| Thursday, 6th June 2019, 4:24 pm

ശബരിമല നിലപാട് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി; സി.പി.ഐ എക്‌സിക്യുട്ടീവ് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമല വിഷയം തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്ന് സി.പി.ഐ. ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ സര്‍ക്കാര്‍ വിരുദ്ധനിലപാട് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. മോദി വിരുദ്ധ വികാരത്തില്‍ ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പിച്ചു. ന്യൂനപക്ഷ ഏകീകരണവും തിരിച്ചടിക്ക് കാരണമായെന്ന് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് വിലയിരുത്തി.

തെരഞ്ഞെടുപ്പ് സമയത്ത് ശബരിമലയുടെ സ്വാധീനത്തെ വിലകുറച്ച് കണ്ടു. ശബരിമലയെ പാടെ അവഗണിക്കുന്ന തരത്തിലായിരുന്നു മുന്നണിയുടെ പ്രചാരണം. ഇത് വന്‍ തിരിച്ചടിക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. യഥാസമയത്ത് പ്രതിരോധം തീര്‍ക്കാനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മത ന്യൂനപക്ഷങ്ങളുടെ ഏകീകരണമാണ് തോല്‍വിയിലേക്ക് നയിച്ച മറ്റൊരു കാരണം. രാഹുല്‍ ഗാന്ധിയുടെ വരവോടെ മോദിയെ ചെറുക്കുക കോണ്‍ഗ്രസെന്ന വികാരം ശക്തമായി. ഇതാണ് ന്യൂനപക്ഷ വോട്ട് കോണ്‍ഗ്രസിന് അനുകൂലമാകാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സി.പി.ഐ മത്സരിച്ച നാലുമണ്ഡലങ്ങളെപ്പറ്റിയും പ്രത്യേകം ചര്‍ച്ച ചെയ്യാനാണ് എക്സിക്യൂട്ടീവിന്റെ തീരുമാനം.

We use cookies to give you the best possible experience. Learn more