ബീജിങ്: ദേശീയ പുനരേകീകരണമെന്ന ലക്ഷ്യത്തില്‍ നിന്ന് ചൈന പിന്നോട്ടില്ലെന്ന് പ്രസിഡന്റ് ഷി ജിന്‍പിങ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ 20ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
‘തായ്വാനുമായി സാമ്പത്തികവും സാംസ്‌കാരികവുമായ കൈമാറ്റങ്ങളും സഹകരണവും പ്രോത്സാഹിപ്പിക്കുന്നത് തുടരും. ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തായ്‌വാന്‍ കടലിടുക്കിന്റെ ഇരുവശത്തുമുള്ള ആളുകളെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കും. പുറത്തുനിന്നുള്ളവരുടെ ഇടപെടലുകള്‍ ഇക്കാര്യത്തില്‍ അംഗീകരിക്കാനാകില്ല. പുനര്‍ ഐക്യത്തിനായി ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളും. ഇതിനായി ബലപ്രയോഗം നടത്തില്ലെന്ന് ഉറപ്പ് നല്‍കാനാകില്ല.
ആവശ്യമായ നടപടികള്‍ ഉചിതമായ സമയത്ത് ഉപയോഗിക്കാനായി ഞങ്ങള്‍ കരുതിവെച്ചിരിക്കുകയാണ്. അത് ബാഹ്യശക്തികള്‍ക്ക് എതിരെയും ‘സ്വതന്ത്ര തായ്‌വാന്‍’ എന്ന സ്വപ്‌നം കാണുന്ന ചുരുക്കം ചില വിഘടനവാദികള്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും എതിരെയാണ്. ഇത് ഒരിക്കലും തായ്‌വാന്‍ ജനതക്ക് എതിരെയല്ല,’ ഷി വ്യക്തമാക്കി.
ചൈനയുടെ പുനരേകീകരണത്തിലേക്കും ചൈനയുടെ പുനരുജ്ജീവനത്തിലേക്കും ചരിത്രത്തിന്റെ ചക്രങ്ങള്‍ ഉരുളുകയാണെന്ന് ഷി പറഞ്ഞു. ‘നമ്മുടെ രാജ്യത്തിന്റെ സമ്പൂര്‍ണ പുനരേകീകരണം സാക്ഷാത്കരിക്കപ്പെടണം, സംശയമില്ലാതെ അത് സാക്ഷാത്കരിക്കാനാകും’ ഷി കൂട്ടിച്ചേര്‍ത്തു.
അതേസമയം, പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ നേരിടാനും ചൈനയെ ആധുനിക സോഷ്യലിസ്റ്റ് രാഷ്ട്രമാക്കാനും ലക്ഷ്യമിട്ടുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം കോണ്‍ഗ്രസിന് ബീജിങ്ങില്‍ ഞായറാഴ്ച തുടക്കമായി.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നൂറ് വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷമുള്ള ആദ്യ പാര്‍ട്ടി കോണ്‍ഗ്രസാണിത്. 9.6 കോടി പാര്‍ട്ടി അംഗങ്ങളെ പ്രതിനിധാനം ചെയ്ത് 2,926 പേരാണ് സമ്മേളനത്തില്‍ പ്രതിനിധികളായി പങ്കെടുക്കുന്നത്.
‘ചൈനീസ് സ്വഭാവസവിശേഷതകളോട് കൂടിയ സോഷ്യലിസ്റ്റ് രാഷ്ട്രീയ മുന്നേറ്റത്തിന്റെ പാതയില്‍ ഞങ്ങള്‍ ഉറച്ചുനിന്നു. ജനകീയ ജനാധിപത്യത്തെ സമഗ്രമായി വികസിപ്പിച്ചെടുക്കുകയും നമ്മുടെ സോഷ്യലിസ്റ്റ് ജനാധിപത്യത്തിന്റെ സ്ഥാപനങ്ങള്‍, മാനദണ്ഡങ്ങള്‍, നടപടിക്രമങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതില്‍ ഞങ്ങള്‍ എല്ലായിടത്തും പുരോഗതി കൈവരിക്കുകയും ചെയ്തു. നിയമാധിഷ്ഠിത ഭരണത്തിന് സമഗ്രമായ ഒരു ചട്ടക്കൂട് രൂപപ്പെട്ടിരിക്കുന്നു’ എന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഷി ജിന്‍ പിങ് പറഞ്ഞത്.