| Thursday, 4th January 2024, 9:21 am

സെക്രട്ടേറിയേറ്റ് സവര്‍ണ മേധാവിത്വത്തിന്റെ കേന്ദ്രം, തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ജാതി: സി. ദിവാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ തന്റെ തോല്‍വിക്ക് കാരണം ജാതിയെന്ന് സി.പി.ഐ നേതാവും മുന്‍മന്ത്രിയുമായ സി. ദിവാകരന്‍. സ്വന്തം വോട്ടര്‍മാര്‍ തന്നെ തന്റെ ജാതി അന്വേഷിക്കുന്നത് കേട്ടുവെന്നും കൂടുതല്‍ അന്വേഷിച്ചപ്പോള്‍ താന്‍ തോല്‍ക്കുമെന്ന് മനസിലായെന്നും ദിവാകരന്‍ പറഞ്ഞു.

സവര്‍ണ മേധാവിത്വത്തിന്റെ കേരളത്തിലെ ആദ്യത്തെ കേന്ദ്രമാണ് സെക്രട്ടേറിയേറ്റെന്നും ചിലര്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്താല്‍ അവര്‍ നിഗൂഡമായി ബ്ലാക്ക് മെയ്ല്‍ ചെയ്യുമെന്നും സവര്‍ണര്‍ക്ക് വേണ്ടി വിടുപണി ചെയ്യുന്നത് വിധിയാണെന്ന് കരുതുന്ന അടിമ മനോഭാവം ഇപ്പോഴുമുണ്ടെന്നും ദിവാകരന്‍ പറഞ്ഞു. പ്രസ് ക്ലബ്ബില്‍ വെച്ച് നടന്ന വൈക്കം സത്യാഗ്രഹം തിരസ്‌ക്കരിക്കപ്പെടുന്ന കേരള ചരിത്രം എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നാല് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. മൂന്നെണ്ണത്തില്‍ ജയിച്ചു. നാലാമത്തെ തെരഞ്ഞെടുപ്പില്‍ ഭീകരമായ അന്തരീക്ഷമാണ് നേരിട്ടത്, കൊടും ജാതീയത. ഇയാള്‍ നമ്മുടെ ജാതിയാണോ എന്നാണ് വോട്ടര്‍മാര്‍ തമ്മില്‍ ചോദിക്കുന്നത്. ഈ പറയുന്ന നമ്മുടെ ആളാരാണെന്ന് അന്വേഷിച്ചപ്പോള്‍ ഞാന്‍ തോല്‍ക്കുമെന്ന് എനിക്ക് മനസിലായി.

ഈ സെക്രട്ടേറിയേറ്റില്‍ അഞ്ച് കൊല്ലം ഇരുന്നവനാണ് ഞാന്‍. സവര്‍ണ മേധാവിത്വത്തിന്റെ കേരളത്തിലെ ആദ്യത്തെ കേന്ദ്രമാണിത്. ചിലര്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്താല്‍ അവര്‍ നിഗൂഢമായി ബ്ലാക്ക് മെയ്ല്‍ ചെയ്ത് പൊതുജീവിതത്തെ ഇല്ലാതാക്കും. ഇന്നും പല തരത്തിലുള്ള പീഡനങ്ങള്‍ തുടരുകയാണ്. സവര്‍ണര്‍ക്ക് വേണ്ടി വിടുപണി ചെയ്യുന്നത് വിധിയാണെന്ന് കരുതുന്ന അടിമ മനോഭാവം ഇപ്പോഴും നമുക്കുണ്ട്,’ ദിവാകരന്‍ പറഞ്ഞു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനോടായിരുന്നു ദിവാകരന്‍ തോറ്റത്. 2006 ലെ വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്നു ദിവാകരന്‍. 2011ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കരുനാഗപ്പള്ളിയില്‍ നിന്നും അദ്ദേഹം വിജയിച്ചിരുന്നു.

Content Highlight: CPI leader C Divakaran said caste was the reason for the defeat in the Thiruvananthapuram

We use cookies to give you the best possible experience. Learn more