| Wednesday, 1st September 2021, 9:38 am

ചരിത്രത്തെ വളച്ചൊടിച്ച് വിദ്യാഭ്യാസരംഗത്തെ വര്‍ഗീയ വളര്‍ത്താന്‍ ഉപയോഗിക്കരുത്; ജെ.എന്‍.യുവിലെ വിവാദ 'ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍' കോഴ്‌സിനെതിരെ സി.പി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭീകരവാദത്തെയും ഭീകരവാദ വിരുദ്ധപ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള ജെ.എന്‍.യുവിലെ പുതിയ കോഴ്‌സിലെ പാഠഭാഗങ്ങള്‍ വിവാദമായതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്ക് കത്തയച്ച് സി.പി.ഐ. രാജ്യസഭ എം.പി ബിനോയ് വിശ്വമാണ് കോഴ്‌സ് വര്‍ഗീതയ വളര്‍ത്തുന്നതാണെന്നും അതുകൊണ്ട് പഠിപ്പിക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് വിദ്യാഭ്യാസമന്ത്രിക്ക് കത്തയച്ചത്.

മതതീവ്രവാദം എന്നാല്‍ ജിഹാദി തീവ്രവാദം മാത്രമാണെന്നുള്ള രീതിയിലാണ് തീവ്രവാദ വിരുദ്ധതയെക്കുറിച്ചുള്ള പുതിയ കോഴ്സ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇവ വളര്‍ത്തിയത് കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളായ സോവിയറ്റ് യൂണിയനും ചൈനയും മാത്രമാണെന്ന രീതിയിലുള്ള ഭാഗങ്ങളുണ്ട്.

ഇതേ കുറിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നിരവധി പേരാണ് വിമര്‍ശനമുന്നയിച്ചുകൊണ്ട് രംഗത്തുവന്നത്. പാതിനുണകളും തെറ്റായ വിവരങ്ങളും ഉപയോഗിച്ച് ഉന്നതവിദ്യാഭ്യാസരംഗത്തെ വര്‍ഗീയത വളര്‍ത്താനുള്ള ഇടങ്ങളായി മാറ്റുന്നത് ഏറെ നിര്‍ഭാഗ്യകരമാണെന്നാണ് ബിനോയ് വിശ്വം കത്തില്‍ പറഞ്ഞത്. ഒരു പ്രത്യയശാസ്ത്രം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ വര്‍ഗീയ താല്‍പര്യങ്ങള്‍ വേണ്ടി ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും ബിനോയ് വിശ്വം വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.

ആഗോള ഭീകരവാദത്തെ കുറിച്ചും ആ ഭീകരവാദത്തെ വിവിധ രാജ്യങ്ങളുടെ സര്‍ക്കാരുകള്‍ പിന്തുണച്ചെന്നും പറയുന്ന കോഴ്‌സിലെ ഭാഗങ്ങളില്‍ അവതരിപ്പിച്ചിട്ടുള്ളത് തികച്ചും അവിശ്വസനീയമായ കാര്യങ്ങളാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

‘ഭീകരാവദമെന്നാല്‍ ജിഹാദി ഭീകരവാദം മാത്രമാണെന്നും അവയെ പിന്തുണക്കുകയും തീവ്ര ഇസ്‌ലാമിക് രാജ്യങ്ങളെ വളര്‍ത്തുകയും ചെയ്ത സ്റ്റേറ്റ് സ്‌പോണ്‍സേഡ് തീവ്രവാദികളില്‍ പ്രധാനികള്‍ ചൈനയും റഷ്യയുമാണെന്നുമുള്ള വാദങ്ങള്‍ ചരിത്രപരമായി തെറ്റാണെന്ന് മാത്രമല്ല, കൃത്യമായി മുന്‍വിധികളോടെ തയ്യാറാക്കിയതും രാഷ്ട്രീയപ്രേരിതവുമാണ്,’ ബിനോയ് വിശ്വം പറഞ്ഞു.

ആഗസ്റ്റ് 17ന് ചേര്‍ന്ന സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ യോഗത്തിലായിരുന്നു കോഴ്സിന് അംഗീകാരം നല്‍കിയത്. കോഴ്സിലെ ‘മൗലികവാദവും മതഭീകരവാദവും അതിന്റെ ആഘാതങ്ങളും’ എന്ന ഭാഗത്ത് ജിഹാദി തീവ്രവാദത്തെ കുറിച്ച് മാത്രമാണ് ഭീകരവാദമായി അവതരിപ്പിക്കുന്നത് എന്നതാണ് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്.

’21ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ മതമൗലികവാദത്തെ അടിസ്ഥാനമാക്കി വളര്‍ന്നുവന്ന ഭീകരവാദം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഖുറാനെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടായിരുന്നു ഈ ഭീകരവാദം വളര്‍ന്നത്. ഇത് ഭീകരപ്രവര്‍ത്തനങ്ങളിലൂടെ നടക്കുന്ന മരണങ്ങളെ മഹത്വവത്കരിക്കുന്ന ജിഹാദിസ്റ്റ് അക്രമങ്ങളുടെ വളര്‍ച്ചക്കും വഴിവെച്ചു,’ എന്നാണ് ഈ ഭാഗത്ത് പറയുന്നത്.

റാഡിക്കല്‍ ഇസ്‌ലാമിക് മതപുരോഹിതന്മാര്‍ സൈബര്‍ ഇടങ്ങള്‍ ദുരുപയോഗം ചെയ്തത് ലോകമെമ്പാടും ജിഹാദി തീവ്രവാദ ആശയങ്ങള്‍ വ്യാപിക്കുന്നതിന് കാരണമായെന്നും കോഴ്സിന്റെ പാഠഭാഗങ്ങളില്‍ പറയുന്നുണ്ട്.

കോഴ്സിലെ ‘സ്റ്റേറ്റ് സ്പോണ്‍സേര്‍ഡ് ഭീകരവാദം: സ്വാധീനവും ആഘാതവും’ എന്ന ഭാഗത്ത് ചൈനയെയും റഷ്യയെയും മാത്രം പരാമര്‍ശിക്കുന്നത്. കമ്യൂണിസ്റ്റ് ഭരണകൂടങ്ങളായ സോവിയറ്റ് യൂണിയന്റെയും ചൈനയുടെയും ഭീകരവാദമാണ് തീവ്ര ഇസ്‌ലാമിക് രാജ്യങ്ങളെ സ്വാധീനിച്ചിട്ടുള്ള പ്രബലമായ സ്റ്റേറ്റ് സ്പോണ്‍സേര്‍ഡ് ഭീകരവാദമെന്നാണ് ഈ ഭാഗത്ത് പറയുന്നത്. ഇതും വിമര്‍ശനത്തിന് വഴിവെക്കുന്നുണ്ട്.

പാഠഭാഗത്തിലെ ഭാഗങ്ങള്‍ക്കെതിരെയുള്ള ഈ വിമര്‍ശനങ്ങളോടൊപ്പം, ചര്‍ച്ചകളൊന്നും കൂടാതെയാണ് കോഴ്‌സിന് അംഗീകാരം നല്‍കിയതെന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്.

ആഗസ്റ്റ് 17ന് നടന്ന യോഗത്തില്‍ കോഴ്സ് സംബന്ധിച്ച് യാതൊരു വിധ ചര്‍ച്ചകളും നടത്താന്‍ അനുവദിച്ചില്ലെന്ന് ജെ.എന്‍.യു അധ്യാപക സംഘടന പരാതിപ്പെട്ടിരുന്നു. കോഴ്സ് രൂപീകരണത്തില്‍ താന്‍ ഭാഗമായിരുന്നില്ലെന്ന് ജെ.എന്‍.യുവിന്റെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ഡീന്‍ ആയ അശ്വിനി മൊഹപത്രയും അറിയിച്ചിരുന്നു.

അതേസമയം, ജെ.എന്‍.യുവിന്റെ സെന്റര്‍ ഫോര്‍ കനേഡിയന്‍, യു.എസ് ആന്‍ഡ് ലാറ്റിന്‍ അമേരിക്കന്‍ സ്റ്റഡീസ് ചെയര്‍പേഴ്സണ്‍ അരവിന്ദ് കുമാര്‍, താനാണ് കോഴ്സ് രൂപകല്‍പന ചെയ്തതെന്ന് ഇന്ത്യന്‍ എക്സ്പ്രസിനോട് സ്ഥിരീകരിച്ചു.

എന്തുകൊണ്ടാണ് ഒരു മതത്തെ മാത്രം മതഭീകരവാദത്തിന്റെ ഭാഗത്ത് പരാമര്‍ശിച്ചത് എന്ന ചോദ്യത്തിന്, ”ഇസ്‌ലാമിക് ഭീകരവാദം എന്നത് ലോകം തിരിച്ചറിഞ്ഞ വസ്തുതയാണ്. താലിബാന്‍ മുന്നേറ്റങ്ങള്‍ക്ക് ശേഷം ഇതിന് ആക്കം കൂടിയിട്ടുണ്ട്,” എന്നായിരുന്നു കുമാര്‍ പ്രതികരിച്ചത്.
തന്റെ അറിവില്‍ ഇസ്‌ലാമല്ലാതെ മറ്റൊരു മതവും ഭീകരവാദപ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞതായി അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര ബന്ധങ്ങളില്‍ ബിരുദാനന്തരബിരുദം ചെയ്യുന്ന എഞ്ചിനീയറിംഗ് ബി.ടെക് ബിരുദധാരികള്‍ക്കുള്ള കോഴ്സാണ് വിവാദത്തിലായിരിക്കുന്നത്. സെപ്റ്റംബര്‍ 20നായിരിക്കും ഇവരുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: CPI against controversial Counter terrorism course at JNU, MP Binoy Viswam asks Education minister to intervene

We use cookies to give you the best possible experience. Learn more