| Tuesday, 4th January 2022, 4:47 pm

ബി.ജെ.പിയെ നേരിടാന്‍ രാഹുല്‍ ഗാന്ധിയല്ലാതെ മറ്റാരാണുള്ളത്, കോണ്‍ഗ്രസില്ലാതെ രാഷ്ട്രീയ ബദല്‍ സാധ്യമല്ല: കാനം രാജേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തിക്കൊണ്ട് ബി.ജെ.പിയ്‌ക്കെതിരായ രാഷ്ട്രീയ ബദല്‍ സാധ്യമാവില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബി.ജെ.പിയെ നേരിടാന്‍ ദേശീയ-തദ്ദേശീയ പാര്‍ട്ടികളുടെ വിപുലമായ സഖ്യം വേണമെന്നും അതില്‍ നിന്നും കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്താനാവില്ലെന്നും കാനം പറഞ്ഞു.

ബി.ജെ.പിയ്‌ക്കെതിരായ രാഷ്ട്രീയസഖ്യത്തെ നയിക്കാന്‍ രാഹുല്‍ ഗാന്ധിയല്ലാതെ മറ്റൊരു നേതാവിനെ കാണിച്ചു തരാന്‍ സാധിക്കുമോ എന്നും കാനം ചോദിച്ചു.

നേരത്തെ സി.പി.ഐയുടെ രാജ്യസഭാ എം.പിയായ ബിനോയ് വിശ്വവും ദേശീയരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് നിര്‍ണായക പങ്കുണ്ടെന്ന് പറഞ്ഞിരുന്നു. ബിനോയ് വിശ്വം പറഞ്ഞത് ദേശീയരാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണെന്നും, കേരളത്തിലേത് വ്യത്യസ്തമായ സാഹചര്യമാണെന്നുമായിരുന്നു കാനത്തിന്റെ വിശദീകരണം.

2004ലും 2009ലും ദേശീയതലത്തില്‍ ഇടതുപക്ഷം യു.പി.എ സഖ്യത്തെ പിന്തുണച്ചപ്പോഴും കേരളത്തില്‍ തെരഞ്ഞെടുപ്പുണ്ടായിരുന്നുവെന്നും, എന്നാല്‍ ദേശീയ തലത്തിലെ ബന്ധം കേരളത്തിലെ തെരഞ്ഞെടുപ്പിനെ ബാധിച്ചിരുന്നില്ലെന്നും കാനം പറയുന്നു.

ദേശീയതലതത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നാലുണ്ടാവുന്ന ശൂന്യത നികത്താന്‍ ഇടതുപക്ഷത്തിനാവില്ലെന്നായിരുന്നു സി.പി.ഐ നേതാവും എം.പിയുമായ ബിനോയ് വിശ്വം പറഞ്ഞത്. കഴിഞ്ഞ ദിവസം പി.ടി. തോമസ് അനുസ്മരണവേദിയില്‍ വെച്ചായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

Binoy Viswam taken into custody by Mangaluru police for violating curfew | Binoy Viswam arrested in mangaluru| CAA protest live updates| Binoy Viswam

കോണ്‍ഗ്രസ് തകര്‍ന്നുപോകരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കോണ്‍ഗ്രസ് തകര്‍ന്നാല്‍ അവിടെ സംഘപരിവാര്‍ സംഘടനകള്‍ ശക്തിപ്പെട്ടുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് തകര്‍ന്നുപോകരുത് എന്നാണ് താന്‍ ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ് തകര്‍ന്നാലുണ്ടാകുന്ന വിടവ് നികത്താനുള്ള കെല്‍പ് ഇടതുപക്ഷത്തിന് ഇല്ല. കോണ്‍ഗ്രസ് വലിയ പ്രാധാന്യമുള്ള പാര്‍ട്ടിയാണ്. വിയോജിപ്പ് ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് തിരിച്ചറിവുണ്ട്.

കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ കാതല്‍ നെഹ്‌റുവിന്റെ രാഷ്ട്രീയം ആയിരുന്നു. ഇതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അപചയം ഉണ്ടായി. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ഉണ്ടാകുന്ന ശൂന്യത ഉണ്ട്. കോണ്‍ഗ്രസിന് മാത്രമേ ആ ശൂന്യത നികത്താന്‍ കഴിയുകയുള്ളൂ എന്നുമാണ് ബിനോയ് വിശ്വം പറഞ്ഞത്.

അതേസമയം, ബിനോയ് വിശ്വത്തെ പിന്തുണച്ച് പാര്‍ട്ടി മുഖപത്രമായ ജനയുഗവും രംഗത്തെത്തിയിരുന്നു. മുഖപ്രസംഗത്തിലൂടെയായിരുന്നു ജനയുഗത്തിന്റെ പരസ്യപിന്തുണ.

ബിനോയ് വിശ്വം നടത്തിയ പരാമര്‍ശത്തിന് സമിശ്രമായ പ്രതികരണമാണ് ഉണ്ടായതെന്നും ഇത്തരം പ്രതികരണം തികച്ചും സ്വാഭാവികവും ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ ഗൗരവമായ ചര്‍ച്ചയ്ക്ക് വഴിയൊരുക്കേണ്ടതുമാണെന്നുമായിരുന്നു ജനയുഗം മുഖപ്രസംഗത്തില്‍ പറഞ്ഞിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: CPI Kerala State Secretary Kanam Rajendran supports the statement of Binoy Viswam about Congress

We use cookies to give you the best possible experience. Learn more