| Saturday, 11th February 2023, 1:17 pm

തഹസില്‍ദാരുടെ സീറ്റിലിരിക്കാന്‍ എം.എല്‍.എക്ക് അധികാരമുണ്ടോ? ജനീഷ് കുമാര്‍ പ്രതിപക്ഷ എം.എല്‍.എമാരെ പോലെ പെരുമാറി: സി.പി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധി വിവാദമാകുന്നതിനിടെ എം.എല്‍.എ കെ.യു ജനീഷ് കുമാറിനെ തള്ളി സി.പി.ഐ. പത്തനംതിട്ട ജില്ലാ സി.പി.ഐ നേതൃത്വമാണ് ജനീഷ് കുമാറിന്റെ നിലപാടുകളില്‍ വിമര്‍ശനമുന്നയിച്ചത്.

ജനീഷ് കുമാര്‍ പ്രതിപക്ഷ എം.എല്‍.എയെ പോലെ പെരുമാറിയെന്ന് സി.പി.ഐ പത്തനംതിട്ട ജില്ല അസിസ്റ്റന്റ് സെക്രട്ടറി പി.ആര്‍. ഗോപിനാഥന്‍ പറഞ്ഞു. റവന്യു വകുപ്പും എം.എല്‍.എമാരും മോശമാണെന്ന സന്ദേശമാണ് എം.എല്‍.എയുടെ പ്രവര്‍ത്തികളിലൂടെ ഉണ്ടായതെന്നും പി.ആര്‍. ഗോപിനാഥന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘എം.എല്‍.എ അവിടെ വന്ന് തഹസില്‍ദാരുടെ കസേരയിലാണ് കയറിയിരുന്നത്. തഹസില്‍ദാരുടെ സീറ്റില്‍ ഇരിക്കാന്‍ എം.എല്‍.എക്ക് അധികാരമുണ്ടോയെന്ന് എനിക്കറിയില്ല. അങ്ങനെ ചെയ്തത് ശരിയായോ എന്നും എനിക്കറിയില്ല. അതൊക്കെ എം.എല്‍.എയോട് ചോദിക്കേണ്ട കാര്യങ്ങളാണ്.

എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റാണ് തഹസില്‍ദാര്‍. മന്ത്രിക്ക് രേഖകളും അറ്റന്‍ഡന്‍സുമെല്ലാം പരിശോധിക്കാനുള്ള അധികാരമുണ്ട്. കഴിഞ്ഞ ദിവസം എം.എല്‍.എ അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ പരിശോധിക്കുന്നത് ഞാനും മീഡിയയിലൂടെ കണ്ടു.

അങ്ങനെയൊരു അധികാരം നിയമസഭാ സാമാജികനുണ്ടോ? ജനപ്രതിനിധി എന്ന നിലയിലാണെങ്കില്‍
പഞ്ചായത്ത് പ്രസിഡന്റിനും പഞ്ചായത്ത് മെമ്പര്‍ക്കുമെല്ലാം ഈ പരിശോധനകള്‍ നടത്താമല്ലോ. അതുകൊണ്ട് തന്നെ എം.എല്‍.എ ചെയ്തത് ശരിയാണോ എന്ന് വേറെ പരിശോധിക്കേണ്ടതാണ്.

ഒരു പ്രതിപക്ഷ എം.എല്‍.എമാരുടെ പ്രവര്‍ത്തനരീതി പോലെയായി പോയി ജനീഷ് കുമാറിന്റെ പ്രവര്‍ത്തനം എന്ന് പറയാതിരിക്കാനാകില്ല. റവന്യു വകുപ്പും ഈ സര്‍ക്കാരും മോശമാണെന്ന് വരുത്തിതീര്‍ക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന്റെ ഇടപെടല്‍ ഇടയാക്കി. ഇതൊക്കെ ശരിയായോ എന്ന് എം.എല്‍.എയും അവരുടെ പാര്‍ട്ടിയും പരിശോധിക്കേണ്ടതാണ്.

നിലവിലെ കാര്യങ്ങളില്‍ മറുപടി പറയേണ്ടത് തഹസില്‍ദാരുടെ ചുമതലയുള്ള ബിനുരാജാണ്. ഇന്നലെ കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അവിടെയെത്തി പ്രതിഷേധിക്കുന്ന സാഹചര്യമുണ്ടായി,’ പി. ആര്‍. ഗോപിനാഥന്‍ പറഞ്ഞു.

അതേസമയം കോന്നി താലൂക്ക് ഓഫീസ് ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കെ.യു. ജനീഷ് കുമാര്‍ ഉന്നയിച്ചിരിക്കുന്നത്.

‘സര്‍ക്കാരിന്റെ കാശും ശമ്പളവും വാങ്ങി ഞങ്ങള്‍ പാറ മുതലാളിയുടെ വണ്ടിയില്‍ വിനോദയാത്ര ചെയ്യുകയാണ് അവര്‍. മുമ്പത്തെ തഹസില്‍ദാര്‍ ഉണ്ടായിരുന്ന സമയത്തും ഇവരെയെല്ലാം നിയന്ത്രിക്കുന്നത് മറ്റു ചിലരാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മുകളിലാണോ ക്വാറി ഉടമകള്‍ എന്ന് കണ്ടെത്തണം,’ ജനീഷ് കുമാര്‍ പറഞ്ഞു.

സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച എ.ഡി.എമ്മിനെതിരെയും ജനീഷ് കുമാര്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചു. എ.ഡി.എം തന്നെ അധിക്ഷേപിച്ചുവെന്ന് എം.എല്‍.എ പറഞ്ഞു.

ഈ വിഷയത്തില്‍ ഇടപെടാന്‍ എം.എല്‍.എക്ക് ആരാണ് അനുവാദം നല്‍കിയതെന്ന് എ.ഡി.എം ചോദിച്ചുവെന്ന് ജിനേഷ് കുമാര്‍ പറഞ്ഞു. രഹസ്യ സ്വഭാവമില്ലാത്ത ഏത് രേഖയും പരിശോധിക്കാന്‍ എം.എല്‍.എക്ക് അധികാരമുണ്ടെന്ന് ഇതിന് മറുപടി നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

‘എം.എല്‍.എക്ക് ഇതൊക്കെ പരിശോധിക്കാന്‍ ആര് അനുവാദം നല്‍കിയെന്നാണ് അവിടെയുണ്ടായിരുന്ന ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മുമ്പില്‍ വെച്ച് എ.ഡി.എം ചോദിച്ചത്. മരണവീട്ടിലും കല്യാണവീട്ടിലും ഉദ്ഘാടനത്തിനും പോകുക എന്നതാണ് എം.എല്‍.എയുടെ പണിയെന്നാണ് അവന്‍ കരുതിവെച്ചിരിക്കുന്നത്.

ആരെയെങ്കിലും കാണുമ്പോള്‍ ചിരിച്ചുനില്‍ക്കുകയും ഇവരൊക്കെ പറയുന്നത് കേട്ട് ഓച്ഛാനിച്ച് നില്‍ക്കുകയുമല്ല എം.എല്‍.എയുടെ പണി. ഓഫീസിലെ ജീവനക്കാരെ സംരക്ഷിച്ചുപോരുന്ന നിലപാടാണ് എ.ഡി.എം സ്വീകരിച്ചിട്ടുള്ളത്,’ ജനീഷ് കുമാര്‍ പറഞ്ഞു.

എ.ഡി.എമ്മിനെതിരെ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ജീവനക്കാരുടെ കൂട്ട അവധിയിലും വിനോദയാത്രയിലും കളക്ടറും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlight: CPI against K U Jenish Kumar over Konni Taluk office issue

We use cookies to give you the best possible experience. Learn more