|

സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ പ്രായപരിധി നടപ്പാക്കി; സി. ദിവാകരനെ ഒഴിവാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് മുതിര്‍ന്ന നേതാവ് സി. ദിവാകരനെ ഒഴിവാക്കി. തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കൗണ്‍സിലില്‍ പ്രായപരിധി നിശ്ചയിച്ചതിനെതുടര്‍ന്നാണ് തീരുമാനമെന്നാണ് വിവരം.

തിരുവനന്തപുരത്ത് നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പട്ടികയില്‍ നിന്നാണ് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായ സി. ദിവാകരനെ ഒഴിവാക്കിയത്. പ്രായപരിധി 75 എന്നുള്ളത് കര്‍ശനമായി നടപ്പാക്കിയതിന്റെ അടിസ്ഥാനത്തിലാണ് സി. ദിവാകരനെ ജില്ലയില്‍ നിന്നുള്ള അംഗങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.

അതേസമയം, നേതാക്കള്‍ക്കിടയിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് സി.പി.ഐ സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉണ്ടാകുമെന്നാണ് വിവരം, എന്നാല്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമൊഴിവാക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ ശ്രമം.

സംസ്ഥാന സെക്രട്ടറിയെയും കൗണ്‍സിലിനെയും കണ്‍ട്രോള്‍ കമ്മീഷന്‍ അംഗങ്ങളെയും പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളെയും ഇന്ന് തെരഞ്ഞെടുക്കാനിരിക്കെയാണ് പുതിയ നീക്കം. നിലവിലെ സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്നെ മൂന്നാമതും സംസ്ഥാന സെക്രട്ടറി ആയേക്കുമെന്നാണ് സൂചന.

പ്രായപരിധി നിശ്ചയിച്ചത് നേതാക്കന്മാര്‍ക്കിടയില്‍ പരസ്യ വാക്‌പോരിനിടയാക്കിയിരുന്നു. മുതിര്‍ന്ന നേതാക്കളായ കെ.ഇ. ഇസ്മയിലും, സി. ദിവാകരനും കാനം രാജേന്ദ്രനെതിരെ രംഗത്തെത്തിയതോടെ ശക്തമായ മത്സരമുണ്ടാകുമെന്നായിരുന്നു സൂചന.

സംസ്ഥാന കൗണ്‍സില്‍ പ്രതിനിധികളായി 101 പേരെ തെരഞ്ഞെടുക്കാനാണ് സമ്മേളനം തീരുമാനിച്ചിരിക്കുന്നത്. മുമ്പത്തെ സംസ്ഥാന കൗണ്‍സിലിനെ അപേക്ഷിച്ച് അഞ്ച് അംഗങ്ങള്‍ ഇക്കുറി അധികമുണ്ട്.

ജില്ലാ കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് സംസ്ഥാന കൗണ്‍സിലിലേക്ക് അംഗങ്ങളെ തീരുമാനിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ കൊല്ലത്തും തൃശൂരിലുമടക്കം സംസ്ഥാന കൗണ്‍സിലിലേക്ക് അംഗങ്ങളെ തീരുമാനിക്കുന്നതിന് മത്സരം നടക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

അതേസമയം, വിജയവാഡയില്‍ വെച്ച് നടക്കുന്ന സി.പി.ഐ 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും.

Content Highlight: CPI implemented age limit in state council

Latest Stories