പട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലമറിയാന്‍ ഒരു ദിവസം മാത്രം ശേഷിക്കേ ബി.ജെ.പിയ്ക്ക് തടയിടാനാകുമെന്ന പ്രതീക്ഷയിലാണ് മഹാസഖ്യത്തിനൊപ്പം നില്‍ക്കുന്ന ഇടതുപക്ഷം. അദ്വാനിയുടെ രഥയാത്രയെ തടഞ്ഞ മണ്ണാണ് ബീഹാറിന്റെതെന്നും ബി.ജെ.പിയുമായി ഒരിക്കലും കൂട്ടുകൂടാത്ത പാര്‍ട്ടിയാണ് ആര്‍.ജെ.ഡിയെന്നതും നല്‍കുന്ന പ്രതീക്ഷ ചെറുതല്ലെന്നാണ് സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ പറയുന്നത്. ദേശാഭിമാനിക്ക് നല്‍കി അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘അദ്വാനിയുടെ രഥയാത്ര തടഞ്ഞ മണ്ണാണ് ബീഹാറിന്റെത്. ബി.ജെ.പിയുമായി ഒരിക്കലും കൂട്ടുകൂടാത്ത ഒരു പാര്‍ട്ടികൂടിയാണ് ആര്‍.ജെ.ഡി. ഇതൊരു പ്രധാനപ്പെട്ട ഘടകമാണ്. വര്‍ഗീയ കക്ഷികളോട് സന്ധിയില്ലാത്ത മതനിരപേക്ഷ പാര്‍ട്ടിയായി തുടര്‍ന്നു പോകാന്‍ ആര്‍.ജെ.ഡിക്ക് കഴിഞ്ഞു. ബി.ജെ.പിയുടെ കുതിപ്പിന് ഒരിക്കല്‍ കൂടി ബീഹാര്‍ തടയിടും,’ രാജ പറഞ്ഞു.
നിലവിലെ ഭരണത്തില്‍ ജനങ്ങള്‍ അസന്തുഷ്ടരാണെന്നും അതുകൊണ്ട് തന്നെ മഹാസഖ്യത്തെ ജനങ്ങള്‍ വളരെ ആവേശത്തോടെ ഏറ്റെടുത്ത് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
‘ജെ.ഡി.യുവിനെയും ബി.ജെ.പിയെയും ജനങ്ങള്‍ ഒരുപോലെ തള്ളി. ഭരണത്തില്‍ മാറ്റമുണ്ടാകും. ഇടതുപക്ഷം ഉള്‍പ്പെടുന്ന മഹാസഖ്യം ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കും. ഈ ബദല്‍ വിശ്വാസ്യതയുള്ളതും ദൃഢവുമായിരിക്കും. മറുവശത്ത് മോദിയും സംഘവും അസ്വസ്ഥരാണ്. ഒരു ഭരണമാറ്റം അവരും മുന്നില്‍ കാണുന്നുണ്ട്,’ അദ്ദേഹം പറഞ്ഞു.
പിന്നാക്ക വിഭാഗങ്ങളെ പ്രതിനിധീകിരക്കുന്ന ആര്‍.ജെ.ഡിയുടെ കൂടെ ഇടതുപക്ഷം കൂടി മത്സരിക്കുന്നതോടെ കൂടുതല്‍ വിശ്വാസ്യത കൈവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജാതി രാഷ്ട്രീയം കൂടുതല്‍ വിശകലനം അര്‍ഹിക്കുന്ന കാര്യമാണെന്നും ജാതി ഒരു യാഥാര്‍ത്ഥ്യമാണെന്നിരിക്കെ ജാതി സമ്പ്രദായത്തിനെതിരായി പൊരുതേണ്ടതുണ്ടെന്നും രാജ വ്യക്തമാക്കി.
നിലവില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വലിയ തിരിച്ചടികള്‍ ഇടതുപക്ഷത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴത്തെ നിയമസഭയില്‍ സി.പി.ഐക്കോ സി.പി.ഐ.എമ്മിനോ പ്രാതിനിധ്യമില്ല. എന്നാല്‍ ബീഹാറിലുടനീളം ഇടതുപക്ഷം ഒരു സജീവ സാന്നിധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
2015 ല്‍ നാല് സീറ്റാണ് ഇടതുപാര്‍ട്ടികള്‍ക്ക് ലഭിച്ചിരുന്നത്. വരുന്ന ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് എ.ബി.പി ന്യൂസിന്റെ എക്‌സിറ്റ് പോള്‍ പ്രവചനം. മഹാസഖ്യത്തിനൊപ്പം മത്സരിച്ച ഇടതിന് ആറ് മുതല്‍ 13 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് എക്സിറ്റ് പോള്‍ പറയുന്നത്.
മഹാസഖ്യത്തെ നയിച്ച ആര്‍.ജെ.ഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും എ.ബി.പി ന്യൂസ് പ്രവചിക്കുന്നു. ആര്‍.ജെ.ഡിയ്ക്ക് 81 മുതല്‍ 89 വരെ സീറ്റും കോണ്‍ഗ്രസിന് 21-29 സീറ്റുമാണ് മഹാസഖ്യത്തില്‍ ലഭിക്കുക.
മഹാസഖ്യത്തിന് ആകെ 108 മുതല്‍ 131 വരെ സീറ്റാണ് എ.ബി.പി പ്രവചിക്കുന്നത്. എന്‍.ഡി.എയ്ക്ക് 104-128 സീറ്റ് ലഭിക്കുമെന്നും എ.ബി.പി ന്യൂസ് പ്രവചിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക