തിരുവനന്തപുരം: ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഇടതുപക്ഷവും, ജനാധിപത്യ മതേതര ശക്തികളുടെ കൂട്ടായ്മയും ശക്തിപ്പെടണമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ. തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസ്റ്റുകളുടെ പോരാട്ടം ജാതീയതക്കെതിരെയും സാമ്പത്തിക ചൂഷണത്തിനെതിരെയുമാണ്. പുതിയ ഇന്ത്യയ്ക്കുവേണ്ടിയുള്ള പോരാട്ടമാണിത്. നമുക്കതില്‍ വിജയിക്കാന്‍ കഴിയും. ഇന്ത്യയുടെ ഭാവി ചെമ്പതാകയോടൊപ്പമാണെന്നും രാജ പറഞ്ഞു.
സി.പി.ഐ ഒരു പ്രസ്ഥാനമെന്ന നിലയില്‍ കൂടുതല്‍ ശക്തിപ്പെടണം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ പരാജയം വെച്ചുകൊണ്ട് കമ്മ്യൂണിസ്റ്റുകളുടെയും ഇടതുപക്ഷത്തിന്റെയും കരുത്ത് കുറച്ചു കാണരുത്. ഇടതുപക്ഷ കാഴ്ചപ്പാടുകള്‍ക്ക് മുന്‍പില്ലാത്ത വ്യാപ്തി ദേശീയ തലത്തിലുണ്ട്. പക്ഷേ, അത് വോട്ട് ആകുന്നില്ല. പാര്‍ട്ടിയാണ് ആയുധം, പാര്‍ട്ടിയാണ് അമ്മ. പാര്‍ട്ടിയെ സ്‌നേഹിക്കണം, വളര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പാര്‍ട്ടി നേതൃതലത്തിലെ പ്രായപരിധി സംബന്ധിച്ച് നേതാക്കള്‍ക്കിടയില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസവും വിമതസ്വരവും നിലനില്‍ക്കെയാണ് സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് പതാക ഉയര്‍ന്നത്. പ്രായപരിധി സംബന്ധിച്ച കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് രാജ സമ്മേളനത്തില്‍ വ്യക്തമാക്കും. രാത്രി രാഷ്ട്രീയ പ്രമേയത്തില്‍ ഗ്രൂപ്പ് ചര്‍ച്ച നടത്തും. നാളെ പൊതു ചര്‍ച്ചയും. മറ്റന്നാളാണ് പുതിയ സംസ്ഥാന കൗണ്‍സിലിനെ തെരഞ്ഞെടുക്കുന്നത്.
പ്രസംഗത്തിന്റെ പൂര്‍ണരൂപം:
ബി.ജെ.പി സര്‍ക്കാരിനെ പരാജയപ്പെടുത്തിയേ പറ്റു. തര്‍ക്കമില്ല. പക്ഷേ, അത് എങ്ങനെ? ഇടതുപക്ഷം ശക്തിപ്പെടണം. ജനാധിപത്യ മതേതര ശക്തികളുടെ കൂട്ടായ്മ ശക്തിപ്പെടണം. പ്രാദേശിക പാര്‍ട്ടികള്‍ക്കിതില്‍ വലിയ പങ്കുണ്ട്. പ്രാദേശിക പാര്‍ട്ടികള്‍ മതേതര പുരോഗമന ശക്തികള്‍ക്കൊപ്പം അണിചേരണം. തമിഴ്‌നാട് അതിന് നേരുദാഹരണമാണ്. ഇപ്പോള്‍ ബീഹാറില്‍ നിതീഷ് കുമാര്‍ സമാനമായി ചിന്തിക്കുന്നു. മറ്റ് പ്രാദേശിക മതേതര കക്ഷികള്‍ ഇതു മാതൃകയാക്കണം. കോണ്‍ഗ്രസ് പാര്‍ട്ടി അവരുടെ സാമ്പത്തിക നയങ്ങള്‍ തിരുത്തി, മതേതര ഇടതു പുരോഗമന ശക്തികള്‍ക്കൊപ്പം അണി ചേരട്ടെ. ഇടതുപക്ഷം ഇന്നത്തെ നിലയില്‍ നിന്നും കൂടുതല്‍ ഐക്യവും കരുത്തുമാര്‍ജിച്ചേ ലക്ഷ്യത്തിലേക്കെത്തു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ആശയപരമായ ഏകീകരണം കൈവരിക്കണം.
ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയവരാണ് കമ്മ്യൂണിസ്റ്റുകാര്‍. എന്നാല്‍ സ്വാതന്ത്ര്യ ലബ്ധിക്കു ശേഷവും കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ പോരാട്ടം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സമൂഹത്തിലെ ചൂഷണങ്ങള്‍ക്കുനേരെയും കേരളം പോരാടി. കേരളത്തിലാണ് ആദ്യമായി കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ രൂപംകൊള്ളുന്നതും. നാം കമ്മ്യൂണിസ്റ്റുകളുടെ പോരാട്ടം ജാതീയതക്കെതിരെയും സാമ്പത്തിക ചൂഷണത്തിനെതിരെയുമാണ്. പുതിയ ഇന്ത്യയ്ക്കുവേണ്ടിയുള്ള പോരാട്ടമാണിത്. നമുക്കതില്‍ വിജയിക്കാന്‍ കഴിയും. ഇന്ത്യയുടെ ഭാവി ചെമ്പതാകയോടൊപ്പമാണ്.
നവലിബറല്‍ സാമ്പത്തിക പോളിസികള്‍ ലോകത്താകമാനം തകര്‍ന്ന നിലയിലാണ്. ഇത്തരം സാഹചര്യങ്ങളിലാണ് സാമൂഹിക മുന്നേറ്റങ്ങള്‍ രൂപം കൊള്ളുന്നത്. ചിലിയിലും യൂറോപ്പിലും ഫ്രാന്‍സിലും ഇടത് മുന്നേറ്റങ്ങളാണ് ജനതയ്ക്ക് പിന്തുണയായിരുന്നത്. പ്രതിസന്ധിയിലായ മനുഷ്യര്‍ ബദല്‍ അന്വേഷിക്കുകയാണ്. സോഷ്യലിസം എന്ന ബദലാണ് ആഗോള തലത്തില്‍ ജനങ്ങള്‍ തേടുന്നത്.
ഇന്ന് നാം റഷ്യ- ഉക്രെയ്ന്‍ യുദ്ധത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഇത് തുടര്‍ന്നുപോയാല്‍ ഏറ്റവും മാരകമായ ആണവ യുദ്ധത്തിലേക്ക് കടന്നേക്കുമെന്നാണ് ആശങ്കയിലാണ് ലോകം. യുദ്ധം ഒഴിവാക്കണമെന്നും ചര്‍ച്ചകളിലൂടെ യുദ്ധം ഒഴിവാക്കാന്‍ മാര്‍ഗം കാണണമെന്നും ഇടത് പക്ഷം വ്യക്തമാക്കി. നാറ്റോയാണ് യുദ്ധത്തിന് പിന്നിലെന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വ്യക്തമാക്കി. ഇത്തരം സംഘര്‍ഷങ്ങളുടെ ഉത്തരവാദിത്വവും നാറ്റോയ്ക്കാണ്.
സി.പി.ഐ ഒരു പ്രസ്ഥാനമെന്ന നിലയില്‍ കൂടുതല്‍ ശക്തിപ്പെടണം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ പരാജയം വെച്ചുകൊണ്ട് കമ്മ്യൂണിസ്റ്റുകളുടെയും ഇടതുപക്ഷത്തിന്റെയും കരുത്ത് കുറച്ചു കാണരുത്. ഇടതുപക്ഷ കാഴ്ചപ്പാടുകള്‍ക്ക് മുന്‍പില്ലാത്ത വ്യാപ്തി ദേശീയ തലത്തിലുണ്ട്. പക്ഷേ, അത് വോട്ട് ആകുന്നില്ല. കമ്മ്യൂണിസം അപകടവും കാട്ടുതീയുമാണെന്ന മോദിയുടെ വാക്കുകള്‍ തന്നെ ഈ പ്രസ്ഥാനത്തിന്റെ കരുത്ത് പ്രഖ്യാപിക്കുന്നുണ്ട്. ഓരോ കമ്മ്യൂണിസ്റ്റുകാരനും ഈ പാര്‍ട്ടി അവരുടെ അമ്മയാണ്, മറക്കരുത്! ഇന്നിന്റെ മാത്രമല്ല നാളെയുടെയും കരുത്തും ഈ ചെങ്കൊടിയാണ്.
Content Highlight: CPI General Secretary D Raja On CPI State Conference