ബി.ജെ.പി നിയന്ത്രിക്കുന്ന പത്രത്തില്‍ എതിര്‍സ്ഥാനാര്‍ത്ഥിയുടെ ചരമവാര്‍ത്ത വന്നതിലെ ഭീഷണി മനസ്സിലാകുന്നുണ്ട്: വ്യാജ മരണവാര്‍ത്ത നല്‍കിയ ജന്മഭൂമിക്കെതിരെ സി.പി.ഐ
Kerala News
ബി.ജെ.പി നിയന്ത്രിക്കുന്ന പത്രത്തില്‍ എതിര്‍സ്ഥാനാര്‍ത്ഥിയുടെ ചരമവാര്‍ത്ത വന്നതിലെ ഭീഷണി മനസ്സിലാകുന്നുണ്ട്: വ്യാജ മരണവാര്‍ത്ത നല്‍കിയ ജന്മഭൂമിക്കെതിരെ സി.പി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th March 2021, 12:36 pm

നാട്ടിക: നാട്ടിക നിയോജക മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി സി.സി മുകുന്ദന്‍ മരിച്ചതായി വാര്‍ത്ത നല്‍കി ജന്മഭൂമിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ. സി.പി.ഐ നേതാവ് സി.സി മുകുന്ദന്റെ മരണവാര്‍ത്തയാണ് ജന്മഭൂമിയുടെ ചരമക്കോളത്തില്‍ വന്നത്. ജന്മഭൂമിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.ഐ ജില്ലാ നേതൃത്വം അറിയിച്ചു.

ജന്മഭൂമിയും സി.പി.ഐ സംസ്ഥാന നേതൃത്വവും സി.സി മുകന്ദനോട് മാപ്പ് പറയണമെന്ന് സി.പി.ഐ നാട്ടിക കമ്മിറ്റി ആവശ്യപ്പെട്ടു. ജന്മഭൂമിക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചുകൊണ്ടാണ് ലോക്കല്‍ കമ്മിറ്റി വിഷയത്തില്‍ പ്രതികരിച്ചത്.

അന്ധമായ രാഷ്ട്രീയ വൈരാഗ്യം ഒരു മാധ്യമത്തെ എത്രമാത്രം അധ:പതിപ്പിക്കും എന്നതിന്റെ ഉദാഹരണമായി ജന്മഭൂമിയും സംഘപരിവാര്‍ മാധ്യമങ്ങളും ഈ നാട്ടില്‍ ഏറെക്കാലമായി നിലനില്‍ക്കുന്നു. സഖാവ് പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍ വരച്ച പാരമ്പര്യമുണ്ട് ജന്മഭൂമിക്ക്.

വംശവെറിയില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്താനുള്ള വെമ്പലില്‍ ഇത്തവണ അവര്‍ ത്യാഗനിര്‍ഭരമായ പൊതു ജീവിതത്തിനുടമയായ തൊഴിലാളി നേതാവിനെ, നാട്ടികയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സഖാവ് സി. സി. മുകുന്ദനെ ഇതാ ചരമക്കോളത്തില്‍ കയറ്റിയിരിക്കുന്നുവെന്ന് കമ്മിറ്റി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

യുവാക്കളുടെ സമരത്തില്‍ പങ്കെടുത്ത് ദല്‍ഹിയിലെ കുതിരപ്പോലീസിന്റെ കൊടിയ മര്‍ദ്ദനത്തെ അതിജീവിച്ച സഖാവാണ് സി.സി മുകുന്ദന്‍. ആ സഖാവിനെ നേരിടാന്‍ കൗ മീഡിയയുടെ പതിവു തന്ത്രങ്ങള്‍ പോരാതെ വരും എന്നോര്‍മ്മിപ്പിക്കുന്നു. ബി.ജെ.പി നേതൃത്വം നേരിട്ട് നിയന്ത്രിക്കുന്ന പത്രത്തില്‍ എതിര്‍സ്ഥാനാര്‍ത്ഥിയെ ചരമ പേജില്‍ ഫോട്ടോ സഹിതം വാര്‍ത്തയാക്കിയതിലെ ഭീഷണി മനസിലാകുന്നുണ്ട്.

സംഘപരിവാര്‍ രാഷ്ട്രീയത്തെ ജീവിതം കൊണ്ടു പ്രതിരോധിക്കുന്ന ഒരു തൊഴിലാളി നേതാവിന്റെ ശരീരത്തില്‍ ഒരു തരിമണ്ണു വീഴാതെ കാക്കാന്‍ മണപ്പുറത്തെ ജനങ്ങള്‍ മുന്‍പോട്ടു വരും. ജന്മഭൂമിയും ബി.ജെ.പി സംസ്ഥാന നേതൃത്വവും സഖാവ് സി.സി മുകുന്ദനോട് മാപ്പു പറയാനുള്ള മര്യാദ കാണിക്കണം. കറുത്തവരേയും ഹിന്ദുത്വത്തിന്റെ ജാതിശ്രേണിയിലെ താഴ്ന്നവരേയും കാണുമ്പോള്‍ ജന്മഭൂമിക്കുണ്ടാകുന്ന വെറിക്ക് ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി പറയുമെന്നും പ്രസ്താവനയില്‍ പറയുന്നു.

സി.സി മുകുന്ദനെതിരെ വ്യാജ ചരമവാര്‍ത്ത നല്‍കി അപമാനിച്ച ജന്മഭൂമിക്കെതിരെ പ്രതിഷേധിക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നുണ്ട്. ഇടതുമുന്നണിയെ അപമാനിക്കാനായി ബി.ജെ.പി നടത്തിയ നീക്കമാണിതെന്നും പോസ്റ്റുകളില്‍ പറയുന്നു.

മുകുന്ദന്റെ ചിത്രം സഹിതമാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ചരമക്കോളത്തില്‍ നല്‍കിയ വാര്‍ത്തയില്‍ സി.സി മുകുന്ദനെ കുറിച്ചുള്ള മിക്ക വിവിരങ്ങളും നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതിനെ അബദ്ധമായി കണക്കാകാനാകില്ലെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: CPI against Janmabhumi and BJP for giving fake obituary news about LDF candidate C C Mukundan