| Sunday, 11th February 2018, 10:38 pm

'പു..മ..താ ആണ് ക-ന്റെയും മ-ന്റെയും ആ...'; ആമിയുടെ റിവ്യൂ റിമൂവ് ചെയ്യുന്നതിനെതിരെ 'കത്രികവെച്ച റിവ്യൂ'വുമായി സിനിമാ പാരഡീസോ ക്ലബ്ബ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: “ആമി”യുടെ നെഗറ്റീവ് റിവ്യൂകള്‍ ഷെയര്‍ ചെയ്യുന്നവരുടെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതായി കഴിഞ്ഞ ദിവസം മുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. നെഗററ്റീവ് റിവ്യൂകള്‍ “റീല്‍ ആന്‍ഡ് റിയല്‍” സിനിമയുടെ ആവശ്യപ്രകാരമാണ് ഫെയ്സ്ബുക്കില്‍നിന്ന് നീക്കം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ റിവ്യൂകള്‍ റിമൂവ് ചെയ്യുന്നതിനെതിരെ പ്രതിഷേധവുമായി ഫെയ്‌സ്ബുക്കിലെ സിനിമാക്കൂട്ടായ്മയായ സിനിമാ പാരഡീസോ ക്ലബ്ബും രംഗത്തെത്തിയിരിക്കുകയാണ്.

മുകേഷ് കുമാര്‍ എന്നയാളുടെ റിവ്യു ഷെയര്‍ ചെയ്തു കൊണ്ടാണ് സി.പി.സി പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പേരിലേയും സംവിധായകന്റേയും നായികയുടേയും മറ്റ് വ്യക്തികളുടേയും മറ്റും പേരിന്റെ ആദ്യാക്ഷരം മാത്രമുപയോഗിച്ചാണ് സി.പി.സിയുടെ റിവ്യൂ. ആ.. ക്ക് നിരൂപണം എഴുതിയതിന്റെ പേരില്‍ നടപടി നേരിടുന്നവര്‍ക്കെല്ലാം സിപിസിയുടെ പിന്തുണയെന്നും പറയുന്നു.

അഭിപ്രായങ്ങളോടുള്ള അസഹിഷ്ണുതയാല്‍ സിപിസി മെമ്പേഴ്സ് ഉള്‍പ്പെടെ നിരവധി ഫേസ്ബുക്ക് പ്രൊഫൈലുകളാണ് സിനിമയുടെ അണിയറക്കാര്‍ വഴി ബ്ലോക്ക് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്.എതിര്‍ സ്വരങ്ങളെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്നതൊക്കെയും ഫാസിസമാണെന്ന് അടുത്തിടെയും പറയേണ്ടി വന്ന ഒരു സംവിധായകന്റെ സിനിമയില്‍ തന്നെ അത് കാണേണ്ടി വരുന്നത് തീര്‍ത്തും വിരോധാഭാസവുമാണെന്നും റിവ്യൂവില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഉച്ചമുതലാണ് നെഗറ്റീവ് റിവ്യൂകള്‍ സോഷ്യല്‍മീഡിയയില്‍ നിന്നു നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. സംവിധായകന്‍ വിനോദ് മങ്കര തന്റെ ഫെയ്സ്ബുക്കില്‍ ഏഴുതിയ റിവ്യൂവാണ് ആദ്യം റിമൂവ് ചെയ്തത്. തുടര്‍ന്നാണ് കൂടുതല്‍ ഫെയ്സ്ബുക്ക് പ്രൊഫൈലുകളില്‍ നിന്ന് റിവ്യൂകള്‍ നീക്കം ചെയ്തതായുള്ള പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

നേരത്തെ “ആമി”യുടെ നെഗറ്റീവ് റിവ്യൂകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് അപത്രക്ഷമാക്കുന്നതില്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്ന് കമല്‍ നേരത്തെ പ്രതികരിച്ചിരുന്നു. ആമിയുടെ നിര്‍മാതാവിന് സിനിമയുടെ നെഗറ്റീവ് റിവ്യൂവിനെതിരെ പരാതിപ്പെടാന്‍ അവകാശമുണ്ട്. നിര്‍മാതാവിനെ സംബന്ധിച്ച് ഇത് കലാസൃഷ്ടിയില്ല, മറിച്ച് ഉത്പന്നമാണ്. അതു വില്‍ക്കാനാണ് അയാള്‍ ശ്രമിക്കുന്നത്. സിനിമ റിലീസ് ചെയ്ത കഴിഞ്ഞാല്‍ അതില്‍ സംവിധായകനു പോലും അവകാശമില്ല. പൂര്‍ണ്ണമായി അത് നിര്‍മാതാവിന്റെ സ്വത്താണ്. “റീല്‍ ആന്‍ഡ് റിയല്‍” സിനിമ നെഗറ്റീവ് റിവ്യൂ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അതിനെതിരെ പറയാന്‍ എനിക്ക് അവകാശമില്ലെന്നുമായിരുന്നു കമല്‍ നല്‍കിയ വിശദീകരണം.

കമല്‍ സംവിധാനം ചെയ്ത് മഞ്ജു വാര്യര്‍ മാധവിക്കുട്ടിയായി അരങ്ങിലെത്തുന്ന ആമി കഴിഞ്ഞ ദിവസമാണ് തിയ്യറ്ററുകളിലെത്തിയത്. വിവാദങ്ങളും മാധവിക്കുട്ടിയെ ജീവിതം ആദ്യമായി സിനിമയാകുന്നു എന്നതും കാരണം ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം വരവേറ്റത്. ചിത്രത്തിന്റെ ചിത്രീകരണ സമയം മുതല്‍ വിവാദങ്ങളും കൂട്ടായിരുന്നു. ഇപ്പോഴിതാ റിലീസിന് ശേഷവും ചിത്രം വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആ…. – റിവ്യൂ

ഈ ആഴ്ച റിലീസായ ചിത്രങ്ങളില്‍ റിലീസിന് മുമ്പ് തന്നെ ചര്‍ച്ചകള്‍ക്ക് വഴി വച്ച സിനിമയായിരുന്നു ക. ലിന്റെ ആ… എഴുത്തുകാരി മാ-യുടെ ജീവിത കഥ എന്നതായിരുന്നു സിനിമയെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഉ, ഓ, തൂ, ശു, പൂ, മ തുടങ്ങി നിരവധി സിനിമകളുടെ സംവിധായകനായ ക ആണ് ഇതിന്റെയും സംവിധാനം.ഉ എന്ന ചിത്രത്തിന് ശേഷം മ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ കൂടിയാണ് ആ.

മാ-യുടെ സംഭവബഹുലമായ ജീവിതത്തോട് ചിത്രം നീതി പുലര്‍ത്തിയോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് പറയേണ്ടി വരും. മ-യുടെ ഛായാഗ്രഹണവും ശ്രീ-യുടെ എഡിറ്റിംഗുമാണ് സിനിമയെ പൂര്‍ണ്ണ നാടകമാവുന്നതില്‍ നിന്ന് രക്ഷപ്പെടുത്തുന്നത്. മ-യുടെ മേക്കപ്പ് പല രംഗങ്ങളിലും മുഴച്ചു നിന്നു. അ, മു, ടൊ തുടങ്ങിയവര്‍ തങ്ങളുടെ വേഷം മികവോടെ അവതരിപ്പിച്ചുവെങ്കിലും നാടക ശൈലിയിലുള്ള സംഭാഷണങ്ങള്‍ കല്ലുകടിയായി. സംവിധായകന്റെ കയ്യൊപ്പുള്ള രംഗങ്ങള്‍ വിരളമായത് ഒരു മികച്ച ബയോപിക് ആവുന്നതിന് തടസ്സമായി. ഇതിലും നല്ല സിനിമകള്‍ ക-ല്‍ നിന്നും ഉണ്ടാകട്ടെ എന്ന് മാത്രം ആശിക്കാം. മൊത്തത്തില്‍ പു..മ..താ ആണ് ക-ന്റെയും മ-ന്റെയും ആ…

വാല്‍ക്കഷ്ണം : അഭിപ്രായങ്ങളോടുള്ള അസഹിഷ്ണുതയാല്‍ സിപിസി മെമ്പേഴ്സ് ഉള്‍പ്പെടെ നിരവധി ഫേസ്ബുക്ക് പ്രൊഫൈലുകളാണ് സിനിമയുടെ അണിയറക്കാര്‍ വഴി ബ്ലോക്ക് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. എതിര്‍ സ്വരങ്ങളെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്നതൊക്കെയും ഫാസിസമാണെന്ന് അടുത്തിടെയും പറയേണ്ടി വന്ന ഒരു സംവിധായകന്റെ സിനിമയില്‍ തന്നെ അത് കാണേണ്ടി വരുന്നത് തീര്‍ത്തും വിരോധാഭാസവുമാണ്.

ഇനി ആ.. യുടെ പിന്നണിക്കാരോട് : ഈ പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന “ആ” യുടെ പകര്‍പ്പവകാശം #30daysoflettering ക്യാമ്പയിനിലെ കുമാരപുരം എന്ന ആര്ടിസ്റ്റിനാണ്.റീവ്യൂവിന്റെ പകര്‍പ്പവകാശം Mukesh Kumar നാണ്.

ആ.. ക്ക് നിരൂപണം എഴുതിയതിന്റെ പേരില്‍ നടപടി നേരിടുന്നവര്‍ക്കെല്ലാം സിപിസിയുടെ പിന്തുണ…

We use cookies to give you the best possible experience. Learn more