| Wednesday, 30th October 2019, 6:23 pm

അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടല്‍; മജിസ്‌ട്രേറ്റ് തല അന്വേഷണം വേണം; ആശയത്തിന്റെ പേരില്‍ കൊല്ലുന്നത് പ്രാകൃതമെന്നും സി.പി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അട്ടപ്പാടിയില്‍ പൊലീസ് നടത്തിയത് വ്യാജ ഏറ്റുമുട്ടലാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.ഐ സംസ്ഥാന കൗണ്‍സിലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണം വേണമെന്ന് സംസ്ഥാന കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിച്ചു. മാവോയിസ്റ്റുകളുടെ ആശയത്തില്‍ യോജിപ്പില്ല. എന്നാല്‍ ആശയത്തിന്റെ പേരില്‍ കൊല്ലുന്നത് പ്രാകൃതമാണെന്നും സംസ്ഥാന കൗണ്‍സില്‍ പാസാക്കിയ പ്രമേയത്തില്‍ പറഞ്ഞു.

അട്ടപ്പാടിയില്‍ ഉണ്ടായതിനെ കുറിച്ച് തങ്ങള്‍ക്ക് കൃത്യമായ വിവരമുണ്ടൈന്നും കാനം പറഞ്ഞു. ‘അട്ടപ്പാടിയില്‍ ഉണ്ടായ സംഭവത്തില്‍ ഞങ്ങള്‍ക്ക് കൃത്യമായ വിവരമുണ്ട്. മഞ്ചക്കണ്ടി വനം പുത്തൂര്‍ പഞ്ചായത്തിലാണ്. അവിടുത്തെ പ്രസിഡന്റ് സിപിഐയുടെ മണ്ഡലം കമ്മിറ്റി മെമ്പറാണ്, ഞങ്ങളുടെ പ്രവര്‍ത്തകരുമായി അന്വേഷിച്ചപ്പോള്‍ അവരുടെ അഭിപ്രായം വ്യാജ ഏറ്റുമുട്ടലാണെന്നാണ്. ഇപ്പോള്‍ അവസാനം കൊല്ലപ്പെട്ട മണിവാസകം അദ്ദേഹം രോഗാതുരനായി നടക്കാന്‍ വയ്യാത്ത അവസ്ഥയിലാണ്. പക്ഷേ അദ്ദേഹത്തിന്റെ കയ്യില്‍ എകെ 47 ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്, കാനം പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംഭവം നടന്ന സ്ഥലത്തിന്റെ അരക്കിലോമീറ്റര്‍ ആദിവാസി ഊരുകളുണ്ട്. അത്ര കൊടും വനമല്ല. അവിടെ ഒരു ടെന്റില്‍ ഭക്ഷണം കഴിച്ചിരുന്നപ്പോള്‍ പൊലീസ് ക്ലോസ് റേഞ്ചില്‍ വെടിയുതിര്‍ത്തു എന്നാണ് തങ്ങള്‍ക്ക് കിട്ടിയ വിവരമെന്നും. പൊലീസ് തന്നെ വിധി നടപ്പാക്കുന്നത് വളരെ പ്രാകൃതമായ നടപടിയാണെന്നും കാനം പറഞ്ഞു.

പ്രതിപക്ഷം രാഷ്ട്രീയ ഉദ്ദേശത്തോടുകൂടിയാണ് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പറയുന്നത് എന്നും ജുഡീഷ്യല്‍ അന്വേഷണത്തിന് കാലതാമസം എത്രമാത്രമാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.

മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച ശേഷം സര്‍ക്കാരിന് എന്തുവേണമെന്ന് തീരുമാനിക്കാം. പൊലീസിന്റെ കൈകളിലേക്ക് അമിതാധികാരം വരുന്നത് ശരിയല്ലെന്നും കാനം പറഞ്ഞു.

തണ്ടര്‍ബോള്‍ട്ടൊക്കെ നക്സലേറ്റുകളെ നേരിടാന്‍ കേന്ദ്രത്തിന്റെ സൃഷ്ടിയാണ്. പക്ഷേ കേരളത്തിലെ പൊലീസ് അവരാവശ്യപ്പെട്ടാലും കൂട്ടുനില്‍ക്കണോ എന്നുള്ളത് ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണെന്നും കാനം രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു.

മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്ക് വെടിയുണ്ടയല്ല പരിഹാരമെന്നും  പാര്‍ട്ടിയുടെ നിലപാടുകളില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

67ല്‍ നക്സല്‍ബാരി ആക്രമണം മുതല്‍ തീവ്ര കമ്മ്യൂണിസ്റ്റ് ആശയത്തോട് വ്യത്യസ്ത നിലപാടാണ് പാര്‍ട്ടി സ്വീകരിക്കുന്നത്. അവര്‍ വഴിതെറ്റിപ്പോയ സഹോദരങ്ങള്‍ എന്നാണ് പാര്‍ട്ടി കാണുന്നത്. പക്ഷേ അവര്‍ ഞങ്ങളെ പറയുന്നത് റിവിഷനിസ്റ്റുകള്‍ എന്നാണ്. സി.പി.ഐ.എമ്മിനെ നിയോ റിവിഷനിസ്റ്റെന്നും.അവരുടെ രാഷ്ട്രീയ നിലപാടുകളോട് യോജിപ്പില്ല, പക്ഷേ അവരുയര്‍ത്തുന്ന ജനങ്ങളുടെ പ്രശ്നങ്ങളോട് ഞങ്ങള്‍ യോജിക്കുന്നു. അവരില്‍ പലരും അവരുടെ രാഷ്ട്രീയം ഉപേക്ഷിച്ച് വരാന്‍ തയ്യാറാകുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more