| Saturday, 17th October 2020, 8:21 am

"വിശപ്പില്ലാത്തവന് അധികാരം പങ്കിട്ടെടുക്കാനുള്ള കുറുക്കുവഴിയായി മാറരുത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി"

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജോസ് കെ. മാണി ഇടതുപക്ഷ മുന്നണിയില്‍ എത്തിയതിന് പിന്നാലെ സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ രൂപേഷ് പന്ന്യന്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയാകുന്നു. ചില തുറന്നെഴുതലുകള്‍ എന്ന പേരില്‍ എഴുതിയിരിക്കുന്ന കവിത രൂപേണയുള്ള കുറിപ്പാണ് ചര്‍ച്ചയാകുന്നത്. അധികാരക്കൊതിയില്‍ എല്ലാം മറന്ന് ആരുടെയെങ്കിലും പാവകളായി മാറരുത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെന്നും അപ്പോള്‍ ചിതലരിക്കുന്നത് ചുവപ്പിന്റെ പ്രതീക്ഷകളാണെന്നും രൂപേഷ് പന്ന്യന്‍ എഴുതി.

എം.പി ആകാനും എം.എല്‍ എ ആകാനും മന്ത്രിയാകാനുമായി മാത്രം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേക്കേറുന്നവര്‍. കമ്മ്യൂണിസ്റ്റായി കോണ്‍ഗ്രസ്സായി പിന്നെ ബി.ജെ.പി ആകുന്നവരുടെ നിരയിലെ കണ്ണികളായി മാറാനിരിക്കുന്നവരാണെന്നും കുറിപ്പില്‍ പറയുന്നു.

വിശക്കുന്നവന് നീറുന്ന വയറാണ് കമ്മ്യൂണിസമെങ്കില്‍, വിശപ്പില്ലാത്തവന് അധികാരം പങ്കിട്ടെടുക്കാനുള്ള കുറുക്കുവഴിയായി മാറരുത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. അധികാരത്തിന്റെ അപ്പ കഷ്ണങ്ങള്‍ക്കായുള്ള കുറുക്കുവഴിയിലെ യാത്രികരോട് തോളോട് തോള്‍ ചേര്‍ന്ന് യാത്ര ചെയ്യേണ്ടി വരുമ്പോഴും കലഹിച്ചു തുടങ്ങട്ടെ തുറന്നെഴുത്തിന്റെ ഈ ആദ്യ അദ്ധ്യായമെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

മനം മയക്കുന്ന ആ കാഴ്ചകള്‍ക്കപ്പുറത്ത് മനം മടുപ്പിക്കുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളുണ്ടെന്നത് തിരിച്ചറിയാതിരിക്കുമ്പോള്‍ ചിതലരിക്കുന്നത് ചുവപ്പിന്റെ പ്രതീക്ഷകളാണെന്നും കുറിപ്പിലുണ്ട്. പ്രളയകാലത്ത് സര്‍വസ്വവും സംഭാവന നല്‍കിയ നൗഷാദിനെയും സുബൈദിനെയും പോലെയുള്ളവരുടെ മുന്നില്‍ മുതലാളിത്തത്തിന്റെ സമ്മാനങ്ങള്‍ ഏറ്റുവാങ്ങുന്നവരാകരുത് കമ്മ്യൂണിസ്റ്റുകളെന്നും രൂപേഷ് പറയുന്നു.

ഇപ്പോഴത്തെ കുറിപ്പ് തുറന്നെഴുതലുകളിന്റെ ആദ്യ അധ്യായമാണെന്ന് പറഞ്ഞിരിക്കുന്നതിനാല്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ രൂപേഷിന്റെ ഭാഗത്ത് നിന്നും പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്.

കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം ഇടതുപക്ഷ മുന്നണിയില്‍ പ്രവേശിക്കുന്നതിനെ നേരത്തെ സി.പി.ഐ എതിര്‍ത്തിരുന്നെങ്കിലും പിന്നീട് വിയോജിപ്പുകള്‍ പ്രകടിപ്പിച്ചിരുന്നില്ല. ഇടതുമുന്നണിയില്‍ ചേര്‍ന്ന ജോസ് കെ. മാണി കഴിഞ്ഞ ദിവസം എ.കെ.ജി സെന്ററിലെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CPI leader Pannian Raveendran’s son Roopesh Pannian comes with criticism against Communist Party in Jose K Mani issue

We use cookies to give you the best possible experience. Learn more