വൈത്തിരി: മാവോയിസ്റ്റ് സി.പി ജലീല്‍ കൊല്ലപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന് സഹോദരന്‍ സി.പി റഷീദ്. മരിച്ചത് ജലീല്‍ തന്നെയാണെന്നും എന്നാല്‍ ഏറ്റുമുട്ടല്‍ നടന്നെന്ന പൊലീസ് വാദം വിശ്വാസയോഗ്യമല്ലെന്നുമാണ് റഷീദ് പറഞ്ഞത്.
അതേസമയം കൊല്ലപ്പെട്ടയാള്‍ സി.പി ജലീല്‍ തന്നെയാണെന്നും റഷീദ് സ്ഥിരീകരിച്ചു.
“റിസോര്‍ട്ടിന്റെ അകത്താണ് മരിച്ചു കിടക്കുന്നത്. തലയ്ക്ക് ഭീകരമായ പരുക്ക് കാണുന്നുണ്ട്. മുഖത്ത് മുറിവുണ്ട്. ഇയാളുടെ പക്കലില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തതായി ഇവര്‍ പറയുന്നില്ല. പിന്നെ എന്ത് ഏറ്റുമുട്ടലാണുണ്ടായത്.” സി.പി. റഷീദ് ഡൂള്‍ന്യൂസിനോടു പറഞ്ഞു.
സി.പി. ജലീലിനെ എവിടെ നിന്നോ പിടിച്ച് ഈ റിസോര്‍ട്ടിലെത്തിച്ച് വെടിവെച്ചുകൊന്നു എന്ന് സംശയിക്കാനാവുന്ന സാഹചര്യമാണ്. ഇന്നലെ രാത്രി തുടങ്ങി രാവിലെ വരെ വെടിവെച്ചു എന്ന പൊലീസ് വാദം ഒരിക്കലും വിശ്വാസയോഗ്യമായ കാര്യമല്ല. ഇത്രയും സമയം തുടര്‍ച്ചയായി വെടിവെപ്പു നടത്താന്‍ മാത്രമുള്ള ഉണ്ട തണ്ടര്‍ബോള്‍ട്ടിന്റെ പക്കല്‍ പോലുമുണ്ടാവില്ല. പിന്നെ മാവോയിസ്റ്റുകളുടെ പക്കല്‍ എങ്ങനെയുണ്ടാവാനാണെന്നും അദ്ദേഹം ചോദിച്ചു.
ജലീലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് സഹോദരനായ ജിഷാദ് പറഞ്ഞു. സാധാരണ ഒരാള്‍ക്ക് പരുക്കുപറ്റിയാല്‍ ആശുപത്രിയില്‍ കൊണ്ടുപോകുകയാണ് പതിവ്. എന്നാല്‍ ജലീലിന്റെ കാര്യത്തില്‍ അതുണ്ടായിട്ടില്ലെന്നും ജിഷാദ് പറഞ്ഞു.
വൈത്തിരിയില്‍ ദേശീയപാതയക്ക് സമീപം സ്ഥിതി ചെയ്യുന്ന ഉപവന്‍ എന്ന സ്വകാര്യ റിസോര്‍ട്ടിനകത്ത് നടന്ന വെടിവെയ്പ്പിലാണ് ജലീല്‍ കൊല്ലപ്പെട്ടത്.