കയ്യേറ്റം:സിപിഎം നിലപാടിനെതിരെ സിപിഐ
Kerala
കയ്യേറ്റം:സിപിഎം നിലപാടിനെതിരെ സിപിഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th June 2010, 11:14 pm

തിരുവനന്തപുരം: വയനാട് ജില്ലയിലെ കയ്യേറ്റ സമരം ഒഴിപ്പിക്കാനുള്ള ഹൈക്കോടതി വിധിയെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്ത സര്‍ക്കാര്‍ നിലപാടില്‍ സിപിഐയ്ക്ക് എതിര്‍പ്പ്. മുന്നണിയിലും മന്ത്രിസഭയിലും ചര്‍ച്ച ചെയ്യാതെയാണ് തീരുമാനം എടുത്തതെന്ന് സിപിഐ നേതൃത്വം കുറ്റപ്പെടുത്തുന്നു. റവന്യൂമന്ത്രി കെ.പി.രാജേന്ദ്രന്‍ പാര്‍ട്ടിയ്ക്കുള്ള എതിര്‍പ്പ് രേഖപ്പെടുത്തി മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് കത്തു നല്‍കും.

വയനാട് സിപിഎം നേതൃത്വത്തില്‍ ആദിവാസികള്‍ കയ്യേറ്റ സമരം നടത്തിയപ്പോള്‍ തന്നെ സിപിഐ എതിര്‍പ്പ് വ്യക്തമാക്കിയിരുന്നു. മുന്നണി വിട്ട ജനതാദള്‍ നേതാവ് എം.പി വീരേന്ദ്രകുമാറിനെ മുന്നണിയുടെയും സര്‍ക്കാരിന്റെയും പേരില്‍ എതിര്‍ക്കരുതെന്നായിരുന്നു സിപിഐ നിലപാട്. അതിനിടെയാണ് എം.വി.ശ്രേയാംസ്കുമാറിന്റേത് അടക്കമുള്ള ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള ഹൈക്കോടതി വിധിയെ ചോദ്യം ചോയ്ത് സര്‍ക്കാര്‍ വ്യാഴാഴ്ച സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് റവന്യൂമന്ത്രി കെ.പി.രാജേന്ദ്രനെ പാര്‍ട്ടി ഓഫീസിലേയ്ക്ക് വിളിച്ചുവരുത്തി സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവനും അസി.സെക്രട്ടറി കെ.ഇ.ഇസ്മയിലും ചര്‍ച്ച നടത്തുകയുണ്ടായി. തുടര്‍ന്നാണ് എതിര്‍പ്പ് കത്തിലൂടെ അറിയിക്കാന്‍ തീരുമാനിച്ചത്. വിഷയം അടിയന്തിരമായി എല്‍ഡിഎഫ് ചര്‍ച്ച ചെയ്യണമെന്ന് സിപിഐ ആവശ്യപ്പെട്ടേയ്ക്കും.