മലപ്പുറം ജില്ലയിലെ ചെറുകാവില്‍ വയല്‍ നികത്തല്‍ വ്യാപകമാകുമ്പോള്‍ പരസ്പരം പഴിചാരുകയാണ് ഇടതു യുവജവന സംഘടനകളായ ഡി.വൈ.എഫ്.ഐയും എ.ഐ.വൈ.എഫും. ചെറുകാവിലെ പുത്തൂപ്പാടത്ത് വയല്‍ നികത്തലിന് ഒത്താശ ചെയ്തത് സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫാണെന്നാണ് പ്രാദേശിക ഡി.വൈ.എഫ്.ഐ നേതൃത്വത്തിന്റെ ആരോപണം. അതേസമയം ഡി.വൈ.എഫ്.ഐ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ സ്വയംമെനഞ്ഞെടുക്കുകയാണെന്നാണ് എ.ഐ.വൈ.എഫ് പറയുന്നത്.
ഏറ്റവുമൊടുവില്‍ സി.പി.ഐയുടെ കൊണ്ടോട്ടി മണ്ഡലം സമ്മേളനത്തിനോടനുബന്ധിച്ച് മണ്ണ് മാഫിയകളുടെ പക്കല്‍ നിന്ന് സി.പി.ഐ ഫണ്ട് പിരിച്ചുവെന്നാണ് ഡി.വൈ.എഫ്.ഐയുടെ ആരോപണം. ഇത് തങ്ങളോട് പറഞ്ഞത് സി.പി.ഐയുടെ ഔദ്യോഗിക ഭാരവാഹികളാണെന്നും ഡി.വൈ.എഫ്.ഐ ചെറുകാവ് മേഖല സെക്രട്ടറി നജ്മുദ്ദീന്‍ ഓലശ്ശേരി പറയുന്നു.
“സി.പി.ഐയുടെ നേതാക്കളാണ് വയല്‍ നികത്തുന്നവര്‍ക്ക് ഒത്താശ ചെയ്യുന്നത്. എ.ഐ.വൈ.എഫ് നേതാക്കള്‍ ആദ്യം വയല്‍ നികത്തുന്നിടത്ത് സ്ഥലമുടമയെ പോയി ഭീഷണിപ്പെടുത്തുകയാണ്. പിന്നീട് ഇവരുടെ കൈയില്‍ നിന്ന് കാശ് വാങ്ങി വയല്‍ നികത്താന്‍ വേണ്ട സൗകര്യം ചെയ്തുകൊടുക്കുന്നു.” നജ്മുദ്ദീന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. റവന്യൂ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് സി.പി.ഐ വയല്‍ നികത്തലിന് കൂട്ടുനില്‍ക്കുകയാണെന്നും നജ്മുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. സി.പി.ഐ പ്രദേശിക നേതൃത്വത്തിന്റെ ഭീഷണിക്കെതിരെ ജില്ലാ നേതൃത്വത്തിന് പ്രദേശവാസി പരാതി നല്‍കിയ സംഭവമുണ്ടായിട്ടുണ്ടെന്നും ഡി.വൈ.എഫ്.ഐ ആരോപിക്കുന്നു
സമീപ പ്രദേശങ്ങളായ പേങ്ങാട്, കൊടപ്പുറം, പെരിങ്ങാവ് സ്ഥലങ്ങളിലും സമാനമായ സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നും സി.പി.ഐക്കാര്‍ പ്രശ്‌നമുയര്‍ത്തി സി.പി.ഐക്കാര്‍ തന്നെ കാശ് വാങ്ങി ഒതുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ” സി.പി.ഐയുടെ കൊണ്ടോട്ടി സമ്മേളനം നടന്നത് പുളിക്കലില്‍വെച്ചായിരുന്നു. ഇതിനായി മണ്ണുമാഫിയകളുടെ കൈയില്‍ നിന്ന് കാശ് വാങ്ങിയിട്ടുള്ള കാര്യം സി.പി.ഐയുടെ ഔദ്യോഗിക ഭാരവാഹി തന്നെയാണ് പറഞ്ഞിട്ടുള്ളത്”- നജ്മുദ്ദീന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫണ്ട്, സമ്മേളന ഫണ്ട് എന്ന രീതിയിലാണ് കാശ് വാങ്ങുന്നതെന്നും ഡി.വൈ.എഫ്.ഐ ആരോപിക്കുന്നു.
അതേസമയം ഡി.വൈ.എഫ്.ഐ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പടച്ചുവിടുകയാണെന്നും ഡി.വൈ.എഫ്.ഐ ആണ് മണ്ണുമാഫിയകള്‍ക്ക് വിടുപണി ചെയ്യുന്നതെന്നുമാണ് എ.ഐ.വൈ.എഫിന്റെ പ്രത്യാരോപണം. സി.പി.ഐ.എമ്മില്‍ നിന്നും ഡി.വൈ.എഫ്.ഐയില്‍ നിന്നും ആളുകള്‍ എ.ഐ.വൈ.എഫിലേക്ക് വരുന്നതിലുള്ള മന:പ്രയാസം കൊണ്ടാണ് ഡി.വൈ.എഫ്.ഐ നേതൃത്വം ഇത്തരത്തില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പറയുന്നതെന്നും എ.ഐ.വൈ.എഫ് ചെറുകാവ് വില്ലേജ് സെക്രട്ടറി നസീഫ് ടി.പി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
“സി.പി.ഐയുടെ ഔദ്യോഗിക ഭാരവാഹികളാണ് കാശ് വാങ്ങിയിട്ടുണ്ടെന്ന് തങ്ങളോട് പറഞ്ഞതെന്നാണ് ഡി.വൈ.എഫ്.ഐ നേതാവ് പറയുന്നത്. എന്നാല്‍ ആരാണ് അങ്ങനെ പറഞ്ഞതെന്ന് ഇതുവരെ ഡി.വൈ.എഫ്.ഐ പറഞ്ഞിട്ടില്ല. തെളിവ് പുറത്ത് വിടാന്‍ എ.ഐ.വൈ.എഫ്, ഡി.വൈ.എഫ്.ഐയെ വെല്ലുവിളിക്കുകയാണ്. ചെറുകാവിലെ വയല്‍ നികത്തലിനെതിരെ ശക്തമായ നിലപാടെടുക്കാറുള്ളവരാണ് സി.പി.ഐയും എ.ഐ.വൈ.എഫും”- നസീഫ് കൂട്ടിച്ചേര്‍ത്തു.
ഡി.വൈ.എഫ്.ഐയുടെ കൊടിയുടെ മുകളില്‍ മണ്ണിട്ട് മൂടിയിട്ടും പ്രതികരിക്കാന്‍പോലും നേതൃത്വം തയ്യാറായിരുന്നില്ല. പുത്തൂപ്പാടത്തിന് സമീപം ഐക്കരപ്പടിയില്‍ 30 സെന്റ് നെല്‍പ്പാടം നികത്തിയപ്പോള്‍ എ.ഐ.വൈ.എഫാണ് പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയതെന്നും നസീഫ് പറയുന്നു. പ്രദേശിക നേതൃത്വത്തിനെതിരെ ജില്ലാ കമ്മിറ്റിയ്ക്ക് ആരും പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മണ്ണിടുന്ന സ്ഥലങ്ങളിലും കുന്നിടിക്കുന്നിടത്തും തഹസില്‍ദാരെയും വില്ലേജ് ഓഫീസര്‍മാരെയും എത്തിച്ച് സ്ഥലമുടമകളെ ഭീഷണിപ്പെടുത്തുകയും പിന്നീട് കാശ് വാങ്ങി മറ്റു നടപടികള്‍ സ്വീകരിക്കുന്നതില്‍ സ്വയം ഉള്‍വലിയുകയുമാണ് എ.ഐ.വൈ.എഫ് ചെയ്യുന്നതെന്ന് നജ്മുദ്ദീന്‍ പറയുന്നു. വില്ലേജ് ഓഫീസറെ കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നുതവണ മാറ്റിയത് സി.പി.ഐയ്ക്ക് അനുകൂലമായ നടപടികള്‍ സ്വീകരിക്കാത്തതുകൊണ്ടാണെന്നാണ് ഡി.വൈ.എഫ്.ഐയുടെ ആരോപണം.
എന്നാല്‍ കളക്ടറുടെ ഉത്തരവ് പോലും പാലിക്കാന്‍ തയ്യാറാകാത്തതുകൊണ്ട് വില്ലേജ് ഓഫീസറെ മാറ്റണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫീസ് ഉപരോധം സംഘടിപ്പിച്ചിരുന്നെന്നും ആഭ്യന്തര റവന്യൂ ഉദ്യോഗസ്ഥരെക്കുറിച്ച് തങ്ങള്‍ക്കും പരാതിയുണ്ടെന്നും നസീഫ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. “ചെറുകാവിലെ വയല്‍നികത്തലില്‍ നടപടിയെടുക്കുന്നതില്‍ വില്ലേജ് ഓഫീസര്‍ പരാജയപ്പെട്ടതോടെയാണ് ഓഫീസര്‍ക്കെതിരെ പരാതി നല്‍കിയത്. കുറിയോടം പ്രദേശത്ത് വയല്‍ നികത്തിയപ്പോള്‍ ആ വയല്‍ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ കളക്ടര്‍ക്ക് ഉത്തരവിട്ടിരുന്നു. കളക്ടര്‍ അനുകൂല ഉത്തരവിറക്കിയിട്ടും വില്ലേജ് ഓഫീസര്‍ അത് പാലിക്കുന്നതില്‍ വീഴ്ച വരുത്തി.” നസീഫ് കൂട്ടിച്ചേര്‍ത്തു.
താലൂക്കിന്റെ കീഴിലുള്ള റവന്യൂ സ്‌ക്വാഡ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നും നസീഫ് പറയുന്നു. അതേസമയം സി.പി.ഐ.എം ഭരിക്കുന്ന ആഭ്യന്തര വകുപ്പിന്റെ അനാസ്ഥയും ഈ വിഷയത്തില്‍ പ്രകടമാണെന്നാണ് എ.ഐ.വൈ.എഫിന്റെ ആരോപണം. പൊലീസ് മണ്ണുമാഫിയകള്‍ക്ക് അനുകൂല നടപടിയെടുക്കുകയാണെന്നും കാശ് വാങ്ങി അവര്‍ക്ക് വേണ്ടി വിടുപണി ചെയ്യുകയാണ് കൊണ്ടോട്ടി പൊലീസെന്നും എ.ഐ.വൈ.എഫ് ആരോപിക്കുന്നു.
വയല്‍നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ കീഴാറ്റൂര്‍ സമരം കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് മലപ്പുറത്തും വയല്‍നികത്തല്‍ ചര്‍ച്ചയാകുന്നത്. കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ക്കൊപ്പമെന്ന് പ്രഖ്യാപിച്ച സി.പി.ഐ മലപ്പുറത്ത് വയല്‍നികത്താന്‍ എല്ലാ ഒത്താശകളും ചെയ്യുകയാണെന്നാണ് ഡി.വൈ.എഫ്.ഐയുടെ ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ക്ക് തെളിവ് ഹാജരാക്കണമെന്ന് എ.ഐ.വൈ.എഫ് പറയുന്നത്.