| Friday, 14th April 2017, 1:11 pm

സി.പി.ഐ.എമ്മുമായി സാഹോദര്യ ബന്ധം; ഇടതു നയം മറന്ന് കാനം പ്രതികരിച്ചിട്ടില്ലെന്നും ബിനോയ് വിശ്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു പിന്തുണയുമായി സി.പി.ഐ നേതാവും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വം. ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണ് കാനത്തിന്റെ പ്രതികരണമെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രസ്താവന. ആ നിലപാട് മറന്നു കാനം പ്രതികരിച്ചിട്ടില്ലെന്നും സി.പി.ഐ.എമ്മുമായി സി.പി.ഐയ്ക്ക് സാഹോദര്യ ബന്ധമാണുള്ളതെന്നും ബിനോയ് വിശ്വം പറഞ്ഞു.

സര്‍ക്കാരിനു സംഭവിച്ച വീഴ്ച്ചകളെ ഓരോന്നായി എണ്ണിപ്പറഞ്ഞു കൊണ്ട് ഇന്നലെ കാനം രംഗത്തെത്തിയിരുന്നു. നിലമ്പൂര്‍, വര്‍ഗ്ഗീസ്, മഹിജ, മൂന്നാര്‍ തുടങ്ങിയ വിഷയങ്ങളില്‍ സി.പി.ഐ ഇന്നലെ നിലപാട് വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷത്തിന്റയല്ല ഇടതുപക്ഷത്തിന്റെ നിലപാടാണ് സി.പി.ഐയുടേതെന്നായിരുന്നു കാനം പറഞ്ഞത്.

വീണ്ടും മന്ത്രിയാകാനുള്ള ശ്രമമാണോ ജയരാജന്റെ പ്രസ്താവനയ്ക്ക് പിന്നിലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചോദിച്ചിരുന്നു. അതേസമയം, ജയരാജന്‍ വലിയ ആളാണെന്നും അദ്ദേഹം മുന്നണിയ്ക്ക് വേണ്ടി ചെയ്തതൊന്നും വിലയിരുത്താനാകില്ലെന്നും കാനം പരിഹസിക്കുകയും ചെയ്തു.

മേലാവിയെന്ന പദം അദ്ദേഹം മലയാളത്തിനു നല്‍കിയ സംഭവാനയാണ്. പൊലീസ് നടപ്പിലാക്കുന്നത് ഇടതു നയമല്ലെന്നും പൊലീസിനു മേല്‍ സര്‍ക്കാരിനു നിയന്ത്രണമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. മൂന്നാര്‍ വിഷയത്തില്‍ മുന്നണിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ തയ്യാറാണെന്നും കാനം വ്യക്തമാക്കിയിരുന്നു.

സി.പി.ഐ പ്രതിപക്ഷമാകുന്നുവെന്ന പ്രകാശ് കാരാട്ടിന്‍െ പ്രസ്താവനയ്ക്കും കാനം മറുപടി നല്‍കിയിരുന്നു. പ്രതിപക്ഷത്തിന്റേയല്ല സി.പി.ഐയുടെ നയം ഇടതുപക്ഷത്തിന്റേതാണെന്നായിരുന്നു കാനത്തിന്റെ മറുപടി. നിലമ്പൂരിലെ മാവോയിസ്റ്റുകളുടെ കൊലപാതകം ഉദാഹരണമാണെന്നും കാനം പറഞ്ഞിരുന്നു. കൊലയെ അനുകൂലിക്കുകയാണ് കേരളത്തിലെ പ്രതിപക്ഷം ചെയ്തതത്. എന്നാല്‍ ഇന്ത്യയിലെ ഇടതുപക്ഷം നിലമ്പൂരിലെ പൊലീസ് നടപടിയെ എതിര്‍ക്കുകയാണ്. ഇടതു സര്‍ക്കാര്‍ യു.എ.പി.എ നടപ്പിലാക്കരുതെന്നും കാനം അഭിപ്രായപ്പെട്ടു.

ഇടതുപക്ഷ നിലപാടുകളില്‍ സര്‍ക്കാര്‍ ദുര്‍ബലപ്പെടുമ്പോള്‍ തടയുക എന്നതാണ് സി.പി.ഐയുടെ ലക്ഷ്യമെന്നും കാനം പറഞ്ഞിരുന്നു. മൂന്നാര്‍ വിഷയത്തില്‍ സി.പി.ഐയ്ക്കൊരു നിലപാടും സി.പി.ഐ.എമ്മിന് മറ്റൊരു നിലപാട് എന്നില്ലെന്നും എല്‍.ഡി.എഫിന്റെ നിലപാടാണ് സര്‍ക്കാരിന്റെ നിലപാടെന്നും കാനം പറഞ്ഞിരുന്നു.


Also Read; ‘ ആരാധകരെ ഞെട്ടിച്ച നരെയ്‌ന്റെ ഓപ്പണിംഗ് എന്‍ട്രി’; തീരുമാനത്തിനു പിന്നിലെ കാരണം വെളിപ്പെടുത്തി നായകന്‍ ഗൗതം ഗംഭീര്‍


മന്ത്രിസഭാ തീരുമാനങ്ങളെ രഹസ്യമാക്കുന്നതിനോട് യോജിപ്പില്ലെന്നും കാനം അഭിപ്രായപ്പെട്ടു. വിവരാവകാശ നിയമം നടപ്പാക്കരുതെന്ന് കാരാട്ടിന് പറയാകുമോ എന്ന് കാനം ചോദിച്ചു. മഹിജയുടെ സമരം അവസാനിപ്പിക്കാന്‍ താന്‍ ഇടപെട്ടെന്നു പറഞ്ഞിട്ടില്ല.

മഹിജയുടെ സമരം കൊണ്ട് അവരെന്തു നേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന് കാനം ഇങ്ങനെ മറുപടി നല്‍കിയിരുന്നു. സമരം കൊണ്ട് എന്തുനേടിയെന്ന ചോദ്യം പണ്ടു കാലത്തു മുതലാളിമാര്‍ ചോദിച്ചിരുന്നതാണ്. മഹിജയ്ക്കെതിരായ പൊലീസ് നടപടി ഇടതു നയത്തിനു വിരുദ്ധമാണെന്നും കാനം അഭിപ്രായപ്പെടുകയുണ്ടായി.

മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായി മുന്‍ ഡി.ജി.പി രമണ്‍ ശ്രീവാസ്തവയെ നിയമിക്കുന്നതിലും കാനം അതൃപ്തി രേഖപ്പെടുത്തി. കെ.കരുണാകരനേയും സിറാജുന്നീസയേയും ഓര്‍മ്മ വരുന്നു എന്നായിരുന്നു കാനത്തിന്റെ പ്രതികരണം.

We use cookies to give you the best possible experience. Learn more