സി.പി.ഐയുടെ രാഷ്ട്രീയ നയത്തെ ജനറല്‍ സെക്രട്ടറി അട്ടിമറിച്ചെന്ന് കേരള നേതാക്കള്‍
Daily News
സി.പി.ഐയുടെ രാഷ്ട്രീയ നയത്തെ ജനറല്‍ സെക്രട്ടറി അട്ടിമറിച്ചെന്ന് കേരള നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st June 2014, 2:59 pm

[] ന്യൂദല്‍ഹി: സി.പി.ഐയുടെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ ദേശിയ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. സി.പി.ഐയുടെ രാഷ്ട്രീയനയത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എസ്. സുധാകര റെഢി അട്ടിമറിച്ചെന്നാണ് പാര്‍ട്ടി കേരള നേതാക്കളുടെ വിമര്‍ശനം.

പാര്‍ട്ടിയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്യാതെയായിരുന്നു മുന്‍ ജനറല്‍ സെക്രട്ടറി എ.പി ബര്‍ദന്റെ പല പ്രസ്താവനകളെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് പരാജയത്തില്‍ ദേശീയ നേതാക്കളാണ് ഉത്തരവാദികളെന്നും ന്യൂദല്‍ഹിയില്‍ ചേര്‍ന്ന സി.പി.ഐയുടെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. അതേ സമയം ഇന്നലെ നടന്ന നിര്‍വാഹക സമിതിയോഗത്തില്‍ തിരഞ്ഞെടുപ്പിലെ പരാജത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്രസെക്രട്ടറിയേറ്റ് രാജിസന്നദ്ധത അറിയിച്ചിരുന്നു.

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ കേന്ദ്ര നേതാക്കള്‍ രാജിവെച്ചാല്‍ അതു മോശം കീഴ്വഴക്കമാകുമെന്ന അഭിപ്രായവും ചില നേതാക്കള്‍ക്കുണ്ട്. പാര്‍ട്ടി നേരിടുന്ന പ്രതിസന്ധി ഗൗരവമായി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പ്ലീനം വിളിച്ചുചേര്‍ക്കണമെന്ന് യോഗത്തില്‍ മുന്‍മന്ത്രി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. സി.പി.എമ്മിനെതിരെയും നിര്‍വാഹകസമിതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതില്‍ സി.പി.എം പരാജയപ്പെട്ടെന്ന് യോഗത്തില്‍ വിലയിരുത്തി.