തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ നിലപാട് ആവര്‍ത്തിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇ.പി. ജയരാജൻ ജാഗ്രത കാണിക്കണമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ഇ.പിക്കെതിരെ നടപടിയെടുക്കേണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുത്തതിന് പിന്നാലെയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
‘വിഷയത്തില്‍ സി.പി.ഐ നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്. സി.പി.ഐ.എമ്മിന്റെ തെറ്റും ശരിയും തീരുമാനിക്കാനുള്ള അധികാരം അവര്‍ക്കുള്ളതാണ്. ദല്ലാള്‍മാര്‍ പനപോലെ വളരുന്ന ഇന്നത്തെ കാലത്ത് ജാഗ്രത പാലിക്കണം എന്നാണ് സി.പി.ഐ പറഞ്ഞത്,’ ബിനോയ് വിശ്വം പറഞ്ഞു.
അധികാരത്തിന്റെ ഇടനാഴികളില്‍ ചില അവതാരങ്ങള്‍ പ്രത്യക്ഷപ്പെടുമെന്നും അതില്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികാരമേറ്റ് പിറ്റേ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ദല്ലാള്‍മാരാണ് ഈ അവതാരങ്ങള്‍. അതിനാല്‍ ജാഗ്രത പാലിക്കണമായിരുന്നു എന്ന് തന്നെയാണ് സി.പി.ഐയുടെ നിലപാടെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
വിഷയത്തിൽ ഇ.പിക്കെതിരെ നടപടി ഉണ്ടാകില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി ഇന്ന് പറഞ്ഞിരുന്നു. നടന്നത് മാധ്യമപ്രചാരവേല ആണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഇ.പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അതിന് പാർട്ടി പിന്തുണ നൽകുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
Content Highlight: CPI against EP Jayarajan meeting with prakash javadekar