സ്ത്രീ പ്രവേശനത്തോടെ വിശ്വാസികള്‍ എതിരായി;എല്‍.ഡി.എഫിനെ തള്ളി സി.പി സുഗതന്‍
D' Election 2019
സ്ത്രീ പ്രവേശനത്തോടെ വിശ്വാസികള്‍ എതിരായി;എല്‍.ഡി.എഫിനെ തള്ളി സി.പി സുഗതന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd June 2019, 11:32 am

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ തോല്‍വിക്ക് കാരണം ശബരിമല സ്ത്രീപ്രവേശനമെന്ന് നവോത്ഥാനസംരക്ഷണ സമിതി നേതാവും ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറിയുമായ സി.പി സുഗതന്‍.

‘എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ശബരിമല സ്ത്രീപ്രവേശനമാണ്. സ്ത്രീ പ്രവേശനത്തോടെ വിശ്വാസികള്‍ എതിരായി. ഇക്കാര്യം ഇടതുമുന്നണി തുറന്ന് സമ്മതിക്കണം. നവോത്ഥാന സമിതി സജീവമായിരുന്നെങ്കില്‍ പ്രകടനം മെച്ചപ്പെടുത്താമായിരുന്നെന്നും’ സുഗതന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ‘കേരളത്തെ ഭ്രാന്താലയമാക്കരുത്’ എന്ന മുദ്രാവാക്യമുയര്‍ത്തി ജനുവരി ഒന്ന് മുതല്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ ജോയന്റ് കണ്‍വീനര്‍ സി.പി സുഗതനായിരുന്നു.

എന്നാല്‍ വനിതാ മതില്‍ ശബരിമല യുവതീ പ്രവേശനത്തിന് വേണ്ടിയാണെങ്കില്‍ പിന്മാറുമെന്ന് സി.പി. സുഗതന്‍ അറിയിച്ചിരുന്നു. വനിതാ മതില്‍ യുവതീ പ്രവേശവുമായി ബന്ധപ്പെട്ടതല്ലെന്നാണ് കരുതുന്നത്. യുവതീപ്രവേശത്തെ താന്‍ അനുകൂലിക്കുന്നുമില്ല. സുപ്രീംകോടതിയില്‍ അന്തിമ തീരുമാനമാകും വരെ യുവതീപ്രവേശം പാടില്ലെന്നാണ് നിലപാടെന്നും സുഗതന്‍ പറഞ്ഞിരുന്നു.