കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സംവരണനീക്കത്തെ ശക്തമായി വിമര്‍ശിച്ച് സി.എം.പി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍. അംബേദ്കര്‍ കൊണ്ടുവന്ന സംവരണതത്വങ്ങള്‍ അട്ടിമറിക്കപ്പെടരുതെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.
“സംവരണമെന്ന സങ്കല്‍പ്പം ഭരണഘടനയില്‍ കൊണ്ടുവന്നിരിക്കുന്നത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ ഉന്നമനത്തിന് വേണ്ടിയല്ല എന്നതാണ് യാഥാര്‍ത്ഥ്യം. നമ്മുടെ നാട്ടിലെ അധികാരശ്രേണിയില്‍ പിന്നാക്ക ജാതിയില്‍പ്പെട്ടവരാരും തന്നെ ഒരു കാലഘട്ടത്തില്‍ ഉണ്ടായിരുന്നില്ല. ബ്രാഹ്മണമേധാവിത്വത്തിന്റെയും സവര്‍ണമേധാവിത്വത്തിന്റേയും കീഴിലായിരുന്നു ഭരണകൂടം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. മാത്രമല്ല വലിയൊരു ശതമാനം ആളുകള്‍ അസ്പര്‍ശ്യരായിട്ടാണ് അന്നത്തെ ആളുകള്‍ കണക്കാക്കിയിരുന്നത്.”
ഈ അസ്പര്‍ശ്യരായിട്ടുള്ളവരെയും പിന്നാക്കം നില്‍ക്കുന്നവരെയും ഭരണകൂട നടത്തിപ്പിന്റെ ഭാഗമാക്കുക എന്നതാണ് പിന്നാക്ക ജാതിക്കാര്‍ക്കുള്ള സംവരണത്തിന്റെ തത്വമെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.
“ഭരണകൂടനിര്‍മ്മിതിയില്‍ പിന്നാക്കവിഭാഗക്കാരുടെ പ്രാതിനിധ്യക്കുറവ് നികത്തുക എന്നതാണ് സംവരണത്തിന്റെ ലക്ഷ്യം. ഈ നയത്തെയാണ് ഞാന്‍ അംഗീകരിക്കുന്നത്.”
അതേസമയം മുന്നാക്കവിഭാഗത്തിലുള്ളവര്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുകയാണെന്ന വസ്തുതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“സര്‍ക്കാര്‍ ജോലി കിട്ടാതെ ബുദ്ധിമുട്ടുന്ന വളരെ പാവപ്പെട്ട ആളുകള്‍ മുന്നാക്കാരിലുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. അവര്‍ക്ക് പരിഗണന വേണം എന്നതിനോട് യോജിക്കുന്നുണ്ടെങ്കില്‍ പോലും അവരുള്‍പ്പെടുന്ന സമുദായത്തിന്റെ പ്രാതിനിധ്യക്കുറവുണ്ടോ എന്ന് പരിശോധിച്ച് മാത്രമെ ഇത്തരം നടപടികളെടുക്കാവൂ എന്നാണ് എന്റെ അഭിപ്രായം.” സി.പി ജോണ്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
അവര്‍ക്ക് ഒരു ആനുകൂല്യം എന്ന രീതിയിലാണ് സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്നവര്‍ സംസാരിക്കുന്നത്. ഇവിടെ ആനുകൂല്യത്തിന്റെയും പ്രാതിനിധ്യത്തിന്റെയും പ്രശ്‌നങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടുന്നത്.
സംവരണം പ്രാതിനിധ്യത്തിന് വേണ്ടിയാണോ അതോ ആനുകൂല്യത്തിന് വേണ്ടിയാണോ എന്ന് ചോദിച്ചാല്‍ അത് പ്രാതിനിധ്യത്തിന് വേണ്ടിയാണ് എന്നാണ് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.
“സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഐക്യജനാധിപത്യ സര്‍ക്കാര്‍ ചെയ്തത് പോലെ നല്ലതരത്തിലുള്ള സ്‌കോളര്‍ഷിപ്പ് കൊടുക്കുകയും അവരുടെ വിഭാഗത്തിലെ തന്നെ സംവരണക്കാര്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയുന്ന മത്സരപ്പരീക്ഷകളില്‍ അവരെ പങ്കാളികളാക്കാന്‍ വേണ്ടിയുള്ള ട്രെയിനിംഗ് സെന്ററുകള്‍ കൊടുക്കുന്നതിനും വേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം മാറ്റിവെക്കുന്നതിനോട് വിയോജിപ്പില്ല.”
ALSO READ: പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം
അതേസമയം ഇക്കാര്യത്തില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന് പ്രത്യേകിച്ച് സി.പി.ഐ.എമ്മിന് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു
അവര്‍ ഒരുഭാഗത്ത് പട്ടികജാതി സംഘടന കെട്ടിപ്പടുക്കുന്നുണ്ടെന്നും മറുഭാഗത്ത് ദേവസ്വം ബോര്‍ഡില്‍ എന്‍.എസ്.എസിനെ പ്രീണിപ്പിക്കാനെന്നവണ്ണം സാമ്പത്തിക സംവരണം ദേവസ്വം ബോര്‍ഡില്‍ ഏര്‍പ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
WATCH THIS VIDEO: