തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ചങ്ങനാശ്ശേരി സീറ്റിനെചൊല്ലിയുള്ള സി.പി.ഐ- ജോസ് കെ.മാണി തർക്കം തുടർന്നതോടെ ഞായറാഴ്ച നടന്ന ഇടതുമുന്നണി നേതൃയോഗം ധാരണയാകാതെ പിരിഞ്ഞു. നാല് സീറ്റുകൾ നൽകാത്തതിൽ പ്രതിഷേധിച്ച് ശ്രേയാംസ് കുമാറും യോഗത്തിൽ നിന്ന് വിട്ടു നിന്നു.
ഇപ്പോൾ തന്നെ പതിനൊന്ന് സീറ്റുകൾ ഉറപ്പിച്ച ജോസ്.കെ മാണി ചങ്ങനാശ്ശേരി സീറ്റിന് വേണ്ടിയും കടുംപിടുത്തം തുടരുകയായിരുന്നു. എന്നാൽ ഇതിനോടകം തന്നെ നാലു സീറ്റുകൾ വിട്ടു നൽകിയ സി.പി.ഐ ചങ്ങനാശ്ശേരി സീറ്റ് വിട്ടു നൽകില്ല എന്ന ഉറച്ച നിലപാടിലാണ്.
നാല് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് എൽ.ജെ.ഡിയുടെ ശ്രേയാംസ് കുമാറും ഷെയ്ഖ് പി.ഹാരിസും യോഗം ബഹിഷ്കരിക്കുകയായിരുന്നു. പകരം എത്തിയ വർഗീസ് ജോർജ് പാർട്ടിയുടെ പ്രതിഷേധം നേതൃയോഗത്തിൽ ഉന്നയിച്ചു. നാല് സീറ്റ് ജെ.ഡി.എസിന് നൽകിയതിൽ എൽ.ജെ.ഡിക്ക് വിമർശനമുണ്ട്.
മാർച്ച് പത്തിനകം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് ഇടതുപാർട്ടികളുടെ ശ്രമം. എൽ.ഡി.എഫ് പ്രകടനപത്രികയും ഇന്ന് ചേർന്ന യോഗത്തിന്റെ പ്രധാന അജണ്ടയായിരുന്നു. ചേർത്തല,ഹരിപ്പാട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിനായി സി.പി.ഐ ആലപ്പുഴ നേതൃയോഗങ്ങളും ഇന്ന് ചേർന്നിരുന്നു.
അതിനിടെ പാലക്കാട് ജില്ലാ നേതൃത്വം ഉയർത്തിയ കടുത്ത പ്രതിഷേധത്തിനൊടുവിൽ തരൂർ സീറ്റിൽ സ്ഥാനാർത്ഥിയായി എ.കെ ബാലന്റെ ഭാര്യ പി.കെ ജമീലയെ പരിഗണിക്കേണ്ടെന്നെ് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
ഡി.വൈ.എഫ്.ഐ നേതാവ് പി.പി സുമോദിനെ തരൂരിൽ മത്സരിപ്പിക്കണമെന്നാണ് പ്രധാനമായും ഉയർന്ന ആവശ്യം. പ്രാദേശികമായും അണികൾക്കിടയിലും പി.കെ ജമീലയെ മത്സരിപ്പിക്കുന്നതിൽ ശക്തമായ എതിർപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ അത് മറികടന്ന് ജമീലയെ പരിഗണിച്ചാൽ തിരിച്ചടിയാകുമെന്നാണ് പാർട്ടി വിലയിരുത്തുന്നത്.