Advertisement
Daily News
ചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വ. ഉദയഭാനു ഏഴാം പ്രതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Oct 16, 07:32 am
Monday, 16th October 2017, 1:02 pm

 

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വ. സി.പി ഉദയഭാനു ഏഴാം പ്രതിയാകുമെന്ന് പൊലീസ്. റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറി. പ്രതികളും ഉദയഭാനുവും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങളും കൈമാറിയിട്ടുണ്ട്.

കൊലപാതകം നടന്ന ദിവസം ഒന്നാം പ്രതിയുമായി ഉദയഭാനു ഏഴു തവണ സംസാരിച്ചെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം മുന്‍കൂര്‍ നോട്ടീസ് നല്‍കി ഉദയഭാനുവിനെ ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതി പറഞ്ഞു.

രാജീവിന്റെ അങ്കമാലിയിലെ വീട്ടില്‍ ഉദയഭാനു പലതവണ വന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. കാണാതായ രാജീവ് അബോധാവസ്ഥയില്‍ വാടകവീട്ടിലുണ്ടെന്ന വിവരം ഉദയഭാനു പൊലീസിനെ ഫോണില്‍ വിളിച്ചു പറഞ്ഞത് റെക്കാഡ് ചെയ്തതും ഉദയഭാനുവിനെതിരായ തെളിവായി.


Also Read: കേരളത്തിലെ സി.പി.ഐ.എം പ്രവര്‍ത്തകരുടെ രോമത്തില്‍ പോലും മുറിവേല്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല; ബി.ജെ.പി നേതാവ് സരോജ് പാണ്ഡേക്ക് മറുപടിയുമായി കോടിയേരി


വസ്തു ഇടപാട് തുടങ്ങിയതു മുതല്‍ രാജീവും ഉദയഭാനുവും നല്ല സുഹൃത്തുക്കളായി മാറിയതിന്റെ തെളിവുകള്‍ പൊലീസിന് കിട്ടിയിരുന്നു. അങ്കമാലിയില്‍ രാജീവിന്റെ വീട്ടില്‍ ഉദയഭാനു നിത്യസന്ദര്‍ശകനുമായിരുന്നു. പിന്നീട് വസ്തു ഇടപാടുമായി ഉള്ള പ്രശ്‌നങ്ങളില്‍ രാജീവുമായി ഉദയഭാനു തെറ്റി.

കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രാജീവിനെ പ്രതികള്‍ തട്ടിക്കൊണ്ടു വന്നത് ഉദയഭാനുവിനും കൂടി വേണ്ടിയാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രതികളുടെ മൊഴിയിലും ഉദയഭാനുവിന്റെ പങ്കിനെ കുറിച്ച് പറയുന്നുണ്ട്.

നേരത്തെ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള നാല് പ്രതികളെയും ഇവരെ കൃത്യത്തിന് നിയോഗിച്ച ചക്കര ജോണി,രഞ്ജിത്ത് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.