കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ ഏഴാം പ്രതിയും പ്രമുഖ അഭിഭാഷകനുമായ സി.പി ഉദയഭാനു വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഹൈക്കോടതിയിലാണ് ഉദയഭാനു ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
നേരത്തെ ഉദയഭാനുവിന്റെ ജാമ്യാപേക്ഷ കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്ന പൊലീസിന്റെ വാദം കണക്കിലെടുത്ത് ഹൈക്കോടതി നിഷേധിച്ചിരുന്നു. എന്നാല്‍ ആദ്യത്തെ സാഹചര്യങ്ങളില്‍ മാറ്റമുണ്ടായെന്നും അതിനാല്‍ ഇനിയും കസ്റ്റഡി നീട്ടേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ ഹര്‍ജി നല്‍കിയിരിക്കുന്നത്.
“കൊലപാതകം ചെയ്തുവെന്ന് സംശയിക്കുന്ന ഒന്ന് മുതല്‍ നാല് വരെ പ്രതികളുമായി തനിക്ക് ഒരു ബന്ധവുമില്ല. ഒരിക്കല്‍ പോലും അവരെ നേരിട്ട് കണ്ടിട്ടില്ല. ഫോണിലും ബന്ധപ്പെട്ടിട്ടില്ല. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് തനിക്കെതിരെ ആരോപണങ്ങളില്ല.”
മുമ്പ് പല പ്രധാന കേസുകളിലും താന്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു. അന്നത്തെ പ്രതിഭാഗവുമായി ബന്ധപ്പെട്ട പ്രമുഖരാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് പിന്നിലെന്നും ഹര്‍ജിയില്‍ ആരാപിക്കുന്നു. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും.
2017 സെപ്തംബര്‍ 29 നാണ് നെടുമ്പാശേരി നായത്തോട് സ്വദേശി രാജീവിനെ ചാലക്കുടിയിലെ ഒരു വാടകവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസില്‍ ഉദയഭാനുവിനെ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി നവംബര്‍ ഒന്നിനാണ് അറസ്റ്റ് ചെയ്തത്.