തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരായ നടപടിയില്‍ പൊലീസിനെതിരെ വിമര്‍ശനമുന്നയിച്ച് സി.പി.ഐ.
തിരുവനന്തപുരം കരിച്ചാറയില്‍ സമരക്കാരെ പൊലീസ് ചവിട്ടിയത് ശരിയായില്ലെന്നും സി.പി.ഐ വിമര്‍ശിച്ചു. സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് വിമര്‍ശനമുയര്‍ന്നത്.
പൊലീസിന്റെ പ്രവൃര്‍ത്തി സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കി. പദ്ധതി നടപ്പാക്കുമ്പോള്‍ സര്‍ക്കാര്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കണമെന്നും യോഗത്തില്‍ പറഞ്ഞു.
അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള കല്ലിടലിനെതിരെ കണ്ണൂരില്‍ സി.പി.ഐ.എം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.
കണ്ണൂര്‍ നഗരത്തില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാറി നാടാലില്‍ ആണ് സംഭവം. ഇന്ന് രാവിലെ സര്‍വേ നടപടികള്‍ പൊലീസ് സംരക്ഷണയില്‍ പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി.
ഇവരെ പൊലീസ് നീക്കം ചെയ്തതിന് പിന്നാലെ എടക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ സ്ഥലത്ത് സി.പി.ഐ.എം പ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തുകയും സംഘര്‍ഷാവസ്ഥ രൂപപ്പെടുകയുമായിരുന്നു.