എസ്.ഡി.പി.ഐയെയോ പോപ്പുലര്‍ ഫ്രണ്ടിനെയോ പോലെ ലീഗിനെ കാണാനാവില്ല; മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് ബിനോയ് വിശ്വവും
Kerala News
എസ്.ഡി.പി.ഐയെയോ പോപ്പുലര്‍ ഫ്രണ്ടിനെയോ പോലെ ലീഗിനെ കാണാനാവില്ല; മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് ബിനോയ് വിശ്വവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th December 2022, 1:14 pm

തിരുവനന്തപുരം: മുസ്‌ലിം ലീഗിന്റെ നിലപാടുകളെ പിന്താങ്ങിക്കൊണ്ടുള്ള സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമര്‍ശത്തിന് പിന്നാലെ ലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയല്ലെന്ന പരാമര്‍ശം ആവര്‍ത്തിച്ച് സി.പി.ഐ നേതാവ് ബിനോയ് വിശ്വം.

മുസ്‌ലിം ലീഗ് അടിസ്ഥാനപരമായി ഒരിക്കലും ഒരു വര്‍ഗീയ പാര്‍ട്ടിയല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വര്‍ഗീയപരമായി ചില ചാഞ്ചാട്ടങ്ങള്‍ കാണിച്ചിട്ടുണ്ടെങ്കിലും ലീഗിനെ ഒരു വര്‍ഗീയ പാര്‍ട്ടിയായി മാറ്റിനിര്‍ത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്.ഡി.പി.ഐയെയോ പോപ്പുലര്‍ ഫ്രണ്ടിനെയോ പോലെ ലീഗിനെ വര്‍ഗീയ പാര്‍ട്ടിയായി കാണാനാവില്ലെന്ന് പറഞ്ഞ ബിനോയ് വിശ്വം ലീഗിനെ എല്‍.ഡി.എഫ് മുന്നണിയില്‍ എടുക്കുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ അപക്വമാണെന്നും കൂട്ടിച്ചേര്‍ത്തു.

യു.ഡി.എഫ് വിടില്ലെന്ന കാര്യത്തില്‍ ലീഗ് അവരുടെ നിലപാട് വ്യക്തമാക്കിയതാണെന്നും ഇനിയും ഈ വിഷയം ചര്‍ച്ച ചെയ്യുന്നത് മാധ്യമങ്ങളുടെ വാര്‍ത്താ ദാരിദ്ര്യമാണെന്നുമാണ് ബിനോയ് വിശ്വം പ്രതികരിച്ചത്.

അതേസമയം, ബിനോയ് വിശ്വം തന്റെ നിലപാട് വ്യക്തമാക്കിയെങ്കിലും ലീഗിനെ കുറിച്ചുള്ള എം.വി ഗോവിന്ദന്റെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശങ്ങളില്‍ സി.പി.ഐക്ക് അതൃപ്തിയുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

സി.പി.ഐ സംസ്ഥാന നേതൃത്വമാണ് എം.വി ഗോവിന്ദന്റെ പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ചത്. യു.ഡി.എഫിലെ ഒരു കക്ഷിയെ പുകഴ്‌ത്തേണ്ട കാര്യം അദ്ദേഹത്തിന് ഇല്ലായിരുന്നു എന്ന് സി.പി.ഐ നേതൃത്വം അഭിപ്രായപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇപ്പോള്‍ നടക്കുന്നത് അനാവശ്യമായ ചര്‍ച്ചകളാണെന്നും സി.പി.ഐ വ്യക്തമാക്കി.

വര്‍ഗീയതയ്‌ക്കെതിരെയും ഗവര്‍ണര്‍ വിഷയത്തിലും ലീഗ് കൃത്യമായ നിലപാട് എടുത്തു, എന്നായിരുന്നു എം.വി. ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. നയവും നിലപാടും നോക്കിയാണു പാര്‍ട്ടികളോടുള്ള സമീപനമെന്നും ലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയല്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

എന്നാല്‍ മുസ്‌ലിം ലീഗിനെ എല്‍.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ലീഗ് സ്വീകരിച്ച നിലപാടുകളെയാണ് സ്വാഗതം ചെയ്തതെന്നും പിന്നാലെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എല്‍.ഡി.എഫ് ആര്‍ക്കുമുന്നിലും വാതിലടച്ചിട്ടില്ലെന്നും വലതുനയവും നിലപാടുകളും തിരുത്തി വരുന്നവരെ പാര്‍ട്ടി സ്വാഗതം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന അഭിപ്രായം എം.വി. ഗോവിന്ദന്റേത് മാത്രമല്ലെന്നും അത് സമൂഹത്തിന്റെ മൊത്തം അഭിപ്രായമാണെന്നുമായിരുന്നു ഈ പരാമര്‍ശത്തോടുള്ള പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം.

Content Highlight: CPI leader Binoy Viswam says Muslim League is not a Communal party