| Monday, 18th July 2016, 1:01 pm

പിണറായിയുടെ നിയമോപദേഷ്ടാവായ എം.കെ ദാമോദരന്റെ ഇടപെടലുകളില്‍ സി.പി.ഐക്ക് അതൃപ്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ  നിയമോപദേഷ്ടാവ് എം.കെ.ദാമോദരന്റെ നിയമ ഇടപെടലുകളില്‍ സിപിഐയ്ക്ക് അതൃപ്തി.

സര്‍ക്കാരിന്റെ എതിര്‍കക്ഷികള്‍ക്കുവേണ്ടി  എം.കെ.ദാമോദരന്‍ ഹാജരാകരുതെന്ന് സി.പി.ഐയുടെ നിലപാട്. സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ നിയമോപദേശ പദവി ദാമോദരന്‍ സ്വയം ഒഴിയണമെന്ന ആവശ്യവും ഇതിനിടെ ശക്തമാകുന്നുണ്ട്.

വിഷയം നാളെ നടക്കുന്ന ഇടതുമുന്നണി യോഗത്തില്‍ ഉന്നയിക്കും. ദാമോദരനെ മാറ്റണമെന്നു സി.പി.ഐയുടെ വിദ്യാര്‍ഥി സംഘടന എ.ഐ.എസ്.എഫ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

പ്രഗത്ഭനായ ക്രിമിനല്‍ അഭിഭാഷകന്‍ എന്ന നിലയില്‍ സര്‍ക്കാരിനെതിരെ ധാരാളം കേസുകളില്‍ വക്കാലത്തേറ്റെടുത്ത എം കെ ദാമോദരനെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ തസ്തിക നിശ്ചയിച്ച് സര്‍ക്കാരിന്റെ ഭാഗമാക്കി ഉത്തരവു നല്‍കിയതും വീണ്ടുവിചാരമില്ലാത്ത നടപടിയായിപ്പോയി എന്നു വാദിക്കുന്നവരുമുണ്ട്. ലാവലിന്‍ കേസിന്റെ അപ്പീലിലും അദ്ദേഹം സര്‍ക്കാരിന്റെ എതിര്‍പക്ഷത്താണ.്

ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ സര്‍ക്കാര്‍ ചെയ്യുന്ന നല്ലപ്രവര്‍ത്തനങ്ങള്‍ പോലും സംശയത്തിന്റെ കരിനിഴലിലാകുമെന്നാണ് ഇപ്പോള്‍ സി.പി.ഐ കരുതുന്നത്.

ലോട്ടറി രാജാവായ സാന്റിയാഗോ മാര്‍ട്ടിനു വേണ്ടിയും കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിയാരോപണത്തില്‍ വിജിലന്‍സ് കേസ് നേരിടുന്ന ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന് വേണ്ടിയും ക്വാറി ഉടമകള്‍ക്കുവേണ്ടിയും ദാമോദരന്‍ കോടതിയില്‍ ഹാജരായിരുന്നു.

ഇതില്‍ സാന്റിയാഗോ മാര്‍ട്ടിന്റെ കേസ് ഒഴികെ മറ്റുകേസുകളില്‍ സര്‍ക്കാര്‍ കക്ഷിയാണ്.

We use cookies to give you the best possible experience. Learn more