കുറേ നാളായി എം.എം. മണി ഈ പുലയാട്ടു ഭാഷ തുടരുകയാണ്: പച്ച മനുഷ്യനാണെന്ന് പറഞ്ഞ് പച്ച മനുഷ്യരെ അപമാനിക്കരുത്; എം.എം. മണിക്കെതിരെ സി.പി.ഐ ജില്ലാ സെക്രട്ടറി
തൊടുപുഴ: സി.പി.ഐ നേതാവ് ആനി രാജക്കെതിരായ എം.എല്‍.എ എം.എം. മണിയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍.
എം.എം മണിയുടേത് തെമ്മാടി നിഘണ്ടുവും പുലയാട്ടു ഭാഷയുമാണെന്ന് ശിവരാമന്‍ പ്രതികരിച്ചു. സി.പി.ഐ.എം നേതൃത്വം ഇടപെട്ട് മണിയെ തിരുത്തുകയാണ് വേണ്ടതെന്നും ശിവരാമന്‍ പറഞ്ഞു.
കുറേ നാളായി എം.എം. മണി ഈ പുലയാട്ടു ഭാഷ തുടരുകയാണ്. ഇതു നാട്ടുഭാഷയാണെന്നു പറഞ്ഞ് ഒഴിയാനാവില്ല. പച്ച മനുഷ്യനാണ് എന്നൊക്കെ പറഞ്ഞാല്‍ പച്ച മനുഷ്യരെ അപമാനിക്കുകയാവും. അവരാരും ഈ ഭാഷ ഉപയോഗിക്കുന്നില്ല.
ഇടതുപക്ഷ രാഷ്ട്രീയമെന്നാല്‍ സ്ത്രീപക്ഷ രാഷ്ട്രീയം കൂടിയാണ്. മനുസ്മൃതിയുടെ പ്രചാരകര്‍ ഉപയോഗിക്കുന്ന ഭാഷയാണ് മണി ഇപ്പോള്‍ പറയുന്നത്. ഇത് സി.പി.ഐ.എം നേതൃത്വം ഇടപെട്ടു തിരുത്തുകയാണ് വേണ്ടത്, ശിവരാമന്‍ പറഞ്ഞു.
കെ.കെ. രമ വിഷയത്തില്‍ മണിക്കെതിരെ ആനി രാജ രംഗത്തുവന്നിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് മണി വിവാദ പരാമര്‍ശം നടത്തിയത്. ”അവര്‍ ദല്‍ഹിയില്‍ അല്ലേ ഒണ്ടാക്കല്‍’ എന്നായിരുന്നു മണി മാധ്യമങ്ങളോട് പറഞ്ഞത്.
ആനി രാജ തനിക്കെതിരെ നടത്തിയ വിമര്‍ശനങ്ങളൊന്നും കാര്യമാക്കുന്നില്ലെന്നും എം.എം. മണി പറഞ്ഞിരുന്നു. അവര്‍ കേരളത്തില്‍ അല്ലല്ലോ, ദല്‍ഹിയില്‍ അല്ലേ ഒണ്ടാക്കല്‍. കേരളത്തില്‍ നടക്കുന്ന കാര്യമൊന്നും അവര്‍ക്ക് അറിയേണ്ടല്ലോ എന്നുമായിരുന്നു മണി പറഞ്ഞത്.
‘അവര്‍ അങ്ങനെ പറയുമെന്ന്. അവര്‍ ദല്‍ഹിയിലാണല്ലോ ഇവിടെ അല്ലല്ലോ ഒണ്ടാക്കല്‍. ദല്‍ഹിയിലാണല്ലോ ഇവിടെ കേരളത്തില്‍ അല്ലല്ലോ. കേരള നിയമസഭയില്‍ അല്ലല്ലോ. ഇവിടെ കേരള നിയമസഭയില്‍ നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നം നമുക്കല്ലേ അറിയുള്ളൂ. ആനി രാജയ്ക്ക് എങ്ങനെ അറിയാനാണ്. ഇനി അവര്‍ പറഞ്ഞാലും അതൊന്നും നമുക്ക് വിഷയമല്ല. ഞാന്‍ പറഞ്ഞത് ഇങ്ങനെ പറഞ്ഞതാ. സമയം കിട്ടിയാല്‍ നല്ല ഭംഗിയായി ഞാന്‍ പറയുകയും ചെയ്യുമായിരുന്നു. ഇനീം പറയും’- മണി പറഞ്ഞു.
ഇതൊന്നും വണ്‍ വേ അല്ലെന്നും വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ രമ എന്തിനാണ് എം.എല്‍.എ പണിക്കു വന്നതെന്നും മണി ചോദിച്ചു.
കഴിഞ്ഞ ദിവസം, നിയമസഭയില്‍ മണി നടത്തിയ ‘വിധവയായത് വിധി’ പരാമര്‍ശത്തെ വിമര്‍ശിച്ച ആനി രാജ, ഒരു കമ്മ്യൂണിസ്റ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശമാണ് മണി നടത്തിയതെന്ന് പറഞ്ഞിരുന്നു. അത്തരം പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നതാണ് കമ്മ്യൂണിസ്റ്റ് നടപടിയെന്നും മണിയെ നിയന്ത്രിക്കണോ എന്നു തീരുമാനിക്കേണ്ടത് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സി.പി.ഐ.എമ്മാണെന്നുമായിരുന്നു ആനി രാജ പറഞ്ഞത്.
Content Highlight: CPI Idukki district secretery K.K Sivarajan against M. M. Mani Speech