| Thursday, 5th January 2017, 9:33 am

എം.ടിക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ കമല്‍ സി.ചവറ അറസ്റ്റിലായിരുന്നപ്പോള്‍ നിശബ്ദരായിരുന്നു: വിമര്‍ശനവുമായി സി.പി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മോദിയുടെ നോട്ട് നിരോധത്തിനെതിരെ നിലപാട് സ്വീകരിച്ച സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്കെതിരെയുളള ബി.ജെ.പി ആക്രമണങ്ങളില്‍ നിലപാട് വ്യക്തമാക്കി സി.പി.ഐ.

എം.ടിക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ കമാല്‍ സി ചവറ അറസ്റ്റിലായിരുന്നപ്പോള്‍ നിശബ്ദരായിരുന്നെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

എം.ടിക്കുളള പിന്തുണയുടെ പേരില്‍ ഇത്രയും ഒച്ചപ്പാടിന്റെ കാര്യമില്ല. എംടിയെ പിന്തുണയ്ക്കാനും വിമര്‍ശിക്കാനുമുളള അവകാശം ഒരുപോലെ സംരക്ഷിക്കപ്പെടണം. പൗരസ്വാതന്ത്ര്യം എന്നത് എല്ലാവരുടെയും അവകാശമാണെന്നും കാനം പറഞ്ഞു.

നോട്ട് റദ്ദാക്കിയത് സംബന്ധിച്ച് എംടിയുടെ കാഴ്ചപ്പാട് ശരിയാണെന്ന് തന്നെയാണ് സി.പി.ഐയുടെ അഭിപ്രായം. എഴുത്തുകാരന്റെ മൗലികാവകാശമെന്ന നിലയ്ക്ക് ഇത്തരം സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. എന്നാല്‍ എതിരഭിപ്രായക്കാരുടെ വായ മൂടിക്കെട്ടരുതെന്നും കാനം പറഞ്ഞു.

മോദിയുടെ നോട്ട് അസാധു ആക്കല്‍ തുഗ്ലക്ക് പരിഷ്‌ക്കാരമെന്നായിരുന്നു എം ടി വാസുദേവന്‍ നായരുടെ വിമര്‍ശനം.

തുഗ്ലക് തലസ്ഥാനം മാറ്റിയത് അരക്കിറുക്കുകൊണ്ടു മാത്രമല്ല. തന്റെ പരിഷ്‌കാരങ്ങള്‍ ആരും എതിര്‍ക്കാന്‍ പാടില്ലെന്ന ലക്ഷ്യത്തോടെയായിരുന്നു. തുഗ്ലക്കിന്റെ കൊട്ടാരത്തിലേക്ക് ജനത്തിന്റെ എതിര്‍ശബ്ദം എത്തിയപ്പോഴാണ് തലസ്ഥാനം മാറ്റാന്‍ അദ്ദേഹം തുനിഞ്ഞത്.

ഇത്തരം എതിര്‍പ്പുകള്‍ ഓരോ കാലത്തും ഉയര്‍ന്നുവരും. രാജ്യത്തിന്റെ ഏറ്റവും ഉത്തരവാദിത്തമുള്ള സ്ഥാനത്തുള്ളവര്‍ മാത്രമല്ല റിസര്‍വ്വ് ബാങ്കും നിലപാട് മാറ്റി പറയുകയാണെന്ന് എംടി ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിന് പുറകേ എം ടിയെ വിമര്‍ശിച്ച് സംസ്ഥാന ബി.ജെ.പി ഘടകം രംഗത്ത് എത്തി. മോദിയെ വിമര്‍ശിക്കാന്‍ എം.ടി ക്ക് എന്ത് അവകാശമാണ് ഉള്ളതെന്നും കാലം മാറിയതൊന്നും എം.ടി അറിഞ്ഞില്ലേയെന്നും ബി.ജെ.പി ചോദിച്ചിരുന്നു. ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങളും മറ്റ് സംവിധാനങ്ങളും ലഭിക്കാന്‍ എകെജി സെന്ററിന് മു്ന്നില്‍ കാവല്‍ നില്‍ക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകനാണ് എം ടി എന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്.

We use cookies to give you the best possible experience. Learn more