കൊല്ലം: പത്തനാപുരത്ത് സി.പി.ഐ.എം-സി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. മല്‍സ്യം ഇറക്കുന്നതിനെ ചൊല്ലി ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സി.പി.ഐ.എം-സി.പി.ഐ സംഘര്‍ഷത്തിലെത്തിയത്.
സംഘര്‍ഷത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. പൊലീസ് ജീപ്പും സ്വകാര്യ വാഹനങ്ങളും പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ഓരോ ദിവസവും ഓരോ തൊഴിലാളി സംഘടനയാണ് പത്തനാപുരത്ത് മല്‍സ്യ ലോഡ് ഇറക്കുന്നത്.
ചൊവ്വാഴ്ച മല്‍സ്യമിറക്കുന്നത് സി.ഐ.ടി.യു ആയിരിക്കെ എ.ഐ.ടി.യു.സിയില്‍ ചേര്‍ന്നവര്‍ ലോഡിറക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. സി.ഐ.ടി.യു പ്രവര്‍ത്തകരായ നിരവധി പേര്‍ അടുത്തിടെ സി.പി.ഐ തൊഴിലാളി സംഘടനയായ എ.ഐ.ടി.യുസിയില്‍ ചേര്‍ന്നിരുന്നു.
സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്യുകയും വാക്കേറ്റത്തിലേക്ക് നീങ്ങുകയും ചെയ്തു. ഡി.വൈ.എഫ്, ഐ.എ.വൈ.എഫ് പ്രവര്‍ത്തകര്‍ കൂടി എത്തിയതോടെ ഇരുവിഭാഗവും നടുറോഡില്‍ ഏറ്റുമുട്ടി.
സ്ഥലത്തെത്തിയ പൊലീസ് ലാത്തിവീശിയതോടെ പ്രവര്‍ത്തകര്‍ ചിതറിയോടുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറിലും ലാത്തിച്ചാര്‍ജിലും നിരവധി പേര്‍ക്ക് പരിക്കേറ്റു.