| Friday, 6th November 2020, 4:17 pm

'മാവോയിസ്റ്റ് ഭീഷണി ഇതിലും ശക്തമായി ഉണ്ടായിരുന്ന കാലത്ത് നേരിട്ടത് തണ്ടര്‍ ബോള്‍ട്ടല്ല'; കൊലപാതകങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ബിനോയ് വിശ്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തണ്ടര്‍ബോള്‍ട്ടിന് പണവും ആയുധവും നല്‍കി കയറൂരി വിട്ട് ഉണ്ടാകുന്ന രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടു പിടിക്കാന്‍ പറ്റുമെന്ന വാദഗതി ഇടതുപക്ഷത്തിന്റെതല്ലെന്ന് സി.പി.ഐ നേതാവും രാജ്യസഭാ എം.പിയുമായ ബിനോയ് വിശ്വം. മാതൃഭൂമി ഡോ.കോമിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ പൊതു ജീവിതത്തെ തടയുന്ന തരം മാവോയിസ്റ്റ് ഭീഷണിയൊന്നും തന്നെ കേരളത്തിലില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. കേരളത്തില്‍ ശക്തമായ മാവോയിസ്റ്റ് ഭീഷണിയുണ്ടായ കാലത്ത് അതിനെ ഇല്ലാതാക്കിയത് തണ്ടര്‍ ബോള്‍ട്ട് വന്നിട്ടല്ലെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തില്‍ ഇതിനേക്കാള്‍ ശക്തമായിട്ട് മാവോയിസ്റ്റ് ഭീഷണിയും നക്സലൈറ്റ് പ്രവര്‍ത്തനവും ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. അതിനെ ഇല്ലാതാക്കിയത് തണ്ടര്‍ബോള്‍ട്ടുകള്‍ വന്നിട്ടല്ല. മാവോയിസ്റ്റ് രാഷ്ട്രീയത്തിന്റെ അല്ലെങ്കില്‍ എക്സ്ട്രിമിസ്റ്റ് രാഷ്ട്രീയത്തിന്റെ കഥയില്ലായ്മ ജനങ്ങള്‍ക്ക് മനസ്സിലാവുകയും അതിനെ ഒറ്റപ്പെടുത്തുകയുമായിരുന്നു,’ അദ്ദേഹം പറഞ്ഞു.

മാവോയിസത്തിന്റെ വിഷയം അവരുടെ രാഷ്ട്രീയമാണ്. അതിന്റെ കാരണങ്ങള്‍ കണ്ടെത്തി പരിഹാരം കാണാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാവോയിസ്റ്റുകളെ നേരിടുന്നതില്‍ വലത് പക്ഷ തീവ്രവാദവും അവരുടെ സര്‍ക്കാരുകളും അവലംബിക്കുന്ന രീതിയല്ല ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മാവോയിസ രാഷ്ട്രീയം തെറ്റാണ്. പക്ഷെ അത് തെറ്റാണ് എന്നത് കൊണ്ട് മാത്രം വെടിവെച്ച് കൊല്ലുന്നതിനെ പിന്തുണയ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് ആത്മരക്ഷാര്‍ത്ഥം വെടിവെച്ചുവെന്ന വാദത്തെയും അദ്ദേഹം എതിര്‍ത്തു. വൈത്തിരിയിലുണ്ടായ വെടിവെപ്പില്‍ മരിച്ച സിപി ജലീലിന്റേതുള്‍പ്പെടെയുള്ളവരുടെ മൃതദേഹം പരിശോധിക്കുമ്പോള്‍ മാവോയിസ്റ്റുകളുടെ ഭാഗത്ത് നിന്ന് ആക്രമണമണ്ടായതായി പറയുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

മാവോയിസ്റ്റുകള്‍ ഉന്നയിക്കുന്നത് സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങളാണ്. അതിന് പരിഹാരം തോക്കല്ല. വയനാട്ടിലേത് ഏകപക്ഷീയമായ വെടിവെപ്പാണ് ഉണ്ടായതെന്നും മജിസ്റ്റീരിയല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വയനാട്ടിലെ ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വെടിവെപ്പില്‍ പൊലീസിന് പരിക്ക് പറ്റിയിട്ടില്ലെന്നും അത് തെളിയിക്കുന്നത് ഏകപക്ഷീയ വെടിപ്പാണ് എന്നുമായിരുന്നു കാനം പറഞ്ഞത്.

നവംബര്‍ മൂന്നിനാണ് വയനാട്ടിലെ പടിഞ്ഞാറത്തറയില്‍ വെടിവെപ്പുണ്ടാകുന്നത്. സംഭവത്തില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെടുകയും ചെയ്തു. തമിഴ്‌നാട് സ്വദേശി വേല്‍മുരുകനാണ് കൊല്ലപ്പെട്ടത്. വേല്‍മുരുകന്റെ ശരീരത്തില്‍ നിന്ന് നാല് വെടിയുണ്ടകളാണ് കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നാല്‍പതിലേറെ മുറിവുകളുണ്ടായതായും വ്യക്തമാക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CPI Leader Binoy Viswam says killing Maoists

Latest Stories

We use cookies to give you the best possible experience. Learn more