| Thursday, 25th August 2022, 9:30 pm

വിഴിഞ്ഞം സമരം ന്യായം; കെ. രാജനൊഴികെയുള്ള സി.പി.ഐ മന്ത്രിമാരുടെ പ്രവര്‍ത്തനം മോശം: സി.പി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സി.പി.ഐ. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ന്യായമാണെന്നും സി.പി.ഐയുടെ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നു.

ഇതുസംബന്ധിച്ച് സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിക്കുകയായിരുന്നു.

മത്സ്യമേഖലയെ സംരക്ഷിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്നും സി.പി.ഐ സമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പ് പരാജയമാണ്. കെ. രാജനൊഴികെയുള്ള സി.പി.ഐ മന്ത്രിമാരുടെ പ്രവര്‍ത്തനം മികച്ചതല്ലെന്നും സമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം സംബന്ധിച്ച് സമര നേതാക്കളുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു.

തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് മത്സ്യത്തൊഴിലാളികള്‍. ആര്‍ച്ച് ബിഷപ് ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

നിര്‍മാണം നിര്‍ത്തിവെക്കാനാകില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയിലും വ്യക്തമാക്കിയിരുന്നു. സമരത്തെ വിമര്‍ശിച്ചുകൊണ്ടും മുഖ്യമന്ത്രി സഭയില്‍ സംസാരിച്ചിരുന്നു.

ചിലയിടങ്ങളിലെ സമരം ആസൂത്രിതമാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. തുറമുഖ നിര്‍മാണ പദ്ധതി നിര്‍ത്തി വെക്കണമെന്ന ആവശ്യം തള്ളിയ മുഖ്യമന്ത്രി, പദ്ധതിക്കെതിരായ നിലപാട് വികസനവിരുദ്ധവും ജനവിരുദ്ധവുമാണെന്നും പറഞ്ഞിരുന്നു.

Content Highlight: CPI criticises Kerala government and CM Pinarayi Vijayan, supports Vizhinjam protest

We use cookies to give you the best possible experience. Learn more