. നിങ്ങളുടെ സിനിമ കാണാന്‍ വരുന്നത് ഈ പാവപ്പെട്ട ആളുകളാണ്. അവരുടെ കാശാണ് 101 കോടി രൂപ. അതെല്ലാം കിട്ടി പുലിമുരുകനായപ്പോള്‍ നാട്ടിലെ പാവങ്ങളെ അവഹേളിക്കാന്‍ തുനിഞ്ഞാല്‍ അതൊരിക്കലും അനുവദിക്കില്ല. നല്ലതല്ല എന്നേ ഇപ്പോള്‍ പറയുന്നുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.


മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എം.എം മണിയും ഇന്ന് രംഗത്തെത്തിയിരുന്നു. കള്ളപ്പണം മറയ്ക്കാനുള്ളതുകൊണ്ടാണ് മോഹന്‍ലാല്‍ കേന്ദ്ര സര്‍ക്കാരിനെയും നരേന്ദ്ര മോദിയെയും പിന്തുണക്കുന്നതെന്നായിരുന്നു  അദ്ദേഹത്തിന്റെ ആരോപണം.

നോട്ടിനായി രാജ്യത്തെ ജനം വലയുമ്പോള്‍, മോദിയെ പിന്തുണച്ച താരത്തിനെതിരെ നിരവധി പ്രമുഖരാണ് കഴിഞ്ഞദിവസങ്ങളില്‍ രംഗത്തെത്തിയത്. പ്രമുഖ സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍. എം.എല്‍.എമാരായ വി.ഡി സതീശന്‍, വി.ടി ബല്‍റാം, സിനിമാപ്രവര്‍ത്തകരായ എം.എ നിഷാദ്, ഭാഗ്യലക്ഷ്മി തുടങ്ങിവരാണ് മോഹന്‍ലാലിനെതിരെ രംഗത്തെത്തിയത്.


എന്നാല്‍ മോഹന്‍ലാലിനെതിരെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ പിന്തുണച്ച് ബി.ജെ.പി രംഗത്തെത്തിയിരുന്നു. രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ നോട്ട് പിന്‍വലിക്കല്‍ പദ്ധതിയെ പിന്തുണച്ച് അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരില്‍ മോഹന്‍ലാല്‍ എന്ന നടനെ സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും കുറ്റപ്പെടുത്തി ആക്രമിക്കുന്നത് ജനാധിപത്യ വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം വി.മുരളീധരന്‍ പറഞ്ഞു.

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം കേട്ടുവെന്നും ആത്മാര്‍ഥമായി നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് തന്നെയായിരുന്നു ആ പ്രസംഗവും അതിന് ശേഷം നടന്ന സംഭവങ്ങളുമെന്നുമാണ് മോഹന്‍ലാല്‍ ബ്ലോഗില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞത്.

“സത്യത്തിന്റെ ഇന്ത്യയ്ക്ക് വേണ്ടി ഒരു ബിഗ് സല്യൂട്ട്” എന്ന തലക്കെട്ടോടെയാണ് ലാലിന്റെ കുറിപ്പ്. മദ്യഷോപ്പിനു മുന്നിലും സിനിമാശാലകള്‍ക്കു മുന്നിലും മതവിഭാഗങ്ങളുടെ ആരാധാനാലയങ്ങള്‍ക്കു മുന്നിലും പരാതികളില്ലാതെ വരി നില്‍ക്കുന്ന നമ്മള്‍ ഒരു നല്ല കാര്യത്തിനു വേണ്ടി അല്‍പസമയം വരി നില്‍ക്കാന്‍ ശ്രമിക്കുന്നതില്‍ കുഴപ്പമൊന്നുമില്ല എന്നാണ് മോഹന്‍ ലാലിന്റെ അഭിപ്രായം.

We use cookies to give you the best possible experience. Learn more