Advertisement
D' Election 2019
ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച്  ബെഗുസരായിയില്‍ കനയ്യയുടെ വിജയം ഉറപ്പാക്കാന്‍ സഹായിക്കണം; തേജസ്വി യാദവിനോട് സി.പി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Apr 25, 03:04 am
Thursday, 25th April 2019, 8:34 am

ബെഗുസരായി: ബിഹാറിലെ ബെഗുസരായിലെ സി.പി.ഐ ലോക്‌സഭാ സ്ഥാനാര്‍ത്ഥി കനയ്യകുമാറിന് മണ്ഡലത്തില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും കോണ്‍ഗ്രസ്-രാഷ്ട്രീയ ജനതാദള്‍ മഹാഗദ്ബന്ധന്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് തെരഞ്ഞെടുപ്പ് പോരാട്ടം ബി.ജെ.പിയുമായി നേരിട്ട് നടത്താമെന്നും സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഢി.

വാര്‍ത്താ സമ്മേളനത്തിലാണ് സുധാകര്‍ റെഢിയുടെ പ്രസ്താവന. മണ്ഡലത്തിലെ ആര്‍.ജെ.ഡി നേതാവ് തന്‍വീര്‍ ഹസന്റെ നാമനിര്‍ദേശ പട്ടിക പിന്‍വലിക്കാനും ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിനോട് സുധാകര്‍ റെഢി ആവശ്യപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടമായ ഏപ്രില്‍ 29 നാണ് ബെഗുസരായിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

‘തന്‍വീര്‍ ഹസന്‍ മത്സരിക്കുന്നതില്‍ നിന്നും പിന്‍മാറണമെന്നുള്ള ഞങ്ങളുടെ അപേക്ഷ പരിഗണിക്കണമെന്ന് ഞാന്‍ തേജസ്വി യാദവിനോട് പറയുന്നു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നോമിനേഷന്‍ പിന്‍വലിക്കേണ്ടതിന്റെ അവസാന ഘട്ടത്തില്‍ അദ്ദേഹം കനയ്യകുമാറിന്റെ വിജയം ഉറപ്പിക്കാന്‍ ഇത് ചെയ്യണം. ‘സുധാകര്‍ റെഡി പറഞ്ഞു.

സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി , സുധാകര്‍ റെഡി, ഡി.രാജ തുടങ്ങി നിരവധി പേര്‍ കനയ്യുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാണ്.

നേരത്തെ തെരഞ്ഞെടുപ്പ് പ്രചരണ ഫണ്ടിലേക്ക് ഒരു രൂപ സഹായം അഭ്യര്‍ത്ഥിച്ച് കനയ്യ കുമാര്‍ എത്തിയിരുന്നു.

” ഓരോ തുള്ളി വെള്ളവും കൂടിച്ചേര്‍ന്നാണ് വലിയ മണ്‍പാത്രങ്ങള്‍ നിറയ്ക്കപ്പെടുന്നത്. അതുപോല കാമ്പയിന്‍ ഫണ്ടിലേക്ക് നിങ്ങളുടെ ഒരു രൂപ ലഭിച്ചാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും സാധാരണക്കാരുടേയും ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നവരുടേയും ശബ്ദം പാര്‍ലമെന്റില്‍ എത്തിക്കുന്നതിനും സഹായമായി മാറുമെന്നും കനയ്യ പറഞ്ഞിരുന്നു

തെരഞ്ഞെടുപ്പ് ചിലവിലേക്കായി ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിങ്ങും കനയ്യ നടത്തിരുന്നു.