| Tuesday, 20th June 2017, 12:42 pm

പൊലീസിനെ മുഖ്യമന്ത്രി നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ സി.പി.ഐ നിലയ്ക്ക് നിര്‍ത്തും ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ ജില്ലാ സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി എറണാകുളം സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു. പൊലീസിനെ മുഖ്യമന്ത്രി നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ തങ്ങള്‍ നിര്‍ത്തുമെന്നും ഗുണ്ടകളെ പോലും നാണിപ്പിക്കുന്നതാണ് യതീഷ് ചന്ദ്രയുടെ നടപടിയെന്നും രാജു കുറ്റപ്പെടുത്തി.

പൊലീസിലെ മനുഷ്യ മൃഗമാണ് ഡി.സി.പി യതീഷ് ചന്ദ്ര. അദ്ദേഹത്തിനെതിരെ നടപടിയേ എടുത്തൂ തീരൂവെന്നും രാജു ആവശ്യപ്പെട്ടു.

പുതുവൈപ്പ് എല്‍.പി.ജി ടെര്‍മിനലിനെതിരെ നടന്നുവന്ന ജനകീയ സമരത്തിനു നേരെ ഉണ്ടായ പൊലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗത്തിലൂടെ രംഗത്തെത്തിയിരുന്നു. പുതുവൈപ്പിലെ പൊലീസിന്റെ നടപടി എല്‍.ഡി.എഫിന്റെ നയങ്ങളെ വികൃതവും അപഹാസ്യവുമാക്കിയെന്ന് ജനയുഗത്തിന്റെ മുഖപ്രസംഗം കുറ്റപ്പെടുത്തിയിരുന്നു.


മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരു ശബ്ദിച്ചാലും അവരെ അടിച്ചമര്‍ത്തുന്നുവെന്ന് ഉമ്മന്‍ ചാണ്ടി 


സര്‍ക്കാരിന്റെ പൊലീസ് നയം മുഖ്യമന്ത്രി പ്രവൃത്തിയിലൂടെ കാണിച്ച് കൊടുക്കണം. സിംഗൂരില്‍ നിന്നും നന്ദിഗ്രാമില്‍ നിന്നും പാഠമുള്‍ക്കൊള്ളാന്‍ ഇടതുപക്ഷം തയാറാകണമെന്ന് ജനയുഗം വ്യക്തമാക്കി. പോലീസ് അതിക്രമത്തെക്കുറിച്ച് നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും മുഖപ്രസംത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ, പൊലീസ് നടപടി എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതാണെന്നും നരനായാട്ടിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയെടുക്കണമെന്നും സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു.

ഹൈക്കോടതി ഉത്തരവിന്റെ പേരില്‍ പൊലീസ് കാണിച്ചത് ക്രൂരതയാണെന്നും ജാഥയുടെ പിന്നാലെ പോയി അടിക്കുന്ന പൊലീസ് എല്‍.ഡി.എഫിനേയും സര്‍ക്കാരിന്റെ പൊലീസ് നയത്തേയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജനയുഗം മുഖപ്രസംഗത്തില്‍ ശക്തമായ വിമര്‍ശനം രേഖപ്പെടുത്തിയത്.

We use cookies to give you the best possible experience. Learn more