| Thursday, 8th August 2019, 9:18 am

ദേശീയപാര്‍ട്ടി പദവി എടുത്തുകളയരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സി.പി.ഐയും തൃണമൂല്‍ കോണ്‍ഗ്രസും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദേശീയപാര്‍ട്ടി പദവി എടുത്തുകളയരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് സി.പി.ഐയും തൃണമൂല്‍ കോണ്‍ഗ്രസും. കമ്മീഷന് നല്‍കിയ വിശദീകരണത്തിലാണ് ഇരുപാര്‍ട്ടികളും ഈ ആവശ്യം മുന്നോട്ടുവെച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ പദവി നഷ്ടപ്പെടാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ കമ്മിഷന്‍ നോട്ടീസയച്ചിരുന്നു.

രാജ്യത്തെ ഏറ്റവും പാരമ്പര്യമുള്ള പാര്‍ട്ടിയാണ് തങ്ങളുടേതെന്ന് കമ്മിഷന്‍ മുമ്പാകെ സി.പി.ഐ അറിയിച്ചു. പാര്‍ട്ടിയുടെ ചരിത്രവും സ്വാതന്ത്ര്യസമരകാലം മുതല്‍ക്കുള്ള പാരമ്പര്യവും പാര്‍ട്ടി വിശദീകരിച്ചു.

മൂന്നു സംസ്ഥാനങ്ങളില്‍ ആറു ശതമാനം വോട്ടുണ്ടെന്നും സി.പി.ഐ അറിയിച്ചു. തങ്ങളുടെ വിശദീകരണം കമ്മിഷന്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ പ്രതികരിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പു വരെ പദവിയില്‍ തുടരാന്‍ അനുവദിക്കണമെന്നു തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. ഒരു തെരഞ്ഞെടുപ്പിനു പകരം, രണ്ടു പൊതുതെരഞ്ഞെടുപ്പുകളിലെ കാലയളവുകള്‍ പാര്‍ട്ടി പദവിക്കായി പരിഗണിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 2016ല്‍ മാത്രമേ തങ്ങള്‍ക്കു ദേശീയപാര്‍ട്ടി പദവി നല്‍കിയിട്ടുള്ളൂവെന്നും തൃണമൂല്‍ കമ്മീഷനെ അറിയിച്ചു.

കുറഞ്ഞതു നാലു സംസ്ഥാനങ്ങളില്‍ ആറു ശതമാനം വോട്ടോ ലോക്സഭയില്‍ രണ്ടു ശതമാനം സീറ്റോ എന്നാണ് ദേശീയപാര്‍ട്ടി പദവിക്കുള്ള ഒരു വ്യവസ്ഥ. ഇല്ലെങ്കില്‍ നാലു സംസ്ഥാനങ്ങളിലെങ്കിലും സംസ്ഥാന പാര്‍ട്ടി പദവിയുണ്ടായിരിക്കണം.

We use cookies to give you the best possible experience. Learn more