തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്‌സിലെ അഴിമതി പുറത്ത് കൊണ്ട് വരുന്നതിനായി സമഗ്രാന്വേഷണം വേണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അഴിമതിയുടെ ഒരു ഭാഗം മാത്രമാണ് പുറത്ത് വന്നിട്ടുള്ളത്. മലബാര്‍ സിമന്റ്‌സ് ഉള്‍പ്പടെയുള്ള പൊതു മേഖല സ്ഥാപനങ്ങളെ തകര്‍ക്കുന്നതിനുള്ള ആസൂത്രിത ശ്രമങ്ങളാണ് നടക്കുന്നതെന്നും കാനം പറഞ്ഞു.
എളമരം കരീം വ്യവസായ മന്ത്രിയായിരിക്കെ അദ്ദേഹം കൈക്കൂലി കൈപറ്റിയതായി മലബാര്‍ സിമന്റ്‌സ് മുന്‍ എം.ഡി എം. സുന്ദരമൂര്‍ത്തി നല്‍കിയ മൊഴി മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെയാണ് മലബാര്‍ സിമന്റ്‌സിലെ അഴിമതിക്കഥ വീണ്ടും ചര്‍ച്ചാ വിഷയമായത്. ചാക്ക് രാധാകൃഷ്ണന്‍ എന്നറിയപ്പെടുന്ന വി.എം രാധാകൃഷ്ണനാണ് പണം നല്‍കിയതെന്നുമാണ് സുന്ദരമൂര്‍ത്തി മൊഴി നല്‍കിയിരുന്നത്.
സുന്ദരമൂര്‍ത്തി മജിസ്‌ട്രേറ്റിന് മുമ്പാകെ നല്‍കിയ മൊഴിയുടെ പകര്‍പ്പ് ഡൂള്‍ ന്യൂസ് ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. കരീമിനെതിരെ ഉയര്‍ന്ന ആരോപണം അന്വേഷിക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു. മാണിയുടെയും ബാബുവിന്റെയും കാര്യത്തില്‍ ഇതു തന്നെയാണ് നടക്കുന്നതെന്നും വി.എസ് പറഞ്ഞിരുന്നു.
അതിനിടെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. എളമരം കരീമിനെതിരെ വി.എസ് അഴിമതി ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണിത്. പാര്‍ട്ടി നേതൃത്വത്തിനെതിരെ വി.എസ് പരസ്യമായി രംഗത്ത് എത്തിയതും യോഗത്തില്‍ ചര്‍ച്ച വിഷയമാവും. എ.കെ.ജി സെന്ററില്‍ രാവിലെ പത്തുമുതലാണ് യോഗം. ഇത് കൂടാതെ അരുവിക്കര ഉപതിരഞ്ഞെടുപ്പ് ഉള്‍പ്പടെയുള്ള തെരഞ്ഞെടുപ്പ് വിഷയങ്ങളും ചര്‍ച്ച ചെയ്യും.