പാര്‍ട്ടി പരിപാടിക്കായി സര്‍ക്കാര്‍ അതിഥി മന്ദിരം ഉപയോഗിച്ചത് ചട്ടലംഘനം; മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി
national news
പാര്‍ട്ടി പരിപാടിക്കായി സര്‍ക്കാര്‍ അതിഥി മന്ദിരം ഉപയോഗിച്ചത് ചട്ടലംഘനം; മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th March 2024, 4:26 pm

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. കോയമ്പത്തൂരില്‍ നടന്ന ബി.ജെ.പിയുടെ റോഡ് ഷോയില്‍ മോദി പങ്കെടുത്തതിന് പിന്നാലെയാണ് പരാതി. തമിഴ്‌നാട്ടിലെ സി.പി.ഐ നേതൃത്വമാണ് മോദിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

കോയമ്പത്തൂരിലെത്തിയ നരേന്ദ്ര മോദി പാര്‍ട്ടി പരിപാടിക്കായി അതിഥി മന്ദിരം ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് പരാതിയില്‍ സി.പി.ഐ ചൂണ്ടിക്കാട്ടി. സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പെരിയസാമിയാണ് പരാതി നല്‍കിയത്.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് മോദിയുടെ റോഡ് ഷോയില്‍ അമ്പതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതും പരാതിയില്‍ സി.പി.ഐ ഉന്നയിച്ചിട്ടുണ്ട്.

അതേസമയം റോഡ് ഷോയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച സംഭവത്തില്‍ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. സംഭവത്തില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്കെതിരെ നടപടി എടുക്കാനാണ് നിര്‍ദേശം നല്‍കിയത്.

വിദ്യാര്‍ത്ഥികളെ പരിപാടിക്ക് കൊണ്ട് പോയ അധ്യാപകര്‍ക്ക് നേരെ നടപടി ഉണ്ടാകുമെന്നും 24 മണിക്കൂറിനുള്ളില്‍ സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഡി.ഇ.ഒ അറിയിച്ചു.

പ്രധാനമന്ത്രിയുടെ റോഡ് ഷോയില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തത് വലിയ വിവാദമായിരുന്നു. സ്‌കൂള്‍ യൂണിഫോം ധരിച്ചും ഹനുമാനായി വസ്ത്രം ധരിച്ചുമാണ് കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തത്.

Content Highlight: CPI filed a complaint against Modi in the Election Commission