തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കയ്യേറ്റ വിഷയത്തില്‍ സര്‍ക്കാരിന്റെ അന്തസ് കാക്കണമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.
കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിയോട് സി.പി.ഐ.എം നേതൃത്വവും രാജി ആവശ്യപ്പെടുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയാണ് തങ്ങളുടെ നിലപാട് സി.പി.ഐ ആവര്‍ത്തിച്ചത്. സര്‍ക്കാരിന്റെ അന്തസ് സംരക്ഷിക്കേണ്ടതുണ്ടെന്ന് സുധാകര്‍ റെഡ്ഡി പറഞ്ഞു.
അഭിമാനം സംരക്ഷിക്കുന്ന തീരുമാനം മുഖ്യമന്ത്രിയില്‍ നിന്നുണ്ടാകുമെന്നുപ്പുണ്ടെന്നും പറഞ്ഞ അദ്ദേഹം സി.പി.ഐ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും കൂട്ടിച്ചേര്‍ത്തു. നേരത്തെ തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയിരുന്നെന്ന് സുധാകര്‍ റെഡ്ഡി അഭിപ്രായപ്പെട്ടിരുന്നു.
ഇടതുപക്ഷ സര്‍ക്കാരില്‍ അഴിമതിക്കു സ്ഥാനമില്ലെന്നും റെവന്യു മന്ത്രിയുടെ റിപ്പോര്‍ട്ടില്‍ ഉചിതമായ തീരുമാനം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ സുധാകര്‍ റെഡ്ഡിയെ തള്ളി തോമസ് ചാണ്ടി രംഗത്തെത്തിയിരുന്നു.