| Saturday, 23rd July 2016, 6:40 pm

മുഖ്യമന്ത്രിയുടേത് ഏകപക്ഷീയ തീരുമാനം; സി.പി.ഐ.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എം.കെ ദാമോദരന്‍ വിഷയത്തില്‍ സി.പി.ഐ.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ രംഗത്ത്. മുഖ്യമന്ത്രിക്ക് സ്വയം അറിവില്ലാത്തതുകൊണ്ടാണോ  ഉപദേശകരരെന്ന് സി.പി.ഐ ചോദിച്ചു. മുഖ്യമന്ത്രിക്ക് ഇത്രയുമധികം ഉപദേശകരുടെ ആവശ്യമില്ല. സി. അച്യുതമേനോന്‍ എന്ന മികച്ച മുഖ്യമന്ത്രിക്ക് ഉപദേശകരില്ലായിരുന്നു. വിഷയത്തില്‍ പാര്‍ട്ടി ശക്തമായി ഇടപെടേണ്ടതായിരുന്നുവെന്നും സി.പി.ഐ കുറ്റപ്പെടുത്തി.

മന്ത്രിസഭാ തിരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കേണ്ട എന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയമായ തീരുമാനമാണെന്നും മന്ത്രിസഭാ തിരുമാനങ്ങള്‍ ജനങ്ങളോട് വിശദീകരിക്കാത്തത് ജനങ്ങളില്‍ സംശയങ്ങള്‍ക്ക് ഇടയാക്കിയെന്നും സംസ്ഥാന കൗണ്‍സില്‍ ചുണ്ടിക്കാട്ടി. സി.പി.ഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് സി.പി.ഐ.എമ്മിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

ജനപക്ഷ സര്‍ക്കാരിന്റെ മുഖച്ഛായക്ക് മങ്ങലേക്കുന്ന വിധത്തിലുള്ളതാണ് ഇപ്പോള്‍ കൈക്കൊണ്ട പല തീരുമാനങ്ങളെന്നും റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ വിവിരക്കുന്നതിനിടെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. പറയേണ്ട കാര്യങ്ങള്‍ എല്ലാം തന്നെ നെഞ്ചുംവിരിച്ച് മുന്നണിയില്‍ പറഞ്ഞിട്ടുണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

അവലോകന യോഗത്തില്‍ സി. ദിവാകരനെതിരേയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. നെടുമങ്ങാടിന് ഒരു മന്ത്രി എന്ന വിധത്തിലുള്ള പ്രചാരണം നടത്തിയതിനാണ് വിമര്‍ശനം. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ ആര് നടത്തിയാലും അത് ശരിയല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

ധനമന്ത്രി അവതരിപ്പിച്ച പുതുക്കിയ ബജറ്റ് സുതാര്യമല്ല. ഭരണത്തില്‍ സി.പി.ഐക്കും പങ്കുണ്ടെന്ന് ജനങ്ങള്‍ക്ക് തോന്നുന്ന തരത്തിലുള്ള ഒരു തീരുമാനവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നില്ല. ബോര്‍ഡ് കോര്‍പ്പറഷന്‍ സ്ഥാനങ്ങളിലേക്കുള്ള നിയമനം അനന്തമായി നീട്ടിക്കൊണ്ട് പോവുന്നത് ശരിയല്ലെന്നും യോഗം വിലയിരുത്തി.

We use cookies to give you the best possible experience. Learn more