| Wednesday, 30th October 2019, 11:06 am

ലോകത്ത് ഒരിടത്തും മനുഷ്യരെ വെടിവെച്ചുകൊന്ന ഒരു പൊലീസും ഞങ്ങള്‍ അങ്ങോട്ട് വെടിവെച്ചു എന്ന് പറയാറില്ല; ആ സംസ്‌ക്കാരമാണ് കേരളാ പൊലീസിനും: ബിനോയ് വിശ്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഷ്യം മാത്രം സ്വീകരിക്കാന്‍ കഴിയില്ലെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം.

കേരളത്തിന്റെ പല ഭാഗത്തായി ഇത് മൂന്നാം തവണയാണ് മാവോയിസ്റ്റുകള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ ഇതുപോലെ വെടിയേറ്റുവീഴുന്നതെന്നും ബിനോയ് വിശ്വം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

‘കേരളത്തിനെ ഞാന്‍ കാണുന്നത് ഇന്ത്യയ്ക്ക് മുഴുവന്‍ വഴികാണിക്കേണ്ട ഇന്ത്യന്‍ രാഷ്ട്രീയത്തിന്റേയും ഇന്ത്യന്‍ ജീവിതത്തിന്റേയും ഒരു തുരുത്തായിട്ടാണ്. വലതുപക്ഷ ഗവണ്‍മെന്റുകള്‍ നടപ്പിലാക്കുന്ന അതേ നയങ്ങളുടെ ഭാഷയിലല്ല കേളത്തിലെ പൊലീസ് മാവോയിസ്റ്റ് പ്രശ്‌നം കൈകാര്യം ചെയ്യേണ്ടത്.

ഇന്ന് വരെ ലോകത്ത് ഒരിടത്തും മനുഷ്യരെ വെടിവെച്ചുകൊന്ന ഒരു പൊലീസും ഞങ്ങള്‍ അങ്ങോട്ട് വെടിവെച്ചു എന്ന് പറയാറേയില്ല. ആരും പറഞ്ഞിട്ടില്ല. കേരളാ പൊലീസിനും ആ സംസ്‌ക്കാരം ഉണ്ടാകും. എല്‍.ഡി.എഫിന് ആ സംസ്‌ക്കാരം ഇല്ല. പക്ഷേ പൊലീസ് എന്ന് പറയുന്നത് തുടര്‍ച്ചയാണ്. പൊലീസിന്റെ സംസ്‌ക്കാരം സ്വന്തം വീഴ്ച മറച്ചുവെക്കാന്‍ വേണ്ടിയുള്ള വാദങ്ങള്‍ എപ്പോഴും കെട്ടിത്തൂക്കുകയാണ്.

അതുകൊണ്ട് ഇത്തരമൊരു ഏറ്റുമുട്ടല്‍ കഥ, അത് ഇന്ത്യയുടെ പല ഭാഗത്തും ഉണ്ടായതായി നമുക്കറിയാം. അത് വ്യാജ കഥയാണ്. വ്യാജ ഏറ്റുമുട്ടല്‍ കഥയുണ്ടാക്കി സ്വന്തം വീഴ്ച മറച്ചുവെക്കാന്‍ ശ്രമിക്കുന്ന പൊലീസിന്റെ അതേ ശൈലി കേരളത്തിലെ പൊലീസ് സ്വീകരിക്കുന്നത് കേരളത്തിലെ ഇടതുപക്ഷ ഗവര്‍മെന്റിന്റെ നയം അറിയാത്തതുകൊണ്ടായിരിക്കാം. അവരെ ആ നയം അറിയിച്ചേ മതിയാകൂ. – ബിനോയ് വിശ്വം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിയമസഭയില്‍ മുഖ്യമന്ത്രി പോലും പൊലീസിനെ അനുകൂലിച്ച് സംസാരിച്ചല്ലോയെന്നും മാവോയിസ്റ്റുകള്‍ ആണ് ആദ്യം വെടിവെച്ചത് എന്ന് ഇടതുസര്‍ക്കാരിന്റെ മുഖ്യമന്ത്രി പറഞ്ഞല്ലോയെന്നുമുള്ള ചോദ്യത്തിന് ‘അടിയന്തര പ്രമേയം സഭയില്‍ വന്ന് കഴിഞ്ഞാല്‍ മുഖ്യമന്ത്രിക്കല്ല ഏത് മന്ത്രിക്കും ആശ്രയിക്കാനുള്ളത് അദ്ദേഹത്തിന്റെ വകുപ്പില്‍ നിന്ന് കിട്ടുന്ന വിവരങ്ങളാണെന്നും ആ വിവരങ്ങളാണ് അദ്ദേഹം പറഞ്ഞതെന്നു’മായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി.

‘ഈ ഘട്ടത്തില്‍ അതേ പറയാന്‍ കഴിയുകയുള്ളൂ. പക്ഷേ സത്യം അതിനുപ്പുറത്തായിരിക്കുമെന്ന് ചിന്തിക്കാനുള്ള രാഷ്ട്രീയ ബുദ്ധിയുള്ള വിവേകമുള്ള കമ്യൂണിസ്റ്റ് ബോധമുള്ള നേതാവാണ് സഖാവ് പിണറായിയെന്നാണ് എന്റെ വിശ്വാസം. എനിക്ക് ഇപ്പോഴും ബോധ്യമുണ്ട് പിണറായി വിജയന്‍ നയിക്കുന്ന എല്‍.ഡി.എഫ് ഗവണ്‍മെന്റിന് ഇന്ത്യയുടെ മറ്റു പല ഭാഗത്തുമുള്ള വലതുപക്ഷ ഗവണ്‍മെന്റുകളെപ്പോലെ മാവോയിസ്റ്റ് വേട്ടയുടെ മാര്‍ഗം സ്വീകരിക്കാന്‍ കഴിയില്ല എന്ന്.

അതല്ല മാര്‍ഗം. ആ ആശയത്തെ നേരിടേണ്ടത് ആയുധം കൊണ്ടല്ല. മാവോയിസ്റ്റ് ആശയം തെറ്റാണ്. അപ്രയോഗികമാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനം, കമ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ നാല്‍പ്പതുകളില്‍ ഇന്ത്യയില്‍ പരീക്ഷിച്ച് പരാജയപ്പെട്ട്, ഇന്ത്യന്‍ സാഹചര്യങ്ങളില്‍ നടപ്പിലാക്കാന്‍ പറ്റാത്ത തെറ്റായ നയമാണെന്ന് കണ്ടെത്തി മാറ്റിവെച്ച കാര്യമാണ് മാവോയിസ്റ്റ് സഖാക്കള്‍ ഇപ്പോഴും വലിയ കാര്യമായി എടുത്ത് നടപ്പിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. – ബിനോയ് വിശ്വം പറഞ്ഞു.

കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നെന്നും ആദിവാസി ദൂതരെ മുന്‍നിര്‍ത്തി ചര്‍ച്ച നടത്തിയിരുന്നുവെന്നും ആദിവാസി കൗണ്‍സില്‍ നേതാവ് പറഞ്ഞിരുന്നുവെന്നും സത്യം പുറത്തുവരാന്‍ എന്താണ് ഇനി ചെയ്യേണ്ടത് എന്ന ചോദ്യത്തിന് ‘അത്തരത്തില്‍ പുറത്തുവരുന്ന എല്ലാം കണക്കിലെടുക്കണ’മെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി. ‘അവിടുത്തെ ആദിവാസികള്‍, മനുഷ്യര്‍ ചുറ്റുപാടും ജീവിക്കുന്നവര്‍ അവരെല്ലാം പറയുന്ന ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേള്‍ക്കണം. കണക്കിലെടുക്കണം. പൊലീസിന്റെ വാദം മാത്രം സ്വീകരിക്കാന്‍ കഴിയില്ല. തണ്ടര്‍ബോള്‍ട്ടിന്റെ പേരില്‍, ടെററിന്റെ പേരില്‍ ബി.ജെ.പി ഗവര്‍മെന്റ് കോടിക്കണക്കിന് രൂപ വാരിക്കോരി ചിലവഴിക്കുന്നുണ്ട്.

അപ്പോള്‍ തണ്ടര്‍ബോള്‍ട്ട് പറയുന്നത് മാത്രം വിശ്വസിക്കാന്‍ കഴിയില്ല. തണ്ടര്‍ ബോള്‍ട്ടിന് അവര്‍ ചിലവഴിക്കുന്ന ഈ വലിയ തുകയ്ക്ക് വിശദീകരണം വേണം. അതിന് ഇടക്കിടെ ഇത്തരത്തിലുള്ള ഏറ്റുമുട്ടല്‍ വേണം. അവിടെയെല്ലാം മരിച്ചുവീഴുന്നത് മനുഷ്യരാണെന്ന കാര്യം നമ്മള്‍ മറന്നുപോകുന്നു. തണ്ടര്‍ബോള്‍ട്ടിന്റേയോ പൊലീസിന്റെയോ മാത്രം ഭാഷ്യമല്ല ഇടതുപക്ഷ സര്‍ക്കാരിന് വഴികാട്ടിയാവേണ്ടത്- ബിനോയ് വിശ്വം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more