ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് സി.പി.ഐ. യാത്രയുടെ ശ്രീനഗറിലെ സമാപന സമ്മേളനത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജയും
കേരളത്തില്‍ നിന്ന് ബിനോയ് വിശ്വം എം.പിയുമാണ് പങ്കെടുക്കുക.
യാത്രയുടെ സമാപന സമ്മേളത്തില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അറിയിച്ചതായി ഡി. രാജ പറഞ്ഞു.
‘റിപ്പബ്ലിക്കിനെ വീണ്ടെടുക്കാനും ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാനും എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഇന്ത്യക്കായി പോരാടണം. അതിന് മതനിരപേക്ഷ, ജനാധിപത്യ ശക്തികള്‍ ഒന്നിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
മെച്ചപ്പെട്ട ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ ഒരുമിച്ച് നില്‍ക്കുകയെന്ന ആശയം പ്രചോദനം നല്‍കുന്നു. മഹാത്മാ ഗാന്ധി, ഡോ. ഭീംറാവു അംബേദ്കര്‍, ഭഗത് സിങ് എന്നവര്‍ സ്വപ്‌നം കണ്ട ഇന്ത്യയെ തിരിച്ചുപിടിക്കണം,’ ഖാര്‍ഗെക്ക് അയച്ച കത്തില്‍ രാജ പറഞ്ഞു.
ശ്രീനഗറില്‍ ഈ മാസം 30നാണ് ഭാരത് ജോഡോ യാത്ര സമാപിക്കുന്നത്. യാത്രയുടെ സമാപനത്തിലേക്ക് 23 പാര്‍ട്ടികളെ ക്ഷണിച്ചതായി കോണ്‍ഗ്രസ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നു.
സമാപന സമ്മേളനത്തില്‍ കൂടുതല്‍ പ്രതിപക്ഷ കക്ഷികള്‍ പങ്കെടുക്കുമെന്നാണ് കോണ്‍ഗ്രസ് പതീക്ഷിക്കുന്നത്. സി.പി.ഐ.എം, ഡി.എം.കെ, ജെ.ഡി.യു തുടങ്ങിയ പ്രതിപക്ഷ കക്ഷികളും പങ്കെടുക്കാനാണ് സാധ്യത. സി.പി.ഐ മാത്രമാണ് നിലവില്‍ ക്ഷണം സ്വീകരിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ഈ വരുന്ന വ്യാഴാഴ്ചയാണ് യാത്ര കശ്മീരില്‍ പ്രവേശിക്കുക. ജനുവരി 25ന് ബനിഹാലില്‍ രാഹുല്‍ ഗാന്ധി പതാക ഉയര്‍ത്തും. ജനുവരി 27ന് അനന്തനാഗ് വഴി യാത്ര ശ്രീനഗറില്‍ പ്രവേശിക്കും.
Content Highlight: CPI announced will participate in Congress leader Rahul Gandhi’s Bharat Jodo Yatra