| Wednesday, 18th November 2020, 3:46 pm

'സത്യം പലപ്പോഴും മറച്ചു വയ്ക്കാന്‍ അദ്ദേഹത്തിന് ഇഷ്ടമാണ്', തോമസ് ഐസക് ആര്‍ക്കോവേണ്ടി വിഡ്ഢി വേഷം കെട്ടിയാടുകയാണോയെന്ന് സി.പി. ജോണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കിഫ്ബി വിവാദത്തില്‍ ധനകാര്യവകുപ്പിനേയും സര്‍ക്കാരിനെ വിമര്‍ശിച്ച് സി.എം.പി ജനറല്‍ സെക്രട്ടറിയും സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്‍ അംഗവുമായ സി.പി. ജോണ്‍.

പ്ലാനിങ് വകുപ്പല്ല ധനകാര്യ വകുപ്പാണ് ഇപ്പോള്‍ വികസനമുണ്ടാക്കുന്നതെന്നും പദ്ധതികള്‍ നടപ്പാക്കുന്നതിനെ ഹൈജാക് ചെയ്തിരിക്കുകയാണ് ധനകാര്യ വകുപ്പെന്നും സി.പി. ജോണ്‍ പറഞ്ഞു. ഇതു തന്നെയാണ് മോദി പ്ലാനിങ് കമ്മിഷന്‍ പിരിച്ചു വിട്ടുകൊണ്ട് കേന്ദ്രത്തിലും ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മലയാള മനോരമയോടായിരുന്നു സി.പി ജോണിന്റെ പ്രതികരണം.

ധനകാര്യ വകുപ്പിനും മന്ത്രിക്കും ഇഷ്ടമുള്ളവര്‍ക്ക് മാത്രം പണം നല്‍കുന്നതാണ് ഇവിടെ നടക്കുന്നത്. ഇടതു സര്‍ക്കാരിന് വികസന പ്ലാനിങ് എന്ന സങ്കല്‍പം ഇല്ലാതാകുന്നു. മണ്ഡല അടിസ്ഥാനത്തില്‍ എം.എല്‍.എമാര്‍ വന്നു ചോദിക്കുന്നു, പ്രപ്പോസ് ചെയ്യുന്നു, അവരത് ഡിപ്പാര്‍ട്‌മെന്റിന് കൊടുക്കുന്നു, ഡിപ്പാര്‍ട്‌മെന്റ് സെക്രട്ടറിമാര്‍ക്കു കൊടുക്കുന്നു, ധനമന്ത്രി കിഫ്ബിയുടെ അലോക്കേഷന്‍ നല്‍കുന്ന കുറെ പ്രോജക്ടുകള്‍ നടപ്പാക്കുന്നു ഇതാണ് ഇവിടെ നടക്കുന്നത്.

കിഫ്ബിയിലൂടെ സര്‍ക്കാര്‍ ‘പ്ലാനിങ്ങി’നെ ദുര്‍ബലപ്പെടുത്തിയിരിക്കുകയാണ്. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ‘പ്ലാനിങ് പ്രോസസി’ല്‍ നിന്ന് ‘പ്രോജക്ട് പ്രോസസി’ലേയ്ക്ക് മാറ്റിയിരിക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്. പ്രോജക്ട് പ്രോസസിലേക്കു മാറുകയെന്നത് അടിസ്ഥാനപരമായി ഇടതുപക്ഷ നിലപാടില്‍ നിന്നുള്ള വ്യതിയാനമാണ്.

ഒരു പ്ലാന്‍ ഉണ്ടാക്കുക എന്നത് വലിയ പ്രോസസാണ്. അതത് ഡിപ്പാര്‍ട്‌മെന്റുകള്‍ പ്ലാനിങ് ബോര്‍ഡില്‍ വന്ന് ചര്‍ച്ച ചെയ്ത്, മന്ത്രിയുമായി ചര്‍ച്ച ചെയ്ത് സെക്രട്ടറിമാരുമായി ചര്‍ച്ച ചെയ്ത് അത് മന്ത്രിസഭയില്‍ പോയി, നിയമസഭയില്‍ പോയാണ് പ്ലാനുകള്‍ നടപ്പാക്കുന്നത്.

ഇവിടെ വിവിധ സെക്ടറുകള്‍ക്ക്, കൃഷി, വ്യവസായം, വിദ്യാഭ്യാസം, എസ്.ഇ.എസ്.ടി എന്നിങ്ങനെ എത്ര ശതമാനം വീതം തുക മാറ്റിവയ്ക്കണം എന്നതിലൂടെയാണ് ഒരു സര്‍ക്കാരിന്റെ വികസനം സംബന്ധിച്ച രാഷ്ട്രീയ നിലപാട് വ്യക്തമാകുന്നത്. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് ധനകാര്യ വകുപ്പ് മറ്റ് വകുപ്പുകളോട് സംസാരിക്കുന്ന രീതിയാണെന്നും സി.പി ജോണ്‍ പറഞ്ഞു.

സര്‍ക്കാര്‍ ഇപ്പോള്‍ കൊട്ടിഘോഷിക്കുന്ന പദ്ധതികള്‍ വെറും 560 മാത്രമാണ് എന്ന് മനസിലാക്കണം കിഫ്ബി കടം വാങ്ങിയ പണം ആര് തിരികെ നല്‍കും എന്ന ചോദ്യത്തിന് മന്ത്രി തോമസ് ഐസക് വ്യക്തമായി ഉത്തരം നല്‍കുന്നില്ലെന്നും സി.പി ജോണ്‍ പറഞ്ഞു.

സത്യം പലപ്പോഴും മറച്ചു വയ്ക്കാന്‍ അദ്ദേഹത്തിന് ഇഷ്ടമാണ്. ഒരു ധനമന്ത്രി ലഘുലേഖക്കാരന്റെ കൗശലം കാണിക്കരുത്. കാര്യങ്ങള്‍ തുറന്നു പറയണം. ദൗര്‍ഭാഗ്യവശാല്‍ ഇന്ന് ധനശാസ്ത്രത്തില്‍ സാമാന്യത്തിലധികം അറിവുള്ള തോമസ് ഐസക് ആര്‍ക്കോവേണ്ടി വിഡ്ഢിവേഷം കെട്ടിയാടുകയാണോയെന്നും സി.പി. ജോണ്‍ ചോദിക്കുന്നു.

സര്‍ക്കാരില്‍ നിന്നല്ലാതെ കിഫ്ബിക്ക് വേറെ വരുമാനമില്ല. അതായത് കടം വാങ്ങുന്ന തുക സര്‍ക്കാര്‍ തിരിച്ചടയ്ക്കണം. കടവും നികുതി വരുമാനവും മാത്രമാണ് കിഫ്ബിക്ക് വരുമാനം. അതുകൊണ്ടു തന്നെ കടം വാങ്ങുന്ന തുക സര്‍ക്കാര്‍ തിരിച്ചടയ്ക്കണമെന്നും സി.പി ജോണ്‍ ചൂണ്ടിക്കാട്ടി.

മോട്ടോര്‍ വാഹന നികുതിയില്‍ നിന്ന് കിട്ടുന്നത് വര്‍ഷാവര്‍ഷം നല്‍കി തീര്‍ക്കാമെന്നാണ് പറയുന്നത്. ഇതു നികുതി തന്നെയാണ്. കൂടുതല്‍ പണത്തിനാണ് കിഫ്ബി മസാല ബോണ്ടിലേയ്ക്ക് പോയത്. പക്ഷേ നാഷനല്‍ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യ പണം എടുത്തത് കേന്ദ്ര സര്‍ക്കാരിന്റെ ഗാരന്റി വച്ചാണ്. കേന്ദ്ര സര്‍ക്കാരിന്റെ അധികാരങ്ങള്‍ ഉപയോഗിച്ചാണ്. ഭരണഘടന 292ാം വകുപ്പ് അധികാരം നല്‍കുന്നുണ്ട്. എന്നാല്‍ ഭരണഘടനയുടെ 293ാം വകുപ്പ് വിദേശത്തു നിന്ന് സംസ്ഥാനങ്ങള്‍ കടമെടുക്കുന്നതിനെ തടയുന്നുമുണ്ട്. ഇതിനൊരു മാറ്റം വരണമെന്നാണ് ഇടതു മുന്നണി വാദിക്കുന്നതെങ്കില്‍ മനസിലാക്കാം.

കേന്ദ്രത്തിന്റെ അനുവാദത്തോടു കൂടി സംസ്ഥാനങ്ങള്‍ക്ക് വിദേശത്തു നിന്ന് കടം വാങ്ങാന്‍ കഴിയണമെന്നാണ് അഭിപ്രായം. പക്ഷെ തിരിച്ചടയ്ക്കുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ സ്‌പെഷ്യല്‍ പര്‍പസ് വെഹിക്കിള്‍ (എസ്പിവി) വേണം. അതായത് കൊച്ചി മെട്രോയെ പോലെ, സിയാല്‍ കൊച്ചി വിമാനത്താവളം അതിലും നല്ല മാതൃകയാണ്. സിയാല്‍ സ്ഥിരമായി സര്‍ക്കാരിന് ലാഭവിഹിതം അടയ്ക്കുകയാണ്.

സര്‍ക്കാര്‍ പണം തിരിച്ചടയ്ക്കുമ്പോള്‍ ഓഡിറ്റ് നിര്‍ബന്ധമാണ്. അത് സി.എ.ജിയുടെ സമ്പൂര്‍ണ ഓഡിറ്റായാല്‍ കിഫ്ബിയില്‍ നിക്ഷേപിക്കുന്നവരുടെ ആത്മവിശ്വാസം (ഇന്‍വെസ്റ്റര്‍ കോണ്‍ഫിഡന്‍സ്) വര്‍ധിക്കുകയാണ് ചെയ്യുക. മറിച്ച് സംഭവിക്കും എന്നു കരുതുന്ന കേരള സര്‍ക്കാര്‍ സമീപനം കാണുമ്പോള്‍ കിഫ്ബിയില്‍ എന്തോ ചീഞ്ഞ് നാറുന്നുണ്ട് എന്ന് ‌സംശയിച്ചവരെ വിമര്‍ശിക്കാനാവില്ലെന്നും സി.പി ജോണ്‍ പറഞ്ഞു.

കിഫ്ബി കമ്പനി ആയതുകൊണ്ട് നല്ലതും അതോറിട്ടിയായതുകൊണ്ട് മോശവും ആവില്ല. പക്ഷെ സി.എ.ജി ഉയര്‍ത്തുന്ന പ്രസക്തമായ ചോദ്യങ്ങള്‍ക്ക് സമയാസമയം മറുപടി നല്‍കണം. അവസാന റിപ്പോര്‍ട്ടിനെ കരട് റിപ്പോര്‍ടായി തെറ്റിദ്ധരിക്കുന്ന ഡോ.തോമസ് ഐസക്കിന് എന്തു പറ്റി എന്നു മാത്രമേ തല്‍ക്കാലം ചോദിക്കുന്നുള്ളൂവെന്നും സി.പി ജോണ്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CP John On KIIFB Controversy

We use cookies to give you the best possible experience. Learn more